പ്രസവത്തിൽ മരിച്ച കുഞ്ഞിന് പിറകെ അമ്മയും മരിച്ചു; ആശുപത്രിയില്‍ സംഘര്‍ഷം
പാലക്കാട്ടെ തങ്കം ആശുപത്രിയില്‍ പ്രസവത്തില്‍ കുഞ്ഞ് മരിച്ചതിന് പിന്നാലെ അമ്മയും മരിച്ചു. തത്തമംഗലം സ്വദേശി ഐശ്വര്യയാണ് മരിച്ചത്. ആശുപത്രിയിൽ സംഘർഷാവസ്ഥ തുടരുകയാണ്.
ഇന്നലെ ഐശ്വര്യയുടെ കുഞ്ഞ് മരിച്ചത് ചികിത്സാപിഴവ് മൂലമാണെന്ന് ആരോപിച്ച് ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. ബന്ധുക്കളുടെ പരാതിയില്‍ പൊലീസ് കേസ് എടുത്തിരുന്നു. ഐശ്വര്യയുടെ മൃതദേഹം ഇൻക്വിസ്റ്റ് നടപടികൾക്കായി പാലക്കാട് ജില്ലാ ആശുപത്രിയിലേക്കു മാറ്റി. അവിടെനിന്ന് മൃതദേഹം തൃശൂർ മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോകുമെന്നാണ് വിവരം.
തുടര്‍ന്ന് കുട്ടിമരിച്ചത് ചികിത്സാ പിഴവാണെന്ന് ആരോപിച്ച് യുവതിയുടെ ബന്ധുക്കള്‍ പാലക്കാട് ടൗണ്‍ സൗത്ത് പൊലീസ് പരാതി നല്‍കി. വെന്റിലേറ്ററിലായിരുന്ന യുവതി ഇന്ന് പത്തുമണിയോടെ മരിക്കുകയായിരുന്നു. തുടര്‍ന്ന് ബന്ധുക്കളും നാട്ടുകാരും ആശുപത്രിയില്‍ പ്രതിഷേധവുമായി രംഗത്തെത്തി. യുവതിയും കുഞ്ഞും മരിക്കാന്‍ കാരണക്കാരനായ ഡോക്ടറെ അറസ്റ്റ് ചെയ്യണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം. സ്ഥലത്ത് നിരവധി പൊലീസുകാരെ വിന്യസിച്ചിട്ടുണ്ട്. കൈയബദ്ധം പറ്റിയതായി ഡോക്ടര്‍ തന്നെ സമ്മതിച്ചിട്ടുണ്ടെന്നും ബന്ധുക്കള്‍ പറയുന്നു.
യുവതിയുടെ ആരോഗ്യനില പരിഗണിച്ചു ആവശ്യമായ നടപടി സ്വീകരിക്കണമെന്നു ബന്ധുക്കൾ ആവശ്യപ്പെട്ടെങ്കിലും യഥാസമയം അതുണ്ടായില്ലെന്നാണു പരാതി. ഇന്നലെ പുലർച്ചെ യുവതിയെ പ്രസവത്തിനായി കൊണ്ടുപോയെങ്കിലും രണ്ടരയോടെ കുഞ്ഞു മരിച്ചെന്നാണു ഡോക്ടർമാർ അറിയിച്ചത്. ഇന്ന് ഐശ്വര്യയും മരിച്ചു
കുഞ്ഞിന്റെ മൃതദേഹം മറവുചെയ്തെങ്കിലും രേഖാമൂലം പൊലീസിനു പരാതി ലഭിച്ചതോടെ ആർഡിഒ നിയോഗിച്ച തഹസിൽദാരുടെ സാന്നിധ്യത്തിൽ മൃതദേഹം പുറത്തെടുത്തു പോസ്റ്റ്മോർട്ടം നടത്തി. പോസ്റ്റ്മോർട്ടം റിപ്പോർട്ടിന്റെ കൂടി അടിസ്ഥാനത്തിൽ തുടർനടപടി സ്വീകരിക്കുമെന്നു പൊലീസ് അറിയിച്ചു. തങ്ങളുടെ അനുമതിയില്ലാതെ യുവതിയുടെ ഗർഭപാത്രം നീക്കിയതായും ബന്ധുക്കൾ ആരോപിച്ചു.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക