സൗദിയിൽ ആറ് തൊഴിൽ മേഖലകളിൽകൂടി സ്വദേശിവൽക്കരണം പ്രഖ്യാപിച്ചു
സൌദിയിൽ കൂടുതൽ തൊഴിൽ മേഖലകൾ സ്വദേശിവൽക്കാൻ നീക്കമാരംഭിച്ചു. 6 തൊഴിൽ മേഖലകളിലാണ് പുതിയതായി സൌദിവൽക്കരണം നടപ്പിലാക്കുന്നതെന്ന് മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രി അഹമ്മദ് സുലൈമാൻ അൽ-റാജ്ഹി അറിയിച്ചു.
വ്യോമയാന രംഗത്തെ ജോലികൾ, കണ്ണട മേഖലയുമായി ബന്ധപ്പെട്ട ജോലികൾ, വാഹന പീരിയോഡിക് പരിശോധന (ഫഹസ്) ജോലികൾ, തപാൽ ഔട്ട്ലെറ്റുകളിലെ ജോലികൾ, പാഴ്സൽ ട്രാൻസ്പോർട്ട് ജോലികൾ, കസ്റ്റമർ സർവീസ് ജോലികൾ, എന്നിവക്ക് പുറമെ വിൽപന ഔട്ട്ലറ്റുകളിലെ ജോലികളുമാണ് സ്വദേശിവത്കരിക്കുന്നത്. ഇതിലൂടെ സ്വദേശികൾക്ക് 33,000 ലധികം തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയാണ് ലക്ഷ്യം.
രണ്ട് ഘട്ടങ്ങളിലായാണ് വ്യോമയാന രംഗത്തെ ജോലികൾ സ്വദേശിവൽക്കരിക്കാനുള്ള തീരുമാനം നടപ്പിലാക്കുക. ആദ്യ ഘട്ടം 2023 മാർച്ച് 15ന് ആരംഭിക്കും. അസിസ്റ്റൻറ് പൈലറ്റ്, എയർ ട്രാഫിക് കൺട്രോളർ, എയർ ട്രാൻസ്പോർട്ടർ എന്നീ തൊഴിലുകൾ 100 ശതമാനവും, വിമാന പൈലറ്റുമാർ തസ്തിക 60 ശതമാനവും എയർഹോസ്റ്റസ് ജോലിയിൽ 50 ശതമാനവും സ്വദേശിവത്കരിക്കും.
2024 മാർച്ച് നാലിനാണ് രണ്ടാം ഘട്ടം ആരംഭിക്കുക. ഇതിൽ വിമാന പൈലറ്റ് തസ്തികയിൽ 70 ശതമാനവും എയർഹോസ്റ്റസ് ജോലിയിൽ 60 ശതമാനവുമായി ഉയർത്തും. വ്യോമയാന തൊഴിലുകളിൽ അഞ്ചോ അതിലധികമോ ജീവനക്കാരെ നിയമിക്കുന്ന എല്ലാ സ്വകാര്യ സ്ഥാപനങ്ങൾക്കും തീരുമാനം ബാധകമാണ്. 4,000 പൗരന്മാർക്ക് ഇതിലൂടെ തൊഴിലവസരങ്ങൾ ലഭിക്കമെന്നാണ് പ്രതീക്ഷ.
2023 മെയ് 18 മുതലാണ് കണ്ണട വ്യാപാര സ്ഥാപനങ്ങളിൽ സ്വദേശി വൽക്കരണം നടപ്പിലാക്കി തുടങ്ങുക. നാലോ അതിൽ കൂടുതലോ ജോലിക്കാരുള്ള എല്ലാ സ്വകാര്യ കണ്ണട സ്ഥാപനങ്ങൾക്കും പുതിയ നിബന്ധന ബാധകമാകും. 50 ശതമാനമാണ് സ്വദേശിവൽക്കരണം നടപ്പിലാക്കുന്നത്. മെഡിക്കൽ ഒപ്റ്റിക്സ് ടെക്നീഷ്യൻ, ഫിസിക്കൽ ലബോറട്ടറി ടെക്നീഷ്യൻ, ലൈറ്റ് ആൻഡ് ഒപ്റ്റിക്സ്, ഒപ്റ്റിക്കൽ ടെക്നീഷ്യൻ എന്നീ ജോലികൾ ഇതിലുൾപ്പെടും. 1,000ത്തിലധികം തൊഴിലവസരങ്ങളാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
വാഹനങ്ങളുടെ പീരിയോഡിക്കൽ സാങ്കേതിക പരിശോധന സേവന കേന്ദ്രത്തിലെ ജോലികൾ രണ്ട് ഘട്ടങ്ങളായാണ് സ്വദേശിവത്കരിക്കുക. ആദ്യഘട്ടത്തിൽ 50 ശതമാനവും രണ്ടാംഘട്ടത്തിൽ 100 ശതമാനവും നടപ്പിലാക്കും.
സൈറ്റ് മാനേജർ, അസിസ്റ്റൻറ് മാനേജർ, ക്വാളിറ്റി മാനേജർ, ഫിനാൻഷ്യൽ സൂപർവൈസർ, സൈറ്റ് സൂപർവൈസർ, ട്രാക്ക് ഹെഡ്, ഇൻസ്പെക്ഷൻ ടെക്നീഷ്യൻ, ഇൻസ്പെക്ഷൻ അസിസ്റ്റൻറ് ടെക്നീഷ്യൻ, മെയിൻറനൻസ് ടെക്നീഷ്യൻ, ഇൻഫർമേഷൻ ടെക്നീഷ്യൻ, ഡാറ്റാ എൻട്രി എന്നീ തസ്തികകളാണ് സ്വദേശിവത്കരിക്കുന്നത്. 5,000-ത്തിലധികം തൊഴിലവസരങ്ങൾ ഇതിലൂടെ ലഭ്യമാകുമെന്നാണ് പ്രതീക്ഷ. ഒരു വർഷത്തിനുള്ളിൽ പദ്ധതി നടപ്പിലാക്കും.
തപാൽ, പാഴ്സൽ ഗതാഗത കേന്ദ്രങ്ങളിലെ 14 ജോലികളാണ് സൌദിവൽക്കരിക്കുന്നത്. 2022 ഡിസംബർ 17 മുതൽ സ്വദേശിവത്കരണം ആരംഭിക്കും. ചീഫ് എക്സിക്യൂട്ടീവുകളുടെ ജോലികൾ 100 ശതമാനവും, സീനിയർ മാനേജ്‌മെന്റ് ജോലികൾ 60 ശതമാനവും സീനിയർ മാനേജ്‌മെൻറ് രണ്ടാം ലെവൽ ജോലികൾ 70 ശതമാനവും സ്വദേശിവത്കരിക്കും. ഈ മേഖലയിൽ 7,000-ത്തിലധികം തൊഴിലവസരങ്ങൾ സ്വദേശികൾക്കായി മാറ്റിവെക്കും.
100 ശതമാനം സൌദിവൽക്കരണമാണ് ഉപഭോക്തൃ സേവന (കസ്റ്റമർ സർവിസ്) സ്ഥാപനങ്ങളിലെ ജോലികളിൽ നടപ്പിലാക്കുക. 2022 ഡിസംബർ 17 മുതൽ ഇത് നടപ്പാക്കും. ഇതിലൂടെ 4,000 തൊഴിലവസരങ്ങൾ സ്വദേശികൾക്കായി കണ്ടെത്തുകയാണ് ലക്ഷ്യം.
ഏഴ് വിൽപ്പന കേന്ദ്രങ്ങളിലെ സ്വദേശിവത്കരണത്തിൽ മൊത്തം തൊഴിലാളികളുടെ 70 ശതമാനം സൌദികൾക്കായി നീക്കിവെക്കും. സുരക്ഷാ ഉപകരണങ്ങൾ വിൽക്കുന്നതിനുള്ള ഔട്ട്ലറ്റുകൾ, എലിവേറ്ററുകൾ, ഗോവണികൾ, ബെൽറ്റുകൾ എന്നിവ വിൽക്കുന്നതിനുള്ള ഔട്ട്ലറ്റുകൾ, കൃത്രിമ പുല്ലും നീന്തൽക്കുളങ്ങളും വിൽക്കുന്നതിനുള്ള ഔട്ട്ലറ്റുകൾ, ജല ശുദ്ധീകരണ ഉപകരണങ്ങളും നാവിഗേഷൻ ഉപകരണങ്ങളും വിൽക്കുന്നതിനുള്ള ഷോപ്പുകൾ, കാറ്ററിങ് ഉപകരണങ്ങളും ഇലക്ട്രിക് വാഹനങ്ങളും വിൽക്കുന്ന കേന്ദ്രങ്ങൾ എന്നിവയും സ്വദേശിവത്കരണ തീരുമാനത്തിൽ ഉൾപ്പെടുന്നതാണ്.
ആയുധങ്ങൾ, വേട്ടയാടൽ, യാത്രാസാമഗ്രികൾ എന്നിവയുടെ വിൽപ്പനയ്ക്കുള്ള ഔട്ട്ലറ്റുകൾ, പാക്കേജിങ് ഉപകരണങ്ങളും ടൂൾ ഔട്ട്ലെറ്റുകളും സ്വദേശിവൽക്കരണത്തിൽ ഉൾപ്പെടും. ബ്രാഞ്ച് മാനേജർ, സൂപർവൈസർ, ട്രഷറർ, കസ്റ്റമർ അക്കൗണ്ടൻറ്, കസ്റ്റമർ സർവിസ് എന്നിവയാണ് സ്വദേശിവത്കരിക്കുന്നത്. ഇതീലൂടെ 12,000 ത്തിലധികം തൊഴിലവസരങ്ങൾ സ്വദേശികൾക്കായി കണ്ടെത്തും. ഈ മേഖലകളിൽ ഒരു വർഷത്തിനുള്ളിലാണ് പദ്ധതി നടപ്പിലാക്കുക.
രാജ്യത്തെ യുവതി യുവാക്കൾക്ക് കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും ദേശീയ സമ്പദ്‌വ്യവസ്ഥയിൽ സ്വദേശീ പങ്കാളിത്തം വർദ്ധിപ്പിക്കുകയുമാണ് ഇതിലൂടെ ലക്ഷ്യം വെക്കുന്നത്.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
وزير الموارد البشرية والتنمية الاجتماعية يصدر 6 قرارات لتوطين عدد من المهن والأنشطة. pic.twitter.com/09WKaWKViW
— وزارة الموارد البشرية والتنمية الاجتماعية (@HRSD_SA) June 22, 2022