പ്രവാസിയുടെ കൊലപാതകം: എല്ലാ പ്രതികളെയും തിരിച്ചറിഞ്ഞു; സിദ്ദീഖ് അനുഭവിച്ചത് ക്രൂരമർദ്ദനം
കാസർകോട്ടെ പ്രവാസിയായ അബൂബക്കർ സിദ്ധീഖിനെ (31) ഗൾഫിൽ നിന്ന് വിളിച്ച് വരുത്തി തട്ടിക്കൊണ്ട് പോയി കൊലപ്പെടുത്തിയ സംഭവത്തിൽ എല്ലാ പ്രതികളെയും തിരിച്ചറിഞ്ഞുവെന്ന് കാസർകോട് ജില്ലാ പൊലീസ് മേധാവി വൈഭവ് സക്‌സേന അറിയിച്ചു.
ക്വട്ടേഷൻ സ്വീകരിച്ച പ്രതിയുടെ വീട്ടിൽ നിന്ന് നാലര ലക്ഷം രൂപ പിടിച്ചെടുത്തുവെന്നും അദ്ദേഹം വ്യക്തമാക്കി. രണ്ട് പ്രതികളുടെ അറസ്റ്റ് അധികം വൈകാതെ ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തലച്ചോറിന് ഏറ്റ ക്ഷതമാണ് മരണ കാരണം എന്ന് വ്യക്തമാക്കുന്ന പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത് വന്നു. അരയ്ക്ക് താഴെ നിരവധി തവണ മർദിച്ച പാടുകളുണ്ട്. കാൽ വെള്ളയിലും അടിച്ച പാടുകൾ കാണാം. നെഞ്ചിന് ചവിട്ടേറ്റു. പേശികൾ അടിയേറ്റ് ചതഞ്ഞ് വെള്ളം പോലെയായി. 5000 തവണയെങ്കിലും അടിയേറ്റാൽ മാത്രമേ ശരീരം ഈ രീതിയിലാവൂ എന്നും റിപ്പോർട്ടിൽ പറഞ്ഞു. അബൂബക്കർ സിദ്ധീഖിനെ പ്രതികൾ തലകീഴായി കെട്ടിത്തൂക്കി ക്രൂരമായി മർദിച്ചെന്നും സിദ്ധീഖ് മരണപ്പെട്ടതോടെയാണ് തന്നെ വിട്ടയച്ചതെന്നും സഹോദരൻ അൻവർ വെളിപ്പെടുത്തിയിരുന്നു.
ഇത്ര ഭീകരമായ അക്രമം മുൻപു കേട്ടിട്ടില്ലാത്തതാണെന്ന് പൊലീസ് പറയുന്നു. കാൽപാദത്തിലും പിൻഭാഗത്തുമേറ്റ അടിയുടെ കനത്ത ആഘാതം തലയിലേക്ക് എത്തിയുണ്ടായ ആഘാതമാണ് മരണ കാരണമെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ കരുതുന്നത്. 4 മണിക്കൂർ സമയമെടുത്താണ് പോസ്റ്റ്‌മോർട്ടം പൂർത്തിയാക്കിയത്.
പുത്തിഗെ മുഗു റോഡിലെ അബൂബക്കർ സിദ്ദീഖി(31)നെ കഴിഞ്ഞ ഞായറാഴ്ചയാണ് ക്വട്ടേഷൻ സംഘം തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയത്. കേസിൽ 5 പേർ പൊലീസ് കസ്റ്റഡിയിലുണ്ട്. ക്വട്ടേഷൻ ഏൽപിച്ച 2 പേരും ക്വട്ടേഷൻ സംഘത്തിലെ 8 പേരുമടക്കം മൊത്തം 10 പേർ കുറ്റകൃത്യത്തിൽ പങ്കാളികളായതായാണ് പൊലീസിന്റെ നിഗമനം. 3 വാഹനങ്ങളും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പ്രതികളിൽ ചിലർ കർണാടക വഴി ഗോവ, മഹാരാഷ്ട്ര ഭാഗങ്ങളിലേക്കു കടന്നതായും പൊലീസിനു സൂചനയുണ്ട്.
അബൂബക്കർ സിദ്ധീഖ് അടക്കമുള്ളവരെ തട്ടിക്കൊണ്ട് പോവാൻ പൈവളിഗയിലെ സംഘത്തിന് നിദ്ദേശം നൽകിയ മഞ്ചേശ്വരം സ്വദേശിയാണെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. പൈവളിക നുച്ചിലയിലെ വീട്ടിലാണ് തട്ടിക്കൊണ്ട് പോയവരെ സംഘം പാർപ്പിച്ചത്. ഒറ്റപ്പെട്ട സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഈ വീട്ടിൽ വെച്ചാണ് അബൂബക്കർ സിദ്ധീഖിനെ മർദ്ദിച്ച് കൊലപ്പെടുത്തിയത്. സഹോദരൻ അൻവർ ഹുസൈൻ, ബന്ധു അൻസാരി എന്നിവരെ ബന്ദിയാക്കിയതും ഈ വീട്ടിൽ വച്ച് തന്നെയാണ്. വീട്ടിൽ ഫോറൻസിക് സംഘം വിശദപരിശോധന നടത്തി. വീട്ടുടമസ്ഥനായ പൈവളിഗ സ്വദേശിക്ക് കുറ്റകൃത്യത്തിൽ പങ്കില്ലെന്ന് പൊലീസ് പറയുന്നു.
ദുബായിലേക്കു കടത്തുന്നതിനായി ഉപ്പളയിലെ സംഘം സിദ്ദീഖിനെ ഏൽപിച്ച അരക്കോടിയോളം രൂപ വില വരുന്ന ഡോളർ കാണാതായതാണ് കൊലപാതകത്തിനു കാരണം. രഹസ്യമായി ഡോളർ തുന്നിപ്പിടിപ്പിച്ച ബാഗ് ദുബായിലെ ഏജന്റിനെ ഏൽപിച്ചുവെന്നാണ് സിദ്ദീഖ് പറഞ്ഞത്. എന്നാൽ പണം അവിടെ ലഭിച്ചില്ലെന്ന് ഏൽപിച്ചവരും പറഞ്ഞു. തുടർന്ന് സിദ്ദീഖിനെ ചർച്ചയ്ക്കായെന്നു പറഞ്ഞ് ദുബായിൽനിന്ന് നാട്ടിലേക്കു വിളിച്ചുവരുത്തിയശേഷം മർദ്ദിച്ച് കൊലപ്പെടുത്തുകയായിരുന്നു.
ഇതിനു 2 ദിവസം മുൻപ് സിദ്ദീഖിന്റെ സഹോദരൻ അൻവറിനെയും സുഹൃത്ത് അൻസാരിയെയും സംഘം തട്ടിക്കൊണ്ടുപോയി തടങ്കലിലാക്കി. ആൾത്താമസമില്ലാത്ത വീട്ടിൽ താമസിപ്പിച്ച് 3 പേരെയും ക്വട്ടേഷൻ സംഘം മർദിച്ചു. മർദനത്തിനിടയിലാണ് സിദ്ദീഖ് മരിച്ചത്. പിന്നീട് കാറിൽ മൃതദേഹം കയറ്റി ബന്തിയോട്ടെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. ഡോക്ടർമാർ പരിശോധിക്കുന്നതിനിടെ കൂടെ വന്ന രണ്ടുപേർ കാറിൽ രക്ഷപ്പെടുകയായിരുന്നു.
സിദ്ദീഖിന്റെ സഹോദരൻ അൻവർ (45), സുഹൃത്ത് അൻസാരി (40) എന്നിവർ പരുക്കുകളോടെ ചികിത്സയിലാണ്. അൻസാരിയെയും അൻവറിനെയും തട്ടിക്കൊണ്ടുപോയി മർദിച്ചതായുള്ള പരാതിയിൽ ഷാഫി, നുജി തുടങ്ങി 17 പേർക്കെതിരെ മഞ്ചേശ്വരം പൊലീസ് കേസെടുത്തിട്ടുണ്ട്. ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തിൽ പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക