രാഹുൽ ഗാന്ധിയുടെ ഓഫിസ് ആക്രമിച്ച സംഭവം: എസ്.എഫ്.ഐ വയനാട് ജില്ല കമ്മിറ്റി പിരിച്ചുവിട്ടു
രാഹുൽ ഗാന്ധിയുടെ കൽപറ്റയിലെ എം.പി ഓഫിസ് തകർത്ത സംഭവത്തെ തുടർന്ന് എസ്.എഫ്.ഐ വയനാട് ജില്ല കമ്മിറ്റി പിരിച്ചുവിട്ടു. ജില്ല കമ്മിറ്റിയുടെ ചുമതല ഏഴംഗ അഡ്ഹോക് കമ്മിറ്റിക്ക് കൈമാറി. തൃശൂരിൽ ചേർന്ന എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറിയേറ്റിന്‍റേതാണ് തീരുമാനം.
ബഫർസോണ് വിഷയത്തിൽ വയനാട് എം.പിയായ രാഹുൽ ഗാന്ധി കാര്യക്ഷമമായ ഇടപെടൽ രാഹുൽഗാന്ധി നടത്തുന്നില്ലെന്ന് ആരോപിച്ചാണ് എസ്.എഫ്.ഐ പ്രവർത്തകർ, രാഹുൽ ഗാന്ധിയുടെ വയനാട്ടിലെ ഓഫീസിലേക്ക് മാർച്ച് നടത്തിയിരുന്നത്. സംഭവത്തിൽ എസ്.എഫ്.ഐ വയനാട് ജില്ല പ്രസിഡന്‍റ് ജോയൽ ജോസഫ്, സെക്രട്ടറി ജിഷ്ണു ഷാജി, മൂന്ന് വനിത പ്രവർത്തകർ എന്നിവരടക്കം 29 പേർ റിമാൻഡിലാണ്. എസ്.എഫ്.ഐ മാർച്ച് നടത്തിയതിനെ അന്ന് തന്നെ സിപിഐഎം സംസ്ഥാന കമ്മറ്റി തള്ളി പറഞ്ഞിരുന്നു. കുറ്റക്കാർക്കെതിരെ കർശന നിലപാട് സ്വീകരിക്കുകയും ചെയ്തു.
എസ്.എഫ്.ഐ പ്രവർത്തകർ രാഹുൽ ഗാന്ധിയുടെ ഓഫീസിലേക്ക നടത്തിയ മാർച്ച് അക്രമാസക്തമായിരുന്നു. കെട്ടിടത്തിന്റെ വശങ്ങളിലൂടെ പിടിച്ചുകയറിയ ജനൽ വഴിയടക്കം ഓഫിസിലേക്ക് തള്ളിക്കയറിയ പ്രവർത്തകർ ഓഫിസിലെ ജീവനക്കാരെ മർദ്ദിക്കുകയും ചെയ്തു.
എന്നാൽ ബഫർ സോണിനെ സംബന്ധിച്ചുള്ള സുപ്രീം കോടതിയുടെ ഉത്തരവുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന വിഷയം ഏറ്റെടുത്ത് സമരം സംഘടിപ്പിക്കാൻ സംസ്ഥാന കമ്മിറ്റി തീരുമാനിച്ചിട്ടില്ലെന്ന് എസ്.എഫ്.ഐ സംസ്ഥാന പ്രസിഡന്‍റ് കെ. അനുശ്രീ വ്യക്തമാക്കിയതും ആക്രമണത്തെ തള്ളിപ്പറഞ്ഞതും ജില്ല നേതൃത്വത്തിന് കനത്ത തിരിച്ചടിയായി.
സംഭവത്തെ തുടർന്ന് ശക്തമായ നടപടി സ്വീകരിക്കാൻ എസ്.എഫ്.ഐ സംസ്ഥാന കമ്മിറ്റിയോട് സി.പി.എം നിർദേശിച്ചിരുന്നു. ഇതുപ്രകാരം എസ്.എഫ്.ഐ വയനാട് ജില്ല കമ്മിറ്റി യോഗം ചേർന്നു. സി.പി.എം സംസ്ഥാന നേതൃത്വം പങ്കെടുത്ത യോഗത്തിൽ, ജില്ലയിലെ എസ്.എഫ്.ഐ നേതാക്കളിൽ നിന്ന് കാര്യങ്ങൾ ചോദിച്ചറിഞ്ഞ് റിപ്പോർട്ട് തയ്യാറാക്കി. എസ്.എഫ്.ഐ മാർച്ചിൽ പ്രവർത്തകരല്ലാത്ത സ്വതന്ത്ര സ്വഭാവമുള്ളവരും പങ്കെടുത്തെന്നും ഇതടക്കം പരിശോധിക്കുമെന്നും സംസ്ഥാന പ്രസിഡന്‍റ് അറിയിച്ചു.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുകm