ബാലുശ്ശേരി അക്രമം: സി.പി.എമ്മും ഡി.വൈ.എഫ്.ഐയും നടത്തിയ ആസൂത്രിതമായ കലാപശ്രമം -എസ്.ഡി.പി.ഐ

കോഴിക്കോട് ബാലുശ്ശേരിയില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന് മര്‍ദ്ദനമേറ്റ സംഭവത്തില്‍  സി.പി.എമ്മും ഡി.വൈ.എഫ്.ഐയും നടത്തിയത് ആസൂത്രിതമായ കലാപശ്രമമെന്ന് എസ്.ഡി.പി.ഐ ആരോപിച്ചു.

ഉത്തരേന്ത്യയില്‍ അധഃസ്ഥിത ജനവിഭാഗങ്ങളുടെ കൈയില്‍ ആയുധം നല്‍കി സാമൂഹിക സംഘര്‍ഷം സൃഷ്ടിച്ച് വളരാന്‍ സംഘപരിവാര്‍ ശ്രമിക്കുന്ന അതേ രീതിയാണ് സി.പി.എം ബാലുശ്ശേരിയിലും പിന്തുടരുന്നത്. കേരളത്തില്‍ ഇത് ആദ്യത്തെ സംഭവമല്ല. കാലങ്ങളായി സി.പി.എം നടത്തിക്കൊണ്ടിരിക്കുന്ന രീതിയാണിത്.

ഇരുളിന്റെ മറവില്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ കൊടികളും ഫ്ളക്സ് ബോര്‍ഡുകളും തകര്‍ത്ത് തമ്മിലടിപ്പിച്ച് രാഷ്ട്രീയ നേട്ടം കൊയ്യാനാണ് സി.പി.എം ശ്രമമെന്നും എസ്.ഡി.പി.ഐ സംസ്ഥാന ജനറല്‍ സെക്രട്ടറി അജ്മല്‍ ഇസ്മായീല്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

2006 ല്‍ തലശ്ശേരിയില്‍ ഫസല്‍ എന്ന എൻ.ഡി.എഫ് പ്രവര്‍ത്തകനെ വെട്ടിക്കൊലപ്പെടുത്തി രക്തം പുരണ്ട തൂവാല ആർ.എസ്.എസ് പ്രവര്‍ത്തന്റെ വീടിനു സമീപം കൊണ്ടുപോയിട്ട് വര്‍ഗീയ കലാപത്തിന് നടത്താനായിരുന്നു സി.പി.എം ശ്രമം. കൊലപാതകത്തിനു ശേഷം സി.പി.എം നേതാക്കളും പ്രതികളുമായ കാരായി രാജനും കാരായി ചന്ദ്രശേഖരനും വാര്‍ത്താസമ്മേളനം നടത്തി ആർ.എസ്.എസിനെനെതിരരെ ആരോപണമുന്നയിക്കുകയും ചെയ്തു. പിന്നീട് തുടരന്വേഷണത്തില്‍ പ്രതികളായ സി.പി.എം നേതാക്കള്‍ പിടിയിലാവുകയായിരുന്നു.

ടിപി ചന്ദ്രശേഖരനെ വെട്ടിക്കൊല്ലാനുപയോഗിച്ച ഇന്നോവ കാറില്‍ മാഷാ അല്ലാഹ് എന്ന സ്റ്റിക്കര്‍ പതിച്ചതും ഇതിന്റെ ഭാഗമാണ്. കൊലപാതകത്തിനു ശേഷം സി.പി.എം ജിഹ്വയായ കൈരളി ചാനലില്‍ സംഭവത്തിനു പിന്നില്‍ ക്വട്ടേഷന്‍ സംഘമാണെന്ന് വ്യാജ വാര്‍ത്ത സൃഷ്ടിച്ച് അന്വേഷണം വഴിതിരിച്ചുവിടാനും ശ്രമിച്ചിരുന്നു.

പൊതുതിരഞ്ഞെടുപ്പ് വേളയില്‍ വടകരയില്‍ മോദിയുടെ ചിത്രമുള്ള ഫ്ളക്സ് തകര്‍ത്ത് മദ്റസ്സയില്‍ കൊണ്ടുപോയിട്ടു. കേസില്‍ നാല് സി.പി.എം പ്രവര്‍ത്തകര്‍ കീഴടങ്ങിയിരുന്നു. ആശയപരമായി നേരിടാന്‍ പ്രാപ്തിയില്ലാതെ വരുമ്പോള്‍ ഇതര പ്രസ്ഥാനങ്ങള്‍ക്കെതിരേ തീവ്രവാദത്തിന്റെ ചാപ്പകുത്തി രംഗത്തുവരുന്നതും സി.പി.എമ്മിന്റെ രീതിയാണ്.

ബാലുശ്ശേരിയില്‍ വാര്‍ത്ത പുറത്തുവന്ന ഉടനെ തന്നെ എസ്.ഡി.പി.ഐക്കെതിരെ പ്രകോപനപരമായ മുദ്രാവാക്യങ്ങളുമായി പ്രകടനം നടത്തുകയായിരുന്നു സി.പി.എം. ഇത്തരം പ്രചാരണങ്ങളില്‍ മാധ്യമങ്ങളും പെട്ടുപോകുന്നത് ഖേദകരമാണ്.

സി.പി.എം ആർ.എസ്.എസ്സുമായി ചേര്‍ന്നും സംസ്ഥാനത്ത് ഇത്തരം കലാപമുണ്ടാക്കാന്‍ സാധ്യതയുണ്ട്. ആർ.എസ്.എസ് കേന്ദ്രങ്ങളില്‍ നിന്ന് ആുധങ്ങളും സ്ഫോടക വസ്തുക്കളും പിടിക്കപ്പെടുന്ന കേസുകളില്‍ തുടരന്വേഷണം നടക്കാത്തതും ഇതിന്റെ ഭാഗമാണെന്നും ആശങ്കപ്പെടേണ്ടതുണ്ടെന്നും അജ്മല്‍ ഇസ്മായീല്‍ കൂട്ടിച്ചേര്‍ത്തു.

വാര്‍ത്താസമ്മേളനത്തില്‍ എസ്.ഡി.പി.ഐ ജില്ലാ സെക്രട്ടറി കെ എ മുഹമ്മദ് ഷെമീറും സംബന്ധിച്ചു.

Share
error: Content is protected !!