മദീനയിലെ പ്രവാചകൻ്റെ പള്ളി മുറ്റത്ത് പുതിയ മൊബൈൽ മെഡിക്കൽ സെൻ്റർ പ്രവർത്തനമാരംഭിച്ചു
മദീനയിൽ പ്രവാചകൻ്റെ പള്ളിയുടെ മുറ്റത്ത് മൊബൈൽ മെഡിക്കൽ സെൻ്റർ പ്രവർത്തനമാരംഭിച്ചു. മദീനയിലെ പ്രിൻസ് സുൽത്താൻ ആംഡ് ഫോഴ്‌സ് ഹോസ്പിറ്റലാണ് മൊബൈൽ ക്ലിനിക്ക് തുറന്നത്. ഹജ്ജ് സീസണിൽ തീർഥാടകർക്കും പ്രവാചകന്റെ പള്ളിയിലേക്ക് വരുന്ന സന്ദർശകർക്കും ആംബുലേറ്ററി, ചികിത്സാ സേവനങ്ങൾ നൽകുന്നതിൻ്റെ ഭാഗമായാണിത്.
എമർജൻസി ക്ലിനിക്കുകൾ, ഫാമിലി മെഡിസിൻ ക്ലിനിക്കുകൾ, ലബോറട്ടറി, ഫാർമസി, ആംബുലൻസുകൾ,16 കിടക്കകളുള്ള ഇൻപേഷ്യന്റ് സെന്റർ എന്നിവയ്ക്ക് പുറമെ അത്യാധുനിക ഉപകരണങ്ങളും ആരോഗ്യ വിദഗ്ധരും ഉൾപ്പെടെ നിരവധി മെഡിക്കൽ ഡിപ്പാർട്ട്‌മെന്റുകളും മൊബൈൽ സെന്ററിൽ സജ്ജീകരിച്ചിട്ടുണ്ട്.
മസ്ജിദു നബവിയിലെത്തുന്ന സന്ദർശകർക്കും തീർഥാടകർക്കും ചൂട് സമ്മർദ്ദം, ഹീറ്റ് സ്ട്രോക്ക്, ഹൃദയാഘാതം തുടങ്ങിയ മേഖലകളിൽ മെഡിക്കൽ സെന്റർ അടിയന്തര, നിർണായക ചികിത്സാ സേവനങ്ങൾ നൽകും. ക്ലിനിക്കിൻ്റെ സേവനം മുഴുസമയവും ലഭ്യമായിരിക്കും.
മസ്ജിദു നബവി കാര്യാലയം ജനറൽ പ്രസിഡന്റ് ഡോ. മുഹമ്മദ് അൽ ഖുദൈരിയുടെ സാന്നിധ്യത്തിൽ മേഖല കമാൻഡർ മേജർ ജനറൽ ഫഹദ് അൽ ജുഹാനിയും ആശുപത്രി ഡയറക്‌ടർ മേജർ ജനറൽ ഡോക്‌ടർ അഹമ്മദ് അൽ ബരീദിയും ചേർന്ന് കേന്ദ്രം ഉദ്ഘാടനം ചെയ്തു.
പ്രവാചകന്റെ മസ്ജിദ് സെക്യൂരിറ്റി ഫോഴ്സ് കമാൻഡർ കേണൽ മുതൈബ് അൽ ബദ്‌റാനി, മദീനയിലെ ഹെൽത്ത് അഫയേഴ്‌സ് ഡയറക്ടർ ജനറൽ ഡോ. മുഹമ്മദ് അൽ ഖലാവി എന്നിവരും നിരവധി ഉദ്യോഗസ്ഥരും പങ്കെടുത്തു.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക