ഗൾഫിൽ നിന്ന് വളിച്ച് വരുത്തി കൊലപ്പെടുത്തിയ സംഭവം: പിന്നിൽ ഡോളർ കടത്തു സംഘമെന്ന് സൂചന, രണ്ട് പേർ പിടിയിൽ
കാസർകോഡ് പുത്തിഗെ മുഗു റോഡ് സ്വദേശി അബൂബക്കർ സിദ്ദിഖിനെ (32) തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയത് ഡോളർ കടത്തുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്നെന്നു സൂചന. മരിച്ച സിദ്ദിഖിന്റെ സഹോദരൻ അൻവറിനെയും സുഹൃത്ത് അൻസാരിയെയും ഒരു സംഘം തട്ടിക്കൊണ്ടു പോയിരുന്നു. ഇന്നലെയാണ് അബൂബക്കർ സിദ്ദിഖ് കൊല്ലപ്പെടുന്നത്.
കേസിലെ പ്രതികളെ തിരിച്ചറിഞ്ഞു. പൈവളികെ സ്വദേശികളായ എട്ടു പേരാണ് അക്രമി സംഘത്തിലുള്ളതെന്നാണു സൂചന. രണ്ടു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.
സഹോദരനെയും സുഹൃത്തിനെയും കൊണ്ടുപോയി മര്‍ദ്ദിച്ച ശേഷം അബൂബക്കര്‍ സിദ്ദീഖിനെ ദുബായയിൽ നിന്ന് വിളിച്ചു വരുത്തുകയായിരുന്നു.
സംസാരിക്കാമെന്ന് പറഞ്ഞ് സിദ്ദിഖിനെ ഞായറാഴ്ച ഉച്ചയോടെ കാറിൽ കയറ്റികൊണ്ടുപോയി. അക്രമത്തിൽ അവശനായ സിദ്ദിഖിനെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെട്ടിരുന്നു. സിദ്ധീക്കിനെ ആശുപത്രിയിൽ എത്തിച്ച ശേഷം പ്രതികൾ കടന്നു കളഞ്ഞിരുന്നു.
സിദ്ദിഖിന്റെ ശരീരത്തിൽ കുത്തേറ്റതിന്റെയും മർദനമേറ്റതിന്റെയും പാടുകളുണ്ട്. കാല്പാദത്തിനടിയില്‍ നീലിച്ച പാടുകളുണ്ടെന്നും പൊലീസ് പറഞ്ഞു. ഗുരുതരാവസ്ഥയിലുള്ള സിദ്ദിഖിന്റെ സഹോദരനെയും അക്രമി സംഘം ആശുപത്രിയിൽ ഉപേക്ഷിച്ചു. ഇയാൾ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലാണുള്ളത്. കുമ്പള പൊലീസ് ഞായറാഴ്ച തന്നെ മംഗളൂരുവിലെത്തി അൻവറിന്റെ മൊഴിയെടുത്തു. സിദ്ദിഖിന്റെ സുഹൃത്ത് അൻസാരി എവിടെയെന്ന് ഇപ്പോഴും വ്യക്തമല്ല.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക