പ്രവാചക നിന്ദയെ അപലപിച്ച് മക്കയിലെ ഹറം ഇമാം; പ്രവാചക നിന്ദ ക്രിമിനൽ കുറ്റമാക്കണമെന്ന് ജുമുഅ ഖുതുബയിൽ ഇമാം – വീഡിയോ

അന്ത്യ പ്രവാചകനായ മുഹമ്മദ് നബിയെ അപകീർത്തിപ്പെടുത്തുംവിധം പ്രസ്താവനകളിറക്കുന്നവർക്കെതിരെ മക്കയിലെ ഹറം പള്ളയിൽ നടന്ന ജുമുഅ ഖുതുബയിൽ വിമർശനം. ഇന്ന് (17-06-2022) ന് നടന്ന ജുമുഅ ഖുതുബയിൽ മക്ക ഹറം പളളി ഇമാം ശൈഖ് അബ്ദുല്ല അവാദ് അൽ ജുഹനിയാണ് വിമർശനം ഉയർത്തിയത്.

പ്രവാചകന്മാരെയും മറ്റു ദൂതന്മാരെയും അവഹേളിക്കുന്നത് ക്രിമിനൽ കുറ്റമാക്കാൻ ലോക രാജ്യങ്ങളോടും അന്താരാഷ്ട്ര സംഘടനകളോടും ഇമാം  ഖുതുബയിൽ അഭ്യർത്ഥിച്ചു.

അന്ത്യ പ്രവാചകനായ മുഹമ്മദ്‌ നബിയെയും വിശ്വാസികളുടെ മാതാവായ ആഇശ ബീവിയെയും മോശമായി ചിത്രീകരിച്ച് വിശ്വാസികളെയും മതത്തെയും മോശമാക്കി ചിത്രീകരിക്കാനുള്ള ശ്രമങ്ങൾ  ഇസ്‌ലാമിനേയോ പ്രവാചകനേയോ  ദോഷകരമായി ബാധിക്കുകയില്ലെന്നും ഇമാം പറഞ്ഞു.

ജുമുഅ ഖുതുബയിലെ പ്രസ്തുത പരമാർശങ്ങളുൾപ്പെടുന്ന ഭാഗം ട്വിറ്റർ പേജിലൂടെയാണ് പുറത്ത് വന്നത്. എന്നാൽ ഈ ട്വിറ്റർ പേജ് ഹറം കാര്യ വിഭാഗത്തിൻ്റേയോ, സൌദി അറേബ്യയുടെയോ ഔദ്യോഗിക പേജല്ല. എങ്കിലും പ്രചരിക്കുന്ന വീഡിയോ ഹറമിലെ ഇന്നത്തെ ഖുതുബയുടേതാണെന്നാണ് വിദഗ്ധർ പറയുന്നത്.

ഇന്ത്യയിൽ ബി.ജെ.പി നേതാക്കൾ പ്രവാചകനെ നിന്ദിച്ചുകൊണ്ട് പ്രസ്താവനകളിറക്കിയതിനെതിരെ അന്താരാഷ്ട്ര തലത്തിൽ വൻ പ്രതിഷേധം നടന്ന് വരികയാണ്. വിവിധ ഗൾഫ് രാജ്യങ്ങളും ശക്തമായി അപലപിച്ചിരുന്നു. അതിനിടയിലാണ് ഹറം ഇമാം മക്കയിൽ ജുമുഅ ഖുതുബയിലൂടെയും ഇത്തരം ശ്രമങ്ങളെ അപലപിച്ചത്.

 

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

 

Share
error: Content is protected !!