അവധിക്കെത്തിയ പ്രവാസി വിവാഹ ഒരുക്കങ്ങൾക്കിടെ വാഹനപടകത്തിൽ മരിച്ചു
അബൂദാബിയിൽ നിന്ന് അവധിക്കെത്തിയ യുവാവ് വാഹനപകടത്തിൽ മരിച്ചു. തൃത്താല ഞാങ്ങാട്ടിരി തെക്കേതിൽ ഉസ്മാൻ ഹാജിയുടെ മകൻ മുഹമ്മദ് ഷാഫി (26) ആണ് മരിച്ചത്. മുഹമ്മദ് ഷാഫി സഞ്ചരിച്ചിരുന്ന കാർ കെ.എസ്.ആർ.ടി.സി ബസുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. തിങ്കളാഴ്‌ച വൈകിട്ട് അഞ്ചരയോടെ കൊരട്ടിക്കര പള്ളിക്ക് സമീപമായിരുന്നു അപകടം.
മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടയിൽ കാർ കോഴിക്കോട്-തിരുവനന്തപുരം ഫാസ്റ്റ് പാസഞ്ചറുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാർ പൂർണമായും തകർന്നു. തകർന്ന കാർ വെട്ടിപ്പൊളിച്ചാണ് ഷാഫിയെ പുറത്തെടുത്തത്.
തുടർന്ന് പെരുമ്പിലാവ് അൻസാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നിയന്ത്രണംവിട്ട ബസ് സമീപത്ത് കാന നിർമാണത്തിലേർപ്പെട്ടിരുന്ന തൊഴിലാളികൾക്കു നേരെ പാഞ്ഞടുത്തു. എന്നാൽ അവർ ഓടി മാറിയതോടെ വലിയ അപകടം ഒഴിവായി. കെഎസ്ആർടിസി ഡ്രെെവർക്ക് നിസ്സാര പരുക്കുണ്ട്.
അബുദാബിയിൽ നിന്ന് 10 ദിവസം മുമ്പ് അവധിക്ക് നാട്ടിലെത്തിയതാണ് മുഹമ്മദ് ഷാഫി. വിവാഹം നടത്താനുള്ള ഒരുക്കങ്ങൾക്കിടെയായിരുന്നു ദുരന്തം. മാതാവ്: നബീസ. സഹോദരങ്ങൾ: ഷംസുദ്ദീൻ, സുലെെമാൻ, ഷംല, ഷാജിത, ഷെജി.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക