അഭയ കേസ്: പ്രതികളുടെ ശിക്ഷ ഹൈകോടതി മരവിപ്പിച്ചു; സിസ്റ്റര്‍ സെഫിക്കും ഫാ. തോമസ് കോട്ടൂരിനും ജാമ്യം
അഭയ കേസിലെ പ്രതികളായ സിസ്റ്റര്‍ സെഫിയുടേയും ഫാ. തോമസ് കോട്ടൂരിന്‍റേയും ജീവപര്യന്തം തടവുശിക്ഷ മരവിപ്പിച്ച് ഹൈകോടതി ജാമ്യം അനുവദിച്ചു. ശിക്ഷ സസ്പെൻഡ് ചെയ്ത് ജാമ്യം അനുവദിക്കണമെന്ന പ്രതികളുടെ ഹരജി പരിഗണിച്ചാണ് ജസ്റ്റിസ് കെ. വിനോദ് ചന്ദ്രൻ അധ്യക്ഷനായ ഡിവിഷൻ ബെഞ്ചിന്‍റെ ഉത്തരവ്.
അഞ്ച് ലക്ഷം രൂപ കെട്ടിവെക്കണം, സംസ്ഥാനം വിടരുത്, പാസ്പോർട്ട് സമർപ്പിക്കണം, അന്വേഷണ ഉദ്യോഗസ്ഥർ ആവശ്യപ്പെടുമ്പോൾ ഹാജരാകണം എന്നീ ഉപാധികളോടെയാണ് ശിക്ഷ മരവിപ്പിച്ച് ജാമ്യം അനുവദിച്ചത്. തിരുവനന്തപുരം സി.ബി.ഐ കോടതി 2020 ഡിസംബർ 23ന് ഫാ. കോട്ടൂരിന് ഇരട്ട ജീവപര്യന്തവും സിസ്റ്റർ സെഫിക്ക് ജീവപര്യന്തവും ശിക്ഷയാണ് വിധിച്ചത്.
തെളിവുകളും വസ്തുതകളും പരിശോധിക്കാതെയാണ് സിബിഐ കോടതി ശിക്ഷ വിധിച്ചത് എന്നാണ് പ്രതികൾ ഹർജിയിൽ ചൂണ്ടിക്കാട്ടുന്നത്. തിരുവനന്തപുരം സിബിഐ കോടതിയുടെ ശിക്ഷാ വിധി റദ്ദാക്കണം എന്ന് ആവശ്യപ്പെട്ടു പ്രതികൾ നൽകിയ അപ്പീൽ ഹൈക്കോടതിയുടെ പരിഗണനയിലുണ്ട്. ഈ അപ്പീലിൽ വിധി വരുന്നതു വരെ ശിക്ഷ നടപ്പാക്കുന്നതു തടഞ്ഞു ജാമ്യം അനുവദിക്കണം എന്നാണ് പ്രതികളുടെ ആവശ്യം.
സിസ്റ്റർ അഭയ കൊല്ലപ്പെട്ട ദിവസം കേസിലെ പ്രതികളായ രണ്ടുപേരെയും ഒരുമിച്ച് കണ്ടതായി തെളിവില്ലെന്നും അഭയയുമായി സംസാരിച്ചതിനും തെളിവില്ലെന്നും വാദിച്ച പ്രതികൾ സാക്ഷിമൊഴിയുടെ മാത്രം ബലത്തിലാണ് ശിക്ഷിച്ചതെന്നും ചൂണ്ടിക്കാട്ടി. സിസ്റ്റർ സെഫി കന്യാചർമം പിടിപ്പിക്കുന്നതുമായ ശസ്ത്രക്രിയ നടത്തി എന്നതിനും കൃത്യമായ തെളിവില്ലെന്നും മതിയായ തെളിവില്ലാതെയാണ് ശിക്ഷിച്ചതെന്നും അതിനാൽ ശിക്ഷ മരവിപ്പിക്കണമെന്നായിരുന്നു പ്രതികളുടെ ആവശ്യം.
28 വർഷം നീണ്ട നിയമനടപടികൾക്ക് ശേഷമാണ് അഭയ കേസിൽ ഒന്നാം പ്രതി ഫാദർ തോമസ് കോട്ടൂരും, മൂന്നാം പ്രതി സിസ്റ്റർ സെഫിയും കൊലക്കുറ്റമടക്കമുള്ള വകുപ്പുകൾ പ്രകാരം കുറ്റക്കാരാണെന്ന് കണ്ടെത്തി ശിക്ഷിക്കപ്പെട്ടത്.
കോട്ടയം ബിസിഎം കോളജിൽ പ്രീഡിഗ്രി രണ്ടാം വർഷ വിദ്യാർഥിനി ആയിരിക്കെ സിസ്റ്റർ അഭയയെ 1992 മാർച്ച് 27നാണു കോട്ടയം പയസ് ടെൻത് കോൺവന്റിലെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. 2020 ഡിസംബർ 23ന് കേസിൽ ഫാദർ തോമസ് കോട്ടൂരിനെ ഇരട്ട ജീവപര്യന്തം തടവിനും സിസ്റ്റർ സെഫിയെ ജീവപര്യന്തം തടവിനും ശിക്ഷിച്ചിരുന്നു. തിരുവനന്തപുരം സിബിഐ കോടതിയാണ് ശിക്ഷ വിധിച്ചത്.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
അതേ സമയം പ്രതികള്‍ക്ക് ജാമ്യം ലഭിക്കാന്‍ സി.ബി.ഐ. സഹായം ചെയ്‌തോ എന്ന് ആരെങ്കിലും സംശയിച്ചാല്‍ അവരെ കുറ്റപ്പെടുത്താനാകില്ലെന്ന് അഭയ കേസില്‍ ദീര്‍ഘകാലമായി നിയമയുദ്ധം നടത്തി വരുന്ന ജോമോന്‍ പുത്തന്‍പുരയ്ക്കല്‍ പ്രതികരിച്ചു.
പ്രതികള്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി ഒന്നരവര്‍ഷമായിട്ടും സി.ബി.ഐ. കൗണ്ടര്‍ പെറ്റീഷന്‍ പോലും ഫയല്‍ചെയ്തില്ല. അപ്പീലില്‍ സി.ബി.ഐ.ക്ക് വേണ്ടി വാദിക്കാന്‍ തെലങ്കാനയില്‍നിന്നുള്ള വക്കീലിനെയാണ് പ്രോസിക്യൂട്ടറായി കൊണ്ടുവന്നത്. കേസിനെക്കുറിച്ച് ഒരു ചുക്കും ചുണ്ണാമ്പും അറിയാത്ത പ്രോസിക്യൂട്ടര്‍ക്ക് ഒന്നും പറയാന്‍ കഴിഞ്ഞില്ല. സി.ബി.ഐ. പ്രോസിക്യൂട്ടര്‍ കോടതിയില്‍ പൂര്‍ണമായും പരാജയപ്പെട്ടെന്നും അദ്ദേഹം ആരോപിച്ചു.
നേരത്തെ സി.ബി.ഐ. കോടതിയില്‍ പ്രോസിക്യൂഷന് വേണ്ടി വാദിച്ച അഭിഭാഷകന്‍ ഹൈക്കോടതിയിലേക്ക് തിരിഞ്ഞുപോലും നോക്കിയില്ല. പ്രതികളെ സഹായിക്കാന്‍ സിബിഐ പോലുള്ള ഏജന്‍സി പഴയ സ്വഭാവം എടുക്കരുതെന്നും ഹൈക്കോടതി വിധിക്കെതിരേ സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കണമെന്നും ജോമോൻ പുത്തൻപുരക്കൽ മാധ്യമങ്ങളോട് പറഞ്ഞു.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക