ആകാശത്തൊരു ആഢംബര ഹോട്ടൽ; വർഷങ്ങളോളം നിലത്തിറങ്ങാതെ പറന്ന് നടക്കാം – വീഡിയോ

ആണവശക്തിയുള്ള പറക്കുന്ന ഹോട്ടൽ എന്ന ആശയവുമായി വിദഗ്ധർ. വർഷങ്ങളോളം നിലം തൊടാതെ ആകാശത്ത് പറന്ന് നടന്ന് കഴിഞ്ഞ് കൂടാൻ സാധിക്കുന്ന ആഢംബര ഹോട്ടൽ പരിചയപ്പെടുത്തുകയാണ് വിദഗ്ധർ.

യെമൻ പൌരനായ  എഞ്ചിനീയർ ഹാഷിം അൽ-ഗൈലിയാണ് ഭാവിയിലെ ഒരു ആണവോർജ്ജത്തിൽ പ്രവർത്തിക്കുന്ന ആകാശ ഹോട്ടൽ എന്ന ആശയം അവതരിപ്പിക്കുന്നത്.

ആകാശത്ത് പറന്ന് നടക്കുന്ന ഈ ഹോട്ടലിൽ 5,000 അതിഥികൾക്ക് താമസിക്കാൻ സൌകര്യമുണ്ടാകും. മാത്രമല്ല, മാളുകളും ബാറുകളും റെസ്റ്റോറന്റുകളും, സ്വിമ്മിംഗ് പൂൾ, സ്പോട്സ് സെൻ്റർ, കുട്ടികളുടെ കളിസ്ഥലങ്ങൾ, തിയേറ്റർ തുടങ്ങിയ എല്ലാ സൌകര്യങ്ങളും ഇതിനകത്തുണ്ടായിരിക്കും.

ബിസിനസ് മീറ്റുകളും, ഈവൻ്റുകൾ എന്നിവ സംഘടിപ്പിക്കുന്നതിനുള്ള സജ്ജീകരണങ്ങളും അത്യാധുനിക സൌകര്യങ്ങളുള്ള ആശുപത്രിയും ഈ ആകാശ കോട്ടയുടെ പ്രത്യോകതയാണ്.

അൽ-ഗെയ്‌ലി തന്റെ നിർദ്ദേശിത പദ്ധതിയും തന്റെ ‘സ്കൈ ക്രൂയിസിന്റെ’ നിരവധി സൗകര്യങ്ങളും സവിശേഷതകളും വിശദമാക്കുന്ന ഒരു വീഡിയോ YouTube-ൽ പോസ്റ്റ് ചെയ്തു. ആകാശത്തിലൂടെ പറക്കുമ്പോൾ മാത്രം ലഭിക്കുന്ന അതുല്യമായ അനുഭവങ്ങളാണ് ഇത് മുന്നോട്ട് വെക്കുന്നത്. വടക്കൻ ലൈറ്റുകൾ അടുത്ത് നിന്ന് കാണുക, ജാലകത്തിലൂടെ മേഘങ്ങൾ തെന്നിമാറുന്ന കാഴ്ചകൾ ആസ്വദിച്ച് കൊണ്ട് കോൺഫറൻസുകൾ നടത്തുക തുടങ്ങി നിരവധി പുതുമകൾ അദ്ദേഹം പങ്കുവെക്കുന്നു.

അൽ-ഗൈലിയുടെ അഭിപ്രായത്തിൽ, നിലത്തിറങ്ങാതെ വർഷങ്ങളോളം ഹോട്ടൽ പ്രവർത്തിപ്പിക്കാൻ കഴിയും. ഏതെങ്കിലും വിധത്തിലുള്ള ശുചീകരണമോ അറ്റകുറ്റപ്പണികളോ ആവശ്യമായി വന്നാൽ അതും ആകാശത്ത് വെച്ച് തന്നെ സാധിക്കും.

അതിഥികൾക്ക് ഹോട്ടലിൽ നിന്ന് പുറത്ത് പോകുവാൻ പ്രൈവറ്റ് ജെറ്റ് വിമാനങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്. ഈ വിമാനങ്ങൾ വഴി ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിലുള്ള എയർപോർട്ടുകളിലേക്ക് യാത്ര ചെയ്യാം.

ആർട്ടിഫിഷൽ ഇൻ്റലിജൻസിൻ്റെ സഹായത്തോടെ ആകാശത്ത് വെച്ച് സംഭവിക്കാനിടയുള്ള പ്രയാസങ്ങളേയും ദുരന്തങ്ങളേയും മുൻകൂട്ടി അറിയാനാകും. കൂടാതെ ‘ആന്റി-ടർബുലൻസ് ടെക്നോളജി’ ഉപയോഗിച്ച് വൈബ്രേഷനുകൾ തടയുകയും ചെയ്യും.

ഈ ആശയം യഥാർത്ഥത്തിൽ ടോണി ഹോംസ്റ്റൺ സങ്കൽപ്പിച്ചതും അൽ-ഗൈലി രൂപകൽപ്പന ചെയ്തതുമാണ്. ഇതിനെ കുറിച്ച് ഇവർ യുട്യൂബിൽ  പോസ്റ്റ് ചെയ്ത വീഡിയോ വൈറലായെങ്കിലും പ്രതികരണങ്ങൾ സമ്മിശ്രമാണ്.

ചില ആളുകൾ നിർദ്ദിഷ്ട പദ്ധതിയിൽ അമ്പരപ്പും ആശ്ചര്യവും പ്രകടിപ്പിക്കുമ്പോൾ, മറ്റു ചിലർ സംശയാലുക്കളാണ്, ഭൗതികശാസ്ത്ര വ്യവസ്ഥകളനുസരിച്ച് ഈ പദ്ധതി അപ്രായോഗികമാക്കുമെന്ന് ചൂണ്ടിക്കാണിക്കുന്നവരും കുറവല്ല.

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

 

ആഢംബര ആകാശ ഹോട്ടലിൻ്റെ വീഡിയോ കാണാം

 

Share
error: Content is protected !!