രണ്ടാം തവണയും പീഡിപ്പിച്ച് ഗർഭിണിയാക്കി; ഗര്‍ഭഛിദ്രത്തിനുള്ള മരുന്ന് കഴിച്ച പത്താം ക്ലാസുകാരി മരിച്ചു

പീഡനത്തിനിരയായ പത്താം ക്ലാസുകാരി ഗര്‍ഭഛിദ്രത്തിനുള്ള മരുന്ന് കഴിച്ചതിന് പിന്നാലെ മരിച്ചു. തമിഴ്‌നാട് തിരുവണ്ണാമലയിലെ 15 വയസ്സുകാരിയാണ് വ്യാജ വൈദ്യന്‍ നല്‍കിയ മരുന്ന് കഴിച്ചതിന് പിന്നാലെ മരിച്ചത്. പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയതിന് തിരുവണ്ണാമല സ്വദേശി എസ്. മുരുകനെ(27)യും ഗര്‍ഭഛിദ്രത്തിന് സഹായം നല്‍കിയതിന് ഇയാളുടെ സുഹൃത്ത് പ്രഭുവിനെയും പോലീസ് അറസ്റ്റ് ചെയ്തു.

ഡ്രൈവറായി ജോലിചെയ്യുന്ന മുരുകനാണ് പത്താം ക്ലാസുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയത്. ഒരേ പ്രദേശത്ത് താമസിക്കുന്ന ഇരുവരും തമ്മില്‍ പരിചയമുണ്ടായിരുന്നു. ഈ പരിചയം മുതലെടുത്താണ് പ്രതി പല തവണ പെണ്‍കുട്ടിയെ പീഡിപ്പിച്ചതെന്നാണ് പോലീസിന്റെ കണ്ടെത്തല്‍.

ജെ.ഗാന്ധി എന്ന 65-കാരിയാണ് പെണ്‍കുട്ടിക്ക് മരുന്ന് നല്‍കിയതെന്നും ഇവര്‍ക്ക് മതിയായ യോഗ്യതകളില്ലെന്നും പോലീസ് പറഞ്ഞു. അസുഖബാധിതയായതിനാല്‍ ഇവരെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ലെന്നും ഡി.എസ്.പി. അണ്ണാദുരൈ പറഞ്ഞു.

ഒരു വര്‍ഷം മുമ്പ് പീഡനത്തെത്തുടര്‍ന്ന് പെണ്‍കുട്ടി ഗര്‍ഭിണിയായി. തുടര്‍ന്ന് രണ്ടാം മാസത്തില്‍ മുരുകന്‍ രഹസ്യമായി മരുന്ന് നല്‍കി ഗര്‍ഭഛിദ്രം നടത്തി. എന്നാല്‍, ഇതിനു ശേഷവും പ്രതി പെണ്‍കുട്ടിയെ പീഡിപ്പിക്കുന്നത് തുടര്‍ന്നു.

അടുത്തിടെ പത്താം ക്ലാസുകാരി രണ്ടാമതും ഗര്‍ഭിണിയായി. ഇത്തവണ നാലാം മാസത്തിലാണ് ഗര്‍ഭിണിയാണെന്ന വിവരം പ്രതി മനസിലാക്കിയത്. ഇതോടെയാണ് വീണ്ടും മരുന്ന് നല്‍കി ഗര്‍ഭം അലസിപ്പിക്കാനുള്ള നീക്കം നടത്തിയത്.

കഴിഞ്ഞ തിങ്കളാഴ്ചയാണ് സുഹൃത്തായ പ്രഭുവിന്റെ സഹായത്തോടെ മുരുകന്‍ പെണ്‍കുട്ടിയെ വ്യാജ വൈദ്യന്റെ അടുത്തെത്തിച്ചത്. ഇവിടെവെച്ച് 15-കാരിയെ ചികിത്സ നടത്തുന്ന വയോധിക പരിശോധിക്കുകയും ഗര്‍ഭഛിദ്രത്തിനുള്ള മരുന്ന് നല്‍കുകയും ചെയ്തു. തുടര്‍ന്ന് വീട്ടിലേക്ക് മടങ്ങുന്നതിനിടെ പെണ്‍കുട്ടി അബോധാവസ്ഥയിലാവുകയായിരുന്നു. ഉടന്‍തന്നെ പെണ്‍കുട്ടിയെ താണിപ്പാടി സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.

പെണ്‍കുട്ടി മരിച്ച വിവരം ലഭിച്ചതോടെയാണ് പോലീസ് അന്വേഷണം ആരംഭിച്ചത്. തുടര്‍ന്ന് പ്രതികളായ മുരുകനെയും പ്രഭുവിനെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു. പോക്‌സോ നിയമപ്രകാരം അടക്കമുള്ള കുറ്റങ്ങള്‍ ചുമത്തിയാണ് ഇവര്‍ക്കെതിരേ കേസെടുത്തിരിക്കുന്നത്.

പ്രതികളെ കോടതിയില്‍ ഹാജരാക്കി വെല്ലൂര്‍ സെന്‍ട്രല്‍ ജയിലില്‍ റിമാന്‍ഡ് ചെയ്തു. അമിതമായ അളവില്‍ മരുന്ന് ഉള്ളില്‍ച്ചെന്നതാണ് പെണ്‍കുട്ടിയുടെ മരണത്തിന് കാരണമായതെന്നും പോലീസ് പറഞ്ഞു.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share
error: Content is protected !!