കരിപ്പൂർ വിമാനദുരന്തം: ഒമ്പതംഗ സമിതി റിപ്പോർട്ടിലും എയർ ഇന്ത്യ എക്സ്പ്രസിനെതിരെ വിമർശനം
2020ൽ കോഴിക്കോട് വിമാനത്താവളത്തിൽ നടന്ന വിമാനാപകടം സംബന്ധിച്ച് എയർ ഇന്ത്യ എക്സ്പ്രസിനെതിരെ വിമർശനം. അപകടത്തിൻ്റെ പശ്ചാതലത്തിൽ നിയോഗിച്ച സമിതി റിപ്പോർട്ടിലാണ് എയർ ഇന്ത്യ എക്സ്പ്രസിനെതിരെ പരാമർശങ്ങളുള്ളത്. എയർ ഇന്ത്യ എക്സ്പ്രസിൻ്റെ ക്രൂ റിസോഴ്സ് മാനേജ്മെന്റ് ഉൾപ്പെടെയുള്ളവക്ക് എതിരെയാണ് സമിതിയുടെ വിമർശനം. കേന്ദ്ര വ്യോമയാന മന്ത്രാലയം നിയോഗിച്ച ഒമ്പതംഗ സമിതിയുടെ റിപ്പോർട്ടിലാണ് വിമർശനം.
എയർ ഇന്ത്യ എക്സ്പ്രസ് കൂടുതൽ സർവിസ് നടത്തുന്ന വിമാനത്താവളമായ കരിപ്പൂരിൽ 26 ഫസ്റ്റ് ഓഫിസർമാരെയാണ് കമ്പനി നിയോഗിച്ചത്. ഇത്രയും പേർക്ക് ഒരു ക്യാപ്റ്റൻ മാത്രമേയുള്ളൂ. അപകടത്തിൽപ്പെട്ട വിമാനത്തിന്‍റെ പൈലറ്റ് ഇൻ കമാൻഡായ ദീപക് സാഥെയാണ് ഏക ക്യാപ്റ്റൻ. അപകടം നടന്നതിന് അടുത്ത ദിവസം രാവിലെയുള്ള ദോഹ വിമാനത്തിലെയും ക്യാപ്റ്റൻ ഇദ്ദേഹമായിരുന്നു. ദോഹ വിമാനത്തിന്‍റെ സ്റ്റാൻഡ്ബൈ ക്യാപ്റ്റനായിട്ടായിരുന്നു സാഥെയെ ആദ്യം തീരുമാനിച്ചത്. ഒടുവിൽ ഏഴിനാണ് ഇദ്ദേഹത്തിനോട് ദോഹ വിമാനവും നിയന്ത്രിക്കാൻ ആവശ്യപ്പെട്ടത്.
പെട്ടെന്നുണ്ടായ ഡ്യൂട്ടിമാറ്റവും അപകടത്തെ സ്വാധീനിക്കുന്ന ഘടകങ്ങളായി അന്വേഷണ റിപ്പോർട്ടിലുണ്ടായിരുന്നു. ആവശ്യത്തിന് ഉദ്യോഗസ്ഥരെ ലഭ്യമാക്കാത്ത വിമാനകമ്പനിയുടെ എച്ച്.ആർ നയം അപകടത്തിലേക്കുള്ള കാരണമായി പുതിയ റിപ്പോർട്ടിലും പറയുന്നു. ഈ വിഷയങ്ങളിൽ നടപടി സ്വീകരിച്ചതായി എയർ ഇന്ത്യ എക്സ്പ്രസ് വിദഗ്ധ സമിതിക്ക് റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്. 2020 ആഗസ്റ്റ് ഏഴിനായിരുന്നു വിമാനാപകടം.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക