ക്ലിഫ് ഹൗസില്‍ പശുത്തൊഴുത്ത് നിര്‍മിക്കും, ചുറ്റുമതില്‍ ബലപ്പെടുത്തും; 42.90 ലക്ഷം അനുവദിച്ചു
തിരുവന്തപുരം: മുഖ്യമന്ത്രിയുടെ ഔദ്യോഗികവസതിയായ ക്ലിഫ് ഹൗസിന് ചുറ്റുമുള്ള മതിൽ പുനര്‍നിര്‍മിക്കാനും പുതിയ പശുത്തൊഴുത്ത് കെട്ടാനും തീരുമാനമായി. ഇതിനായി 42.90 ലക്ഷം രൂപ അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവിറങ്ങി.
പൊതുമരാമത്ത് വകുപ്പിനാണ് നിര്‍മാണചുമതല. ചുറ്റുമതില്‍ പുനര്‍നിര്‍മിക്കാനും തൊഴുത്ത് നിര്‍മാണത്തിനുമായി പൊതുമരാമത്ത് വകുപ്പ് കഴിഞ്ഞ മേയ് ഏഴിന് കത്ത് നല്‍കിയിരുന്നു. ഇതിനായി വിശദമായ എസ്റ്റിമേറ്റും ചീഫ് എൻജിനീയര്‍ തയ്യാറാക്കിയിരുന്നു. ഇത് പരിഗണിച്ച് ജൂണ്‍ 22 നാണ് സര്‍ക്കാര്‍ അംഗീകാരം നല്‍കി ഉത്തരവിറക്കിയത്.
തുകയ്ക്ക് ഭരണാനുമതി നല്‍കി പൊതുമരാമത്ത് വകുപ്പ് പൊതുമരാമത്ത് സെക്രട്ടറി അജിത്ത് കുമാറാണ് ഉത്തരവിറക്കിയത്.
തുകയ്ക്ക് ഭരണാനുമതിയായതോടെ ഉടന്‍ നിര്‍മാണ പ്രവര്‍ത്തനം തുടങ്ങും. നേരത്തെ നല്‍കിയ ശുപാര്‍ശ പ്രകാരമാണ് കാലിത്തൊഴുത്ത് നിര്‍മിക്കാനുള്ള ഭരണാനുമതിയിറങ്ങിയത്.
കെ-റെയില്‍ വിരുദ്ധസമരത്തിന്റെ ഭാഗമായി ക്ലിഫ് ഹൗസ് വളപ്പില്‍ യുവമോര്‍ച്ച പ്രവര്‍ത്തകര്‍ കയറി കുറ്റിനാട്ടിയത് പോലീസിന് വലിയ നാണക്കേടായിരുന്നു. ഇതേ തുടര്‍ന്നാണ് സുരക്ഷാപാളിച്ച പുറത്തായത്. ഇതിന് ശേഷമാണ് ചുറ്റുമതില്‍ ബലപ്പെടുത്തി പുനര്‍നിര്‍മിക്കാന്‍ തീരുമാനമുണ്ടായത്.
മുഖ്യമന്ത്രിയുടെ യാത്ര ഇനി കൂടുതല്‍ സുരക്ഷാ സംവിധാനങ്ങള്‍ ഉള്‍പ്പെടുത്തി പുതുപുത്തന്‍ കിയാ കാര്‍ണിവലിലാക്കാന്‍ ഇന്നലെ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. അതിന് പിറകെയാണ് പശു തൊഴുത്ത് നിർമ്മിക്കാനുള്ള തീരുമാനം. വാഹനത്തിന് 33,31,000 രൂപയാണ് വിലവരുന്നത്. കറുത്ത നിറത്തിലെ കിയ കാര്‍ണിവല്‍ 8എടി ലിമോസിന്‍ പ്ലസ് 7 സീറ്റര്‍ ആണ്.
പുതിയ വാഹനം വാങ്ങാന്‍ ആഭ്യന്തര വകുപ്പ് അഡീഷണല്‍ ചീഫ്‌സെക്രട്ടറി ടികെ ജോസ് ഉത്തരവിറക്കി. മുഖ്യമന്ത്രിക്കായി വാങ്ങാനുദ്ദേശിച്ച ടാറ്റാ ഹാരിയറിന് പകരം പ്രത്യേക സുരക്ഷാ സംവിധാനങ്ങളുള്ള കിയാ കാര്‍ണിവല്‍ വാങ്ങുന്നതാണ് അഭികാമ്യമെന്ന് പോലിസ് മേധാവി അനില്‍കാന്ത് ശുപാര്‍ശ ചെയ്തിരുന്നു. ഇത് അംഗീകരിച്ച് മുഖ്യമന്ത്രിയുടെ എസ്‌കോര്‍ട്ട്, പൈലറ്റ് ഡ്യൂട്ടിക്കായി കറുത്ത നിറത്തിലെ മൂന്ന് ടൊയോട്ട ഇന്നോവ ക്രിസ്റ്റയും ഒരു കിയാ കാര്‍ണിവലും ഉള്‍പ്പെടെ നാല് വാഹനങ്ങള്‍ 88,69,841 രൂപയ്ക്ക് വാങ്ങാന്‍ ഡി.ജി.പി അനുമതി തേടി.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക