ഗൾഫ് രാജ്യങ്ങളിലെ പ്രവാസികൾക്ക് സൗദി സന്ദർശിക്കാൻ പ്രത്യേക വിസ പ്രഖ്യാപിക്കും

വിവിധ ഗൾഫ് രാജ്യങ്ങളിൽ കഴിയുന്ന പ്രവാസികൾക്ക് സൌദി അറേബ്യ സന്ദർശിക്കുന്നതിനായി പ്രത്യേക സന്ദർശന വിസ ഉടൻ പുറത്തിറക്കുമെന്ന് സൌദി ടൂറിസം മന്ത്രി അഹമ്മദ് അല്‍ ഖത്തീബ്. ഇത് സംബന്ധിച്ച നടപടിക്രമങ്ങൾ അന്തിമ ഘട്ടത്തിലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പുതിയ വിസ പ്രാബല്യത്തിലാകുന്നതോടെ ഗള്‍ഫ് രാജ്യങ്ങളില്‍ ജോലി ചെയ്യുന്ന പ്രവാസികള്‍ക്ക് സൌദി സന്ദർശിക്കുവാൻ സഹായകരമാകും. എന്നാൽ  വിസ എത്ര കാലത്തേക്കെന്നോ, ആർക്കെല്ലാം വിസ ലഭിക്കുമെന്നോ മറ്റു വിവരങ്ങളോ ഇപ്പോൾ വ്യക്തമല്ല.

രാജ്യത്തേക്ക് ടൂറിസ്റ്റുകളെ ആകർഷിക്കുന്നതിനായി വൻ  പദ്ധതികളാണ് തയ്യാറാക്കി വരുന്നത്. അതിൻ്റെ ഭാഗമായാണ് പുതിയ വിസ പ്രഖ്യാപിക്കാനൊരുങ്ങുന്നതും. ഗൾഫ് പ്രാവാസികൾക്കുള്ള  സന്ദർശന വിസ വൈകാതെ ലഭിച്ച് തുടങ്ങും. ദിരിയ പദ്ധതിയിൽ ഈ വർഷം ബുജൈരി പ്രദേശം തുറക്കുമെന്നും 2019 ൽ രാജ്യം ആരംഭിച്ച ടൂറിസ്റ്റ് വിസകൾ ഇപ്പോഴും നിലവിലുണ്ടെന്നും, ടൂറിസം വിസയില്‍ വരുന്നവര്‍ക്ക് യാതൊരു നിയന്ത്രണങ്ങളുമില്ലെന്നും മന്ത്രി വിശദീകരിച്ചു.

2030-ഓടെ രാജ്യത്തിന്റെ ജിഡിപിയിൽ ടൂറിസം മേഖലയുടെ സംഭാവന ഏകദേശം 10% ആക്കുകയാണ് ലക്ഷ്യം. അതിനായി 200 ബില്യൺ ഡോളറിലധികം ചെലവഴിക്കാനാണ് നീക്കം. ട്രാവൽ ആൻഡ് ടൂറിസം മേഖല കൈകാര്യം ചെയ്യുന്നതിനും പ്രവർത്തിപ്പിക്കുന്നതിനുമുള്ള അടിസ്ഥാനം സ്വകാര്യ മേഖലയാണെന്ന് സിഎൻബിസി അറേബ്യയുമായുള്ള ഇടപെടലിൽ അൽ-ഖത്തീബ് സൂചിപ്പിച്ചു.

ലോകത്ത് പടർന്ന് പിടിച്ച കൊറോണ മഹാമാരി മൂലം ടൂറിസം മേഖല 40 ശതമാനം ചുരുങ്ങി. കഴിഞ്ഞ വർഷം വിദേശത്ത് നിന്നെത്തിയ സന്ദർശകരുടെ എണ്ണം 5 ദശലക്ഷം ആയെന്നും മന്ത്രി വിശദീകരിച്ചു.

2021-ലെ 4 ദശലക്ഷം സന്ദർശനങ്ങളെ അപേക്ഷിച്ച് ഈ വർഷം 12 ദശലക്ഷം വിദേശ സന്ദർശകരെയാണ് പ്രതീക്ഷിക്കുന്നതെന്ന് അൽ ഖത്തീബ് നേരത്തെ വ്യക്തമാക്കിയിരുന്നു.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share
error: Content is protected !!