എ.കെ.ജി സെൻ്ററിന് നേരെ ബോംബെറിഞ്ഞു

തിരുവനന്തപുരം: സി.പി.ഐ.എം സംസ്ഥാന കമ്മറ്റി ഓഫീസ് ആയി  എ.കെ.ജി സെന്ററിനു നേരെ ബോംബേറ്. രാത്രി 11.25 ന് ബൈക്കിലെത്തിയ രണ്ടംഗ സംഘമാണ് എ.കെ.ജി സെന്ററിനു നേരെ ബോംബെറിഞ്ഞത്. എൽ.ഡി.എഫ് കൺവീനർ ഇ.പി ജയരാജനടക്കമുള്ള മുതിർന്ന സിപിഎം നേതാക്കളെല്ലാം സംഭവ സ്ഥലത്തെത്തിയിട്ടുണ്ട്.

ഭീകരമായ ബോംബേറാണ് നടന്നതെന്നും കോൺഗ്രസ് ആക്രമണങ്ങളുടെ ബാക്കിപത്രമാണെന്നും സി.പി.എം നേതാവ് ഇ.പി ജയരാജൻ ആരോപിച്ചു. രണ്ട് സ്ഥലങ്ങളിൽ എറിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. അപകടകരമായ കളിയാണ് നടക്കുന്നതെന്ന് എ.വിജയരാഘവൻ പറഞ്ഞു.

എകെജി സെന്ററിനു സമീപം വൻ പൊലീസ് സന്നാഹം ഏർപ്പെടുത്തി. നഗരത്തിലെ വിവിധ റോഡുകളിൽ പൊലീസ് പരിശോധന ശക്തമാക്കിയിട്ടുണ്ട്.

മുന്നിലെ ഗേറ്റില്‍ പൊലീസുകാര്‍ ഉണ്ടായിരുന്നുവെന്ന് സിപിഐ എം ഓഫീസ് സെക്രട്ടറി ബിജു കണ്ടക്കൈ പറഞ്ഞു. കെ.പി.സി.സി ഓഫീസിനു നേരെ ആക്രമണമുണ്ടായതിനു പിന്നാലെ എ.കെ.ജി സെന്റർ അടക്കമുള്ള പ്രധാന പ്രധാന പാർട്ടി ഓഫീസുകൾക്ക് കർശന സുരക്ഷ ഏർപ്പെടുത്തിയിരുന്നു.

ബോംബേറിൽ പ്രതിഷേധിച്ച് ഡി.വൈ.എഫ.ഐ ജില്ലാ കമ്മറ്റി നഗരത്തിൽ പ്രതിഷേധ പ്രകടനം ആരംഭിച്ചു. പ്രതിഷേധപ്രകടനങ്ങൾ മാത്രമേ നടത്താവൂ എന്നും പാർട്ടി പ്രവർത്തകർ സംയമനം പാലിക്കണമെന്നും എൽഡിഎഫ് കൺവീനർ ആവശ്യപ്പെട്ടു. രാഹുൽ ഗാന്ധി നാളെ കേരളത്തിലെത്താനിരിക്കെയാണ് ആക്രമണം. സംഭവത്തെ തുടർന്ന് കണ്ണൂരിലും വയനാട്ടിലും ജാഗ്രത നിർദ്ദേശം നൽകി.

സംഭവമറിഞ്ഞ് സിറ്റി പൊലീസ് കമീഷണർ സ്പർജൻ കുമാറിന്‍റെ നേതൃത്വത്തിൽ വൻ പൊലീസ് സന്നാഹം സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. എ.കെ.ജി സെന്‍ററിനും മറ്റ് പാർട്ടി കേന്ദ്രങ്ങൾക്കും പൊലീസ് സുരക്ഷ ശക്തമാക്കി.

കോണ്ഗ്രസാണ് ആക്രമത്തിന് പിന്നിലെന്ന് സി.പി.എം നേതാക്കൾ ആരോപിച്ചു. എന്നാൽ ആക്രമണത്തിൽ പങ്കില്ലെന്ന് കെ.പി.സി.സി സെക്രട്ടറി പറഞ്ഞു.

 

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share
error: Content is protected !!