ലഗ്ഗേജ് നഷ്ടപ്പെടുകയോ, വൈകുകയോ, കേടുകപ്പാടുകള്‍ സംഭവിക്കുകയോ ചെയ്താല്‍ നഷ്ടപരിഹാരം എത്ര, എപ്പോള്‍? GACA യുടെ വിശദീകരണം
റിയാദ്: വിമാന യാത്രക്കാരുടെ ലഗേജ് നഷ്ടപ്പെടുകയോ, വൈകുകയോ, കേടുപാടുകള്‍ സംഭവിക്കുകയോ ചെയ്താല്‍ മതിയായ നഷ്ടപരിഹാരം നല്‍കണമെന്ന് സൌദി ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍ വിമാനക്കമ്പനികള്‍ക്ക് നിര്‍ദേശം നല്കി.
യാത്രാ ടിക്കറ്റ് കൈവശമുള്ള ഉപഭോക്താവിന് ലഗ്ഗെജ് നഷ്ടപ്പെടുക, കേടുപാടുകള്‍ സംഭവിക്കുക, വൈകുക എന്നിവയ്ക്കു ചുരുങ്ങിയത് 1820 റിയാല്‍ നഷ്ടപരിഹാരം നല്കണം. സാധാരണ രീതിയില്‍ ഇത് 6000 റിയാലില്‍ കൂടരുത് എന്നും ഗാക്കയുടെ നിര്‍ദേശങ്ങളില്‍ പറയുന്നു.
എന്നാല്‍ ലഗേജിൽ വിലപ്പെട്ടതോ ഉയർന്ന മൂല്യമുള്ളതോ ആയ ഇനങ്ങൾ നഷ്ടപ്പെട്ടവര്‍ക്ക് കൂടുതല്‍ നഷ്ടപരിഹാരം ആവശ്യപ്പെടാം. ഇവര്‍ വിമാനത്തിൽ കയറുന്നതിന് മുമ്പ് തന്നെ സാധനങ്ങളെ കുറിച്ചും അതിന്റെ മൂല്യവും വിമാനക്കമ്പനിയോട് വെളിപ്പെടുത്തണമെന്നും GACA നിര്‍ദേശിച്ചു.
ആഭ്യന്തര വിമാന സര്‍വീസില്‍ ലഗേജ് വൈകുന്ന ഓരോ ദിവസത്തിനും 104 റിയാല്‍ നഷ്ടപരിഹാരം നല്കണം. പരമാവധി 520 റിയാല്‍ ആണ് നഷ്ടപരിഹാരം നല്കേണ്ടത്.
അന്താരാഷ്‌ട്ര വിമാന സര്‍വീസുകളില്‍ ലഗ്ഗെജ് വൈകുന്ന ഓരോ ദിവസത്തിനും ഉപഭോക്താക്കൾക്ക് 208 റിയാല്‍ നഷ്ടപരിഹാരം നൽകണം. ഇത് പരമാവധി 1,040 റിയാല്‍ വരെ നല്കാം.
ലഗ്ഗെജ് നഷ്ടപ്പെടുകയോ, കേടുപാടുകള്‍ സംഭവിക്കുകയോ ചെയ്താല്‍ നഷ്ടപരിഹാരത്തിനുള്ള ക്ലെയിം ലഭിച്ച തീയതി മുതൽ 30 ദിവസത്തിനുള്ളിൽ ഉപഭോക്താവിന് വിമാനക്കമ്പനി നഷ്ടപരിഹാരം നല്‍കണമെന്നും GACA നിര്‍ദേശിച്ചു.