ഫേസ് ബുക്കിൽ ആത്മഹത്യാ പോസ്റ്റിട്ട ശേഷം ടാങ്കർ ലോറിയിലേക്ക് കാർ ഇടിച്ചു കയറ്റി; അച്ചനും മകനും മരിച്ചു
തിരുവനന്തപുരം ആറ്റിങ്ങലിൽ, അച്ഛന്‍ മകനൊപ്പം ടാങ്കർലോറിയിലേക്ക് കാർ ഇടിച്ചു കയറ്റി ജീവനൊടുക്കി. പേരൂർക്കട മണികണ്ഠേശ്വരം സ്വദേശി പ്രകാശ് (48), മകൻ ശിവദേവ് (11) എന്നിവരാണ് മരിച്ചത്. പ്രകാശ്, ശശികല ദമ്പതികള്‍ക്ക് ഒരു മകള്‍ കൂടിയുണ്ട്. മാമം പാലത്തിനു സമീപം ഇന്നലെ രാത്രി 12നാണ് സംഭവം. കുടുംബ വീട്ടിലേക്കു പോകുന്നതായി മകളോട് പറഞ്ഞാണ് ഇന്നലെ രാവിലെ വീട്ടിൽനിന്ന് ഇറങ്ങിയതെന്നു ബന്ധുക്കൾ പറയുന്നു. വീട്ടിൽ മകൾ മാത്രമാണ് ഉണ്ടായിരുന്നത്.
തിരുവനന്തപുരത്തുനിന്ന് കൊല്ലത്തേക്കു പോകുകയായിരുന്നു ഇവർ. തിരുവനന്തപുരം കെഎസ്ആർടിസി ഡിപ്പോയിലേക്ക് ഡീസലുമായി വന്ന ടാങ്കർ ലോറിയുമായാണ് കാർ കൂട്ടിയിടിച്ചത്. ഭാര്യ ശശികല ഒൻപതു മാസമായി വിദേശത്താണ്. കുടുംബപ്രശ്‌നങ്ങളെ തുടർന്ന് ഇരുവർക്കുമിടയിൽ തർക്കം ഉണ്ടായിരുന്നു. വിദേശത്തുനിന്ന് മടങ്ങിവരാൻ ആവശ്യപ്പെട്ടിട്ടും ശശികല അനുസരിച്ചില്ല. ഇതേ തുടർന്ന് പ്രകാശ് ആത്മഹത്യാക്കുറിപ്പ് തയാറാക്കി വച്ചിരുന്നു.
നെടുമങ്ങാട് കരിപ്പൂരുള്ള കുടുംബ വീട്ടിലെത്തിയ ഇവർക്ക് എന്തെങ്കിലും പ്രശ്നമുള്ളതായി തോന്നിയില്ലെന്ന് ബന്ധുക്കൾ പറയുന്നു. ബന്ധുക്കളുമായി സംസാരിച്ചിരുന്നശേഷം രാത്രി 9.30നാണ് പ്രകാശും മകൻ ശിവദേവും (11) യാത്ര പറഞ്ഞ് ഇറങ്ങിയത്. നെട്ടയത്തെ വീട്ടിലേക്കു പോകുന്നു എന്നാണ് ബന്ധുക്കളോട് പറഞ്ഞത്. രാത്രി 10.59ന് ‘എന്റെയും മക്കളുടെയും മരണത്തിനു കാരണക്കാർ ഇവർ’ എന്ന് പ്രകാശ് സമൂഹമാധ്യമത്തിൽ പോസ്റ്റിട്ടു. അഞ്ചുപേരുടെ ചിത്രങ്ങളും പോസ്റ്റിനൊപ്പമുണ്ടായിരുന്നു. ഇതു ശ്രദ്ധയിൽപ്പെട്ട മകളും ബന്ധുക്കളും പ്രകാശിനെ വിളിച്ചപ്പോൾ ഫോണ്‍ ഓഫ് ആയിരുന്നു. പോകാൻ സാധ്യതയുള്ള സ്ഥലങ്ങളിൽ അന്വേഷിച്ചെങ്കിലും വിവരം ലഭിച്ചില്ല.
തുടർന്ന്, ബന്ധുക്കൾ നെടുമങ്ങാട് പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. പൊലീസ് ജില്ലയിലെ എല്ലാ സ്റ്റേഷനുകളിലേക്കും വിവരം കൈമാറി. രാത്രി 12 മണിയോടെയാണ് മാമത്തുണ്ടായ വാഹനാപകടത്തിൽ ഇരുവരും മരിച്ചതായി പൊലീസ് ബന്ധുക്കളെ അറിയിച്ചത്.
പരാതി കൊടുത്ത് പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിയാത്തതു കൊണ്ടല്ല ആത്മഹത്യ ചെയ്യുന്നതെന്നും ജനങ്ങൾ കാര്യങ്ങൾ അറിയണമെന്നും ആത്മഹത്യാക്കുറിപ്പിലുള്ളതായി പൊലീസ് പറഞ്ഞു. ഭാര്യയുടെ പ്രവൃത്തികളാണ് ആത്മഹത്യയിലേക്കു നയിച്ചതെന്നും മോൾ അച്ഛനോടു ക്ഷമിക്കണമെന്നും ആത്മഹത്യാക്കുറിപ്പിലുണ്ട്. ഇന്നലെ രാത്രി 10.59ന് ‘എന്റെയും മക്കളുടെയും മരണത്തിന് കാരണക്കാർ ഇവർ’ എന്ന് പ്രകാശ് ഫെയ്ബുക്കിൽ പോസ്റ്റിട്ടിരുന്നു. അഞ്ചുപേരുടെ ചിത്രങ്ങളും പോസ്റ്റിലുണ്ടായിരുന്നു. ഇതിനു പിന്നാലെയാണ് കാറിൽ ആറ്റിങ്ങൽ ഭാഗത്തേക്ക് എത്തിയ ഇവർ വാഹനം ടാങ്കറിലേക്ക് ഇടിച്ചു കയറ്റിയത്.
സമൂഹമാധ്യമത്തിലെ പോസ്റ്റിനെക്കുറിച്ച് ബന്ധുക്കൾ പൊലീസിനെ അറിയിച്ചതോടെ അപകടത്തെക്കുറിച്ച് വിശദമായി പൊലീസ് അന്വേഷിച്ചു. പ്രകാശ് എഴുതിയ ആത്മഹത്യാക്കുറിപ്പും കണ്ടെടുത്തു. കെഎസ്ആർടിസിക്ക് ഇന്ധനവുമായി വന്നതായിരുന്നു ടാങ്കർ. ടാങ്കറിന്റെ നിയന്ത്രണം നഷ്ടമാകാത്തതിനാൽ വലിയ ദുരന്തം ഒഴിവായി.
ഭാര്യയ്ക്ക് ചിലരുമായുള്ള സൗഹൃദത്തെച്ചൊല്ലി ഇരുവരും തമ്മിൽ തർക്കമുണ്ടായിരുന്നതായി പൊലീസിനു വിവരം ലഭിച്ചിട്ടുണ്ട്. എന്നാൽ, തർക്കമുള്ളതായി അറിയില്ലായിരുന്നെന്ന് ബന്ധുക്കൾ പറയുന്നു. സ്വകാര്യ ഇൻഷുറന്‍സ് കമ്പനിയിൽ ജീവനക്കാരനാണ് പ്രകാശ്.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക