സംസ്ഥാനത്ത് പലയിടങ്ങളിലും സംഘർഷം; കെപിസിസി ആസ്ഥാനത്ത് ആക്രമണം

മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമാനത്തിനുള്ളിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധിച്ച സംഭവത്തിനു പിന്നാലെ സംസ്ഥാനത്ത് വിവിധ ഇടങ്ങളിൽ അക്രമസംഭവങ്ങൾ. തലസ്ഥാനത്ത് നടന്ന മാര്‍ച്ചില്‍ യൂത്ത്‌കോണ്‍ഗ്രസ്, കോണ്‍ഗ്രസ് ഫ്‌ളക്‌സുകള്‍ കീറിയെറിഞ്ഞ് റോഡിലിട്ടു.തിരുവനന്തപുരം കെ.പി.സി.സി ഓഫീസിന് നേരെ കല്ലേറുണ്ടായി. ഓഫീസിന് മുന്നില്‍ നിര്‍ത്തിയിട്ട കാര്‍ തകര്‍ത്തു. എം.ജി റോഡിന് ഇരുവശവുമുള്ള ബോര്‍ഡുകളും നശിപ്പിച്ചു. ഡി.വൈ.എഫ്.ഐ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പ്രതിഷേധം.

യൂത്ത് കോണ്‍ഗ്രസ്സ് നേതൃത്വത്തില്‍ ലീഗ് – ബിജെപി ഐക്യ മുന്നണി നടത്തുന്ന കലാപ സമാനമായ പ്രതിഷേധ നാടകങ്ങള്‍ ഇന്ന് അതിന്റെ സര്‍വ്വ സീമയും ലംഘിച്ചിരിക്കുകയാണെന്ന് ഡി.വൈ.എഫ്.ഐ പ്രസ്താവനയില്‍ പറഞ്ഞു. വിമാനം പോലുള്ള അതീവ സുരക്ഷാ മേഖലയില്‍ മുഖ്യമന്ത്രിക്കും എല്‍.ഡി.എഫ് കണ്‍വീനര്‍ക്കും നേരെ നടന്ന കയ്യേറ്റ ശ്രമം ഞെട്ടിപ്പിക്കുന്നതും അതീവ ഗൗരവത്തോടെ കാണേണ്ടതുമാണ്. കെ. സുധാകരന്‍ ആര്‍എസ്എസ് വാടക കൊലയാളികളെ ഉപയോഗിച്ചാണ് ട്രെയിനില്‍ വച്ച് മുന്‍പ് പിണറായി വിജയനെ വധിക്കാന്‍ ശ്രമിച്ചത്. സുധാകരന്‍ അതേ രണ്ട് പേരെ പുതിയ ഗുണ്ടകളെ അയച്ചു വിമാനത്തിനകത്ത് വച്ച് നേരിടാന്‍ അയച്ചത് അതീവ ഗൗരവകരമായ വിഷയമാണെന്നും ഡി.വൈ.എഫ്.ഐ ആരോപിച്ചു.

എ.കെ.ആന്‍റണി ഓഫിസില്‍ ഉള്ളപ്പോഴാണ് കെ.പി.സി.സി ആസ്ഥാനത്ത്  ആക്രമണം നടന്നത്. ഓഫിസിനു നേരെയുള്ള അക്രമത്തിൽ മുഖ്യമന്ത്രിയുടെയും പാർട്ടി സെക്രട്ടറിയുടെയും നിലപാട് അറിഞ്ഞാൽ കൊള്ളാമെന്ന് ആന്‍റണി പറഞ്ഞു. ഒരിക്കലും സംഭവിക്കാൻ പാടില്ലാത്ത അതിക്രമമെന്നും അദ്ദേഹം പറഞ്ഞു. ആക്രമിച്ചത് സിപിഎം പ്രവർത്തകരെന്ന് കോൺഗ്രസ് പറഞ്ഞു.

കെപിസിസി ഓഫിസ് ആക്രമണത്തിനു പിന്നാലെ പ്രതിഷേധപ്രകടനം നടത്തിയ കോൺഗ്രസ് പ്രവർത്തകർ വെള്ളയമ്പലം – ശാസ്തമംഗലം റോഡിലെ സിപിഎം പതാക നശിപ്പിച്ചു. ഇതേത്തുടർന്നു വനിതകൾ ഉൾപ്പെടെയുള്ള പ്രവർത്തകർക്കു നേരെ പൊലീസ് ലാത്തിവീശി. തിരുവനന്തപുരത്ത് ഡിവൈഎഫ്ഐ പ്രകടനത്തിനിടെ കോണ്‍ഗ്രസുകാര്‍ സ്ഥാപിച്ച ഫ്ലക്സുകള്‍ പ്രവര്‍ത്തകര്‍ നശിപ്പിച്ചു. ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ സെക്രട്ടേറിയറ്റിനു മുന്നില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു.

കോണ്‍ഗ്രസ് നടത്തുന്നത് അതിരുവിട്ട കളിയെന്ന് ജില്ലാ സെക്രട്ടറി ഷിജുഖാന്‍ പറഞ്ഞു. മുഖ്യമന്ത്രിയെ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചവര്‍ കരുതിയിരിക്കണം. വി.ഡി.സതീശനും കെ.സുധാകരനും വസതിയില്‍നിന്ന് ഇറങ്ങാന്‍ പ്രയാസപ്പെടേണ്ടിവരുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി. ഡിവൈഎഫ്ഐ തുമ്മിയാൽ ഒലിച്ചുപോകുന്നതേ ഉള്ളൂ യൂത്ത് കോൺഗ്രസ്. നിയമസഭയിലേക്ക് സ്വച്ഛന്ദമായി കയറാൻ സതീശനാവില്ലെന്നും അദ്ദഹം പറഞ്ഞു. പ്രതിഷേധ പ്രകടനത്തിൽ തിരുവനന്തപുരം മേയറും പങ്കെടുത്തു.

കാസർകോട് നീലേശ്വരം മണ്ഡലം കോൺഗ്രസ് കമ്മിറ്റി ഓഫിസ് ഡിവൈഎഫ്ഐ പ്രവർത്തകർ അടിച്ചു തകർത്തു. വിമാനത്തിൽ മുഖ്യമന്ത്രിക്കെതിരായി നടന്ന പ്രതിഷേധത്തിനെതിരായ ഡിവൈഎഫ്ഐയുടെ പ്രകടനത്തിനിടെയാണ് സംഭവം.  ഓഫിസിൽ കയറി ഫർണിച്ചറുകൾ അടച്ചു തകർത്തു. ഈ സമയത്ത് ഓഫിസിൽ മണ്ഡലം കോൺഗ്രസ് പ്രസിഡന്റും മറ്റൊരു ഭാരവാഹിയും മാത്രമാണ് ഉണ്ടായിരുന്നത്. തിങ്കളാഴ്ച വൈകിട്ട് 7.30നാണ് സംഭവം.

ഇടുക്കി ഡിസിസി പ്രസിഡന്റ് സി.പി.മാത്യുവിന്റെ വാഹനത്തിനു നേരെ സിപിഎം ആക്രമണം. കാർ അടിച്ചു തകർത്തു. സി.പി.മാത്യു തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

പത്തനംതിട്ട അടൂരിൽ സിപിഎം പ്രവർത്തകർ കോൺഗ്രസ് ഓഫിസ് ആക്രമിച്ചു. കോൺഗ്രസ് നേതാവിനെ മർദിച്ചു. തടഞ്ഞ പൊലീസും സിപിഎം പ്രവർത്തകരും തമ്മിൽ സംഘർഷമുണ്ടായി. കണ്ണൂർ ഇരിട്ടിയിലും യൂത്ത് കോണ്‍ഗ്രസ്– ഡിവൈഎഫ്ഐ സംഘർഷമുണ്ടായി. ഒട്ടേറെ പേർക്ക് പരുക്കേറ്റു. യൂത്ത് കോൺഗ്രസ്, ഡിവൈഎഫ്ഐ പ്രകടനങ്ങൾ ഇരുദിശയിലായി വരുമ്പോഴാണ് സംഘർഷമുണ്ടായത്.

ഇതിനിടെ പ്രതിഷേധിച്ച യൂത്ത്‌കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പാര്‍ട്ടി സംരക്ഷിക്കുമെന്ന് കെ.പി.സി.സി അധ്യക്ഷന്‍ കെ.സുധാകരന്‍ വ്യക്തമാക്കി. മുന്‍കൂട്ടി പാര്‍ട്ടി നിശ്ചയിച്ച പ്രതിഷേധമായിരുന്നില്ല വിമാനത്തിനുള്ളിലേത്. എങ്കിലും നിയമപരമായും രാഷ്ട്രീയപരമായും എല്ലാ പിന്തുണയും പ്രവര്‍ത്തകര്‍ക്ക് നല്‍കുമെന്നും സുധാകരന്‍ വ്യക്തമാക്കി. പ്രതിഷേധക്കാരെ വലിയതുറ പോലീസ് കസ്റ്റഡിയിലെടുത്തു. ഇവര്‍ക്കെതിരേ, മെഡിക്കല്‍ പരിശോധനയ്ക്കും വിമാനത്താവള അധികൃതരുടെ റിപ്പോര്‍ട്ടിനും ശേഷം നടപടിയെടുക്കും.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share
error: Content is protected !!