ഗൾഫിലേക്ക് പോകുന്ന ഭാര്യയെ സഹായിക്കാൻ റദ്ദാക്കിയ വിമാന ടിക്കറ്റ് ഉപയോഗിച്ചു; ഭർത്താവ് അറസ്റ്റിലായി
ഭാര്യയെ യാത്രയിൽ സഹായിക്കാൻ റദ്ദാക്കിയ ടിക്കറ്റ് ഉപയോഗിച്ച ഭർത്താവ് അറസ്റ്റിലായി. തിരുവല്ല സ്വദേശി എം.കെ. ജോസഫിനെയാണ് സി.ഐ.എസ്.എഫുകാർ പിടികൂടിയത്.
ദോഹയിലേക്ക് പോകുന്നതിനായി ഖത്തർ എയർവേസ് വിമാനത്തിൽ ജോസഫും ഭാര്യയും ടിക്കറ്റെടുത്തിരുന്നു. എന്നാൽ, പിന്നീട് ജോസഫ് തന്റെ ടിക്കറ്റ് കാൻസൽ ചെയ്തു. യാത്ര ഭാര്യക്ക് മാത്രമാക്കി. ഭാര്യയെ യാത്രയാക്കാനായി വിമാനത്താവളത്തിലെത്തിയ ജോസഫ്, ഭാര്യയെ സഹായിക്കാനായി വിമാനത്താവള ടെർമിനലിലേക്ക് പ്രവേശിക്കാൻ റദ്ധാക്കിയ ടിക്കറ്റ് ഉപയോഗിക്കുകയായിരുന്നു.
ടെർമിനലിനകത്തേക്ക് പ്രവേശിക്കാൻ പ്രവേശന കവാടത്തിൽ ടിക്കറ്റും പാസ്പോർട്ടും കാണിക്കണം. സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥർ വിമാനത്തിൻ്റെ സമയവും തിയതിയും നോക്കി ഉറപ്പാക്കിയ ശേഷം മാത്രമേ അകത്തേക്ക് പ്രവേശിക്കാൻ അനുവദിക്കാറുള്ളൂ.
പ്രവേശന കവാടത്തിലെ പരിശോധന കംപ്യൂട്ടർ ഉപകരണങ്ങളുടെ സഹായത്തോടെ അല്ലാതെയാണ്. അതിനാൽ തന്നെ ടിക്കറ്റ് റദ്ധാക്കിയിട്ടുണ്ടോ എന്ന് സാധാരണ നിലയിൽ അറിയാൻ സാധിക്കില്ലെന്ന ധാരണയിലാണ് ജോസഫ് ഭാര്യയെ സഹായിക്കാനായി ടെർമിനലിനകത്തേക്ക് പ്രവേശിക്കാൻ റദ്ദാക്കിയ ടിക്കറ്റ് ഉപയോഗിച്ചത്. സംഭവത്തിൽ നെടുമ്പാശേരി പൊലീസ് കേസെടുത്തു.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക