മക്കയിൽ തിരക്കേറുന്നു; വെള്ളിയാഴ്ച മുതൽ മക്കയിലേക്കുള്ള പ്രവേശനം കൂടുതൽ കർശനമാക്കും. ഉംറ തീർഥാടകർക്കും വിലക്ക്
വെള്ളിയാഴ്ച (ജൂൺ 24) മുതൽ മക്കയിലേക്ക് പ്രവേശിക്കുന്നതിനുള്ള നിയന്ത്രണം കൂടുതൽ കർശനമാക്കും. മക്കയിലെത്തുന്ന ഹജ്ജ് തീർഥാടകരുടെ എണ്ണം വർധിച്ച് വരുന്ന സാഹചര്യത്തിലാണ് നടപടി. ഹജ്ജ് തീർഥാടകർക്ക് അനായാസം കർമ്മങ്ങൾ ചെയ്യുന്നതിനും, വ്യാജ തീർഥാടകരെ തടയുന്നതിൻ്റേയും ഭാഗമായാണിത്. മക്കയിലേക്കുള്ള പ്രവേശന കവാടങ്ങളിലും പരിശോധന ശക്തമാക്കാനാണ് നിർദ്ദേശം.
ജൂൺ 24 വെള്ളിയാഴ്ച മുതൽ ഉംറ തീർഥാടകർക്കും മക്കയിലേക്ക് പ്രവേശനമുണ്ടാകില്ല. ഹജ്ജ് തീർഥാടകർ മാത്രമായിരിക്കും വെള്ളിയാഴ്ച മുതൽ ഉംറ നിർവഹിക്കുക. എന്നാൽ ഹജ്ജിന് ശേഷം ദുൽഹജ്ജ് 20 (ജൂലൈ 19) മുതൽ ഉംറ പെർമിറ്റുകൾ വീണ്ടും അനുവദിച്ച് തുടങ്ങുമെന്ന് ഹജ്ജ് ഉംറ മന്ത്രാലയം അറിയിച്ചു.
മക്കയിൽ താമസരേഖ (ഇഖാമ) യുള്ളവർക്കും, മക്കയിൽ ജോലി ചെയ്യുന്നവർക്കും, മക്കയിലേക്ക് പ്രവേശിക്കാൻ പ്രത്യേക പെർമിറ്റെടുത്തവർക്കും, ഹജ്ജ് പെർമിറ്റുള്ളവർക്കും മാത്രമേ വെള്ളിയാഴ്ച മുതൽ മക്കയിലേക്ക് പ്രവേശനം അനുവദിക്കുകയുള്ളു.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക