കാശ്മീരിൽ പിടിയിലായ ‘ലഷ്‌കർ ഭീകരൻ’ ബി.ജെ.പിയുടെ ഐ. ടി സെൽ മേധാവി
ജമ്മു കാശ്മീരിൽ ഇന്ന് പിടിയിലായ ലഷ്‌കറെ ത്വയ്യിബ ഭീകരൻ ബി.ജെ.പിയുടെ സജീവ പ്രവർത്തകനായിരുന്നു എന്ന് തെളിഞ്ഞു. അമര്‍നാഥ് തീര്‍ഥാടകര്‍ക്ക് നേരെ ആക്രമണം നടത്താന്‍ പദ്ധതിയിട്ടതിനെ തുടര്‍ന്നാണ് ഇയാൾ പിടിയിലാകുന്നത്.
ജമ്മുവിലെ ബിജെപിയുടെ ന്യൂനപക്ഷ മോർച്ച സോഷ്യൽ മീഡിയ ഇൻ ചാർജ്ജ് കൂടിയായിരുന്നു അദ്ദേഹം. താലിബ് ഹുസൈൻ ഷായെയും, ഫൈസല്‍ അഹമ്മദ് ധര്‍ എന്ന കൂട്ടാളിയെയും ജമ്മുവിലെ റിയാസി മേഖലയിൽനിന്ന് ഗ്രാമവാസികൾ ഇന്ന് രാവിലെയാണ് പിടികൂടിയത്. ഇവരിൽ നിന്ന് രണ്ട് എ.കെ 47 റൈഫിളുകളും നിരവധി ഗ്രനേഡുകളും മറ്റ് ആയുധങ്ങളും വെടിക്കോപ്പുകളും കണ്ടെടുത്തു. ഒടുവിൽ ഇവരെ പൊലീസിന് കൈമാറി.
ഓണ്‍ലൈന്‍ വഴിയുള്ള അംഗത്വ ക്യാമ്പയിനാണ് ആളുകളുടെ പശ്ചാത്തലം പരിശോധിക്കാതെ സംഘടനയ്ക്കുള്ളില്‍ നുഴഞ്ഞ് കയറാന്‍ കാരണമാവുന്നതെന്നാണ് ബിജെപി നേതൃത്വത്തിന്റെ ന്യായീകരണം.
ഈ അറസ്റ്റോടെ പുതിയ പ്രശ്‌നം ഉയർന്നുവന്നിരിക്കുന്നുവെന്ന് പാർട്ടി വക്താവ് ആർ.എസ് പതാനിയ പറഞ്ഞു. “ഇതൊരു പുതിയ മാതൃകയാണെന്ന് ഞാൻ പറയും. ബി.ജെ.പിയിൽ പ്രവേശിക്കുക. അനുരഞ്ജനം നടത്തുക. ഉന്നത നേതൃത്വത്തെ കൊല്ലാനുള്ള ഗൂഢാലോചന പോലും ഇവർ നടത്തിയിരുന്നു” -അദ്ദേഹം പറഞ്ഞു.
“അതിർത്തിക്കപ്പുറത്ത്, ഭീകരത പടർത്താൻ ആഗ്രഹിക്കുന്നവരുണ്ട്. ഇപ്പോൾ ആർക്കും ഓൺലൈനിൽ ബി.ജെ.പിയിൽ അംഗമാകാം. ക്രിമിനൽ റെക്കോർഡോ മുൻകരുതലുകളോ പരിശോധിക്കാൻ സംവിധാനമില്ലാത്തതിനാൽ ഇത് ഒരു പോരായ്മയാണെന്ന് ഞാൻ പറയുന്നു” -അദ്ദേഹം കൂട്ടിച്ചേർത്തു.
മെയ് ഒമ്പതിന് ജമ്മു പ്രവിശ്യയിൽ പാർട്ടിയുടെ ഐ.ടി, സോഷ്യൽ മീഡിയ എന്നിവയുടെ ചുമതലയിൽ ബി.ജെ.പി ഷായെ നിയമിച്ചിരുന്നു. ജമ്മു കശ്മീർ അധ്യക്ഷൻ രവീന്ദ്ര റെയ്‌ന ഉൾപ്പെടെയുള്ള മുതിർന്ന ബി.ജെ.പി നേതാക്കൾക്കൊപ്പം ഷായുടെ നിരവധി ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്.
ജമ്മു കശ്മീരിലെ ലെഫ്റ്റനന്റ് ഗവർണറും പൊലീസ് മേധാവിയും പ്രതിയെ പിടികൂടിയതിന് റിയാസി ഗ്രാമവാസികൾക്ക് പാരിതോഷികം പ്രഖ്യാപിക്കുകയും അവരുടെ ധീരതയെ അഭിനന്ദിക്കുകയും ചെയ്തിരുന്നു.
ഉദയ്പൂർ കലാപത്തിന് കാരണക്കാരായവരും ബിജെപി ന്യൂനപക്ഷ മോർച്ച പ്രവർത്തകരാണെന്ന് കഴിഞ്ഞ ദിവസം വാർത്ത പുറത്ത് വന്നിരുന്നു. അതിന് പിറകെയാണ് ഇപ്പോൾ ലഷ്‌കറെ ത്വയ്യിബ ഭീകരനും ബിജെപി പ്രവർത്തകരാണെന്ന് തെളിഞ്ഞത്.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക