മുസ്‍ലിം പെൺകുട്ടികൾക്ക് 16-ാം വയസ്സിൽ വിവാഹം കഴിക്കാം; പഞ്ചാബ് ഹൈക്കോടതി

മുസ്‍ലിം പെൺകുട്ടികൾക്ക് 16-ാം വയസ്സിൽ വിവാഹം കഴിക്കാമെന്ന് പഞ്ചാബ് ആൻഡ് ഹരിയാന ഹൈക്കോടതി. മുസ്‍ലിം വ്യക്തിനിയമത്തിലെ നിർദേശം ശരിവെച്ചാണ് കോടതിയുടെ നിരീക്ഷണം. വീട്ടുകാരുടെ എതിർപ്പ് മറികടന്ന് വിവാഹിതരായ പത്താൻകോട്ടിൽനിന്നുള്ള മുസ്‍ലിം ദമ്പതികളുടെ ഹരജിയിലാണ് ജസ്റ്റിസ് ജസ്ജീത് സിങ് ബേദിയുടെ വിധി.  മുസ്ലീം പെണ് കുട്ടികൾക്ക് സ്വന്തം ഇഷ്ടപ്രകാരം 16ാം വയസ്സിൽ വിവാഹം കഴിക്കാമെന്ന് സിംഗ്ൾ ബെഞ്ച് വിധിന്യായത്തിൽ ചൂണ്ടിക്കാട്ടി. മുസ്‍ലിം വ്യക്തിനിയമം അടിസ്ഥാനമാക്കിയാണ് മുസ്‍ലിം പെൺകുട്ടിയുടെ വിവാഹ പ്രായം നിശ്ചയിക്കുന്നതെന്നും കോടതി വ്യക്തമാക്കി.

കുടുംബത്തിൻ്റെ സമ്മതമില്ലാതെ നടന്ന വിവാഹമായതിനാൽ സംരക്ഷണം തേടിയാണ് പത്താൻകോട്ടിൽനിന്നുള്ള മുസ്‍ലിം ദമ്പതികൾ കോടതിയെ സമീപിച്ചത്.

കുടുംബാംഗങ്ങളുടെ താൽപര്യത്തിനെതിരായാണ് വിവാഹം കഴിച്ചത് എന്നതുകൊണ്ടുമാത്രം ഭരണഘടന അനുശാസിക്കുന്ന അടിസ്ഥാനാവകാശങ്ങൾ അവർക്ക് നൽകാതിരിക്കാനാവില്ലെന്നും, ഹരജിക്കാരുടെ ആശങ്കകൾ പരിഗണിക്കപ്പെടേണ്ടതാണെന്നതിനോട് കണ്ണടക്കാനുമാവില്ലെന്നും വിധിന്യായത്തിൽ കോടതി ചൂണ്ടിക്കാട്ടി. കൂടാതെ ദമ്പതികൾക്ക് സംരക്ഷണം നൽകാൻ അടിയന്തര നിയമനടപടികൾ സ്വീകരിക്കാനും പൊലീസ് അധികൃതർക്ക് കോടതി നിർദേശം നൽകി.

സർ ദിൻഷാ ഫർദുഞ്ഞി മുല്ലയുടെ ‘പ്രിൻസിപ്പ്ൾസ് ഓഫ് മുഹമ്മദൻ ലോ’ എന്ന പുസ്തകത്തിലെ 195-ാം ആർട്ടിക്കിളിൽ പറയുന്നതു പ്രകാരം 16 വയസ്സ് കഴിഞ്ഞ പെൺകുട്ടി തന്റെ താൽപര്യമനുസരിച്ചുള്ള ജീവിത പങ്കാളിയെ തെരഞ്ഞെടുക്കാൻ പ്രാപ്തയാണ്. ആൺകുട്ടിക്ക് 21 വയസ്സ് കഴിഞ്ഞിട്ടുണ്ട്. മുസ്‍ലിം വ്യക്തിനിയമപ്രകാരം ഇരുവർക്കും വിവാഹം കഴിക്കാനുള്ള പ്രായം എത്തിയിട്ടുണ്ട്.’ -കോടതി ചൂണ്ടിക്കാട്ടി.

21കാരനായ യുവാവും 16കാരിയായ പെൺകുട്ടിയും 2022 ജനുവരി എട്ടിനാണ് ഇസ്‍ലാമിക ആചാര പ്രകാരം വിവാഹിതരായത്. ഇരുവരുടെയും കുടുംബങ്ങൾ വിവാഹത്തിന് എതിരായിരുന്നു. നിയമപരമല്ലാത്ത വിവാഹമാണെന്ന് കുറ്റപ്പെടുത്തി ഇരുകുടുംബങ്ങളും ഭീഷണിപ്പെടുത്തുകയാണെന്ന് ചൂണ്ടിക്കാട്ടിയാണ് ദമ്പതികൾ കോടതിയുടെ സംരക്ഷണം തേടിയത്.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share
error: Content is protected !!