പ്രണയ നൈരാശ്യം: കോഴിക്കോട്ട് കോളേജ് വിദ്യാര്‍ഥിനിയെ വെട്ടിപരിക്കേല്‍പ്പിച്ചു; പിന്നാലെ യുവാവ് കൈഞരമ്പ് മുറിച്ചു

കോഴിക്കോട്: നാദാപുരം പേരോട് കോളജ് വിദ്യാർഥിനിയെ യുവാവ് വെട്ടിപ്പരുക്കേൽപിച്ചു. നഹീമ എന്ന വിദ്യാർഥിനിക്കാണ് വെട്ടേറ്റത്. നഹീമയുടെ സുഹൃത്തും  മൊകേരി സ്വദേശിയുമായ റഫ്‌നാസ് എന്നയാളാണ് പെൺകുട്ടിയെ വെട്ടിയത്.

പേരോട് സ്വദേശിനിയായ നഹീമ മൂന്നാംവര്‍ഷ ബിരുദ വിദ്യാര്‍ഥിനിയാണ്. അതീവ ഗുരുതരമായി പരുക്കേറ്റ നഹീമയെ കോഴിക്കോട് മിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നഹീമ ഇപ്പോൾ വെൻ്റിലേറ്ററിലാണ്.

ആക്രമണത്തിന് തൊട്ടുപിന്നാലെ യുവാവ് കൈഞരമ്പ് മുറിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ചു. പ്രണയനൈരാശ്യത്തെ തുടര്‍ന്നാണ് പെണ്‍കുട്ടിയെ ആക്രമിച്ചതെന്നാണ് പ്രതിയുടെ മൊഴി. പ്ലസ്ടു കാലം മുതലുള്ള പ്രണയം പെൺകുട്ടി നിരസിച്ചതിലുള്ള പകയിലാണ് കൃത്യം ചെയ്തതെന്നാണ് പ്രതി പൊലീസിനു നൽകിയ മൊഴിയിൽ പറയുന്നത്. ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

ഇരുവര്‍ക്കും നാദാപുരം താലൂക്ക് ആശുപത്രിയില്‍ പ്രഥമ ചികില്‍സ നൽകിയ ശേഷമാണ് കോഴിക്കോട്ടേയ്ക്കു കൊണ്ടുപോയത്.

വ്യാഴാഴ്ച ഉച്ചയ്ക്ക് കല്ലാച്ചി തട്ടയത്ത് എം.എൽ.പി സ്‌കൂൾ പരിസരത്ത് പെൺകുട്ടിയും റഫ്‌നാസും തമ്മിൽ കുറേനേരം വാക്കുതർക്കമുണ്ടായിരുന്നു. ഇത് നാട്ടുകാർ ശ്രദ്ധിക്കുന്നുണ്ടായിരുന്നു.

തർക്കത്തിൽ നാട്ടുകാർ ഇടപെടാൻ ശ്രമിക്കുന്നതിനിടെയാണ് റഫ്‌നാസ് കൈയിലുണ്ടായിരുന്ന കൊടുവാൾ ഉപയോഗിച്ച് പെൺകുട്ടിയുടെ തലയ്ക്കു വെട്ടിയത്. തലയുടെ പിൻഭാഗത്താണ് വെട്ടേറ്റത്. ഗുരുതരമായി പരിക്കേറ്റ വിദ്യാർത്ഥിനിയെ നാട്ടുകാർ ഉടൻ നാദാപുരത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. തുടർന്ന് വടകര സഹകരണ ആശുപത്രിയിൽ പ്രവേശിക്കുകയും ചെയ്തു. അതിന് ശേഷമാണ് കോഴിക്കോട് മിംസ് ആശുപത്രിയിലേക്ക് പെണ്കുട്ടിയെ മാറ്റിയത്.

ഇതിനിടെ രക്ഷപ്പെട്ട റഫ്‌നാസിനെ പിന്തുടർന്നു. പിടികൂടാനുള്ള ശ്രമത്തിനിടെ യുവാവ് കൈഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു. തുടർന്ന് നാട്ടുകാർ തന്നെ ഇയാളെ പിടികൂടി പൊലീസിനു കൈമാറി. ഉടൻ നാദാപുരത്തെ ആശുപത്രിയിലെത്തിക്കുകയും ചെയ്തു.

പ്ലസ്ടു വരെ ഇരുവരും ഒരുമിച്ചു പഠിച്ചതാണ്. എന്നാൽ, അന്നു തൊട്ട് പ്രണയമുണ്ടെന്നാണ് പറയുന്നത്. പിന്നീട് പെൺകുട്ടി പ്രണയം നിരസിച്ചതോടെയാണ് പക തുടങ്ങിയത്. ആ പക തീർക്കുകയായിരുന്നു കൃത്യത്തിലൂടെയെന്ന് റഫ്‌നാസ് മൊഴിയിൽ പറഞ്ഞു.

പെൺകുട്ടിയുടെ ആരോഗ്യനില അതീവ ഗുരുതരമാണ്. ഇതേതുടർന്നാണ് വെന്റിലേറ്ററുള്ള ആംബുലൻസിൽ കോഴിക്കോട്ടെ മിംസ് ആശുപത്രിയിലേക്ക് മാറ്റിയത്.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share
error: Content is protected !!