ആദ്യ മലയാളി ഹജ്ജ് തീർഥാടക സംഘം മക്കയിലെത്തി; ഉംറ നിർവഹിച്ചു
ആദ്യ മലയാളി ഹജ്ജ് സംഘം മക്കയിലെത്തി. സ്വകാര്യ ഹജ്ജ് ഗ്രൂപ്പ് വഴി ഇന്നലെ കോഴിക്കോട് വിമാനത്താവളത്തിൽ നിന്ന് പുറപ്പെട്ട ഹജ്ജ് സംഘം ഇന്ന് പുലർച്ചെ 3.30നാണ് ജിദ്ദ വിമാനത്താവളത്തിലിറങ്ങിയത്. ജിദ്ദ ഹജ്ജ് ടെർമിനലിൽ വിമാനമിറങ്ങിയ ആദ്യ സംഘം യാത്ര നടപടിക്രമങ്ങൾ പൂർത്തിയാക്കി രാവിലെ 8.30ന് മക്കയിലെത്തി.
താമസ സ്ഥലത്തെത്തി ഭക്ഷണം കഴിച്ച് വിശ്രമിച്ച ശേഷം തീർഥാടകർ ഹറം പള്ളിയിലെത്തി ഉംറ കർമ്മം ആരംഭിച്ചു. സംഘം നാളെ ഹറം പള്ളിയിൽ വെച്ച് ആദ്യ ജുമുഅ നിസ്കാരം നിർവഹിക്കുമെന്ന് അമീർ ഹനീഫ ദാരിമി അറിയിച്ചു. അൽ ഹിന്ദ് ഹജ്ജ് ഗ്രൂപ്പ് വഴിയാണ് ഇവർ ഹജ്ജ് നിർവഹിക്കാനെത്തിയത്.
മക്ക ഹറം പള്ളിക്ക് സമീപത്തെ ലീ മെറിഡിയൻ ഹോട്ടലിലാണ് ഇന്ന് എത്തിയ ആദ്യ മലയാളി തീർഥാടക സംഘത്തിന് താമസ സൌകര്യമൊരുക്കിയിട്ടുള്ളത്.
കോഴിക്കോട് വിമാനത്താവളത്തിൽ നിന്ന് ഇൻഡിഗോ വിമാനത്തിൽ ഖത്തറിലെത്തിയ സംഘം, പിന്നീട് ഖത്തർ എയർവേഴ്സിലാണ് ജിദ്ദയിലെത്തിയത്.
മക്കയിൽ എത്തിയ 49 പേരടങ്ങുന്ന സംഘത്തെ മക്ക കെഎംസി സി ഹജ്ജ് സെൽ ചെയർമാൻ കുഞ്ഞിമോൻ കാക്കിയ, നാഷണൽ ഹജ്ജ് കമ്മിറ്റി ജനറൽകൺവീനർ മുജീബ് പൂക്കോട്ടൂർ, വളണ്ടിയർ ക്യാപ്റ്റൻ നാസർ കിൻസാറ, മുസ്തഫ മുഞകുളം എന്നിവരുടെ നേതൃത്വത്തിൽ സ്വീകരിച്ചു.
സമസ്ത ഇസ്‌ലാമിക് സെന്റർ നാഷ്ണൽ സെക്രട്ടറിയും മക്ക വിഖായ ചീഫ് കോർഡിനേറ്ററുമായ മുനീർ ഫൈസി, നാഷ്ണൽ വിഖായ ചെയർമാൻ ഫരീദ് ഐക്കരപ്പടി, എസ് ഐ സി പ്രൊവിൻസ് സെക്രട്ടറി മുജീബ് നീറാട്, അയ്യൂബ്, അസീസ് കൊളപ്പുറം തുടങ്ങിയ വിഖായ നേതാക്കളും ആദ്യ ഹജ്ജ് സംഘത്തെ സ്വീകരിക്കാനെത്തി.
രണ്ട് വർഷത്തെ ഇടവേളക്ക് ശേഷമാണ് വിദേശ രാജ്യങ്ങളിൽ നിന്നുള്ള തീർഥാടകർ മക്കയിൽ ഹജ്ജിനെത്തുന്നത്. മക്കയിലെത്തുന്ന തീർഥാടകർക്ക് സേവനം നൽകുന്നതിനായി മക്ക കെ.എം.സി.സി വിപുലമായ ക്രമീകരണങ്ങളാണ് ഒരുക്കിയിട്ടുള്ളത്.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
വനിതകളുൾപ്പെടെ അഞ്ഞൂറ് പേരെയാണ് ഈ വർഷത്തെ ഹജ്ജ് സേവനത്തിനായി മക്ക കെ.എം.സി.സി തയ്യാറാക്കിയിട്ടുള്ളത്. ഇവർക്കുള്ള പ്രത്യേക പരീശീലനം നേരത്തെ തന്നെ പൂർത്തിയാക്കിയിട്ടുണ്ട്. മൂന്ന് ഷിഫ്റ്റുകളിലായി 24 മണിക്കൂറും കെ.എം.സി.സി വളണ്ടിയർമാരുടെ സേവനം തീർഥാടകർക്ക് ലഭിക്കും.
തീർഥാടകർ താമസിക്കുന്ന കെട്ടിടങ്ങളിലെ ഐസൊലേഷൻ വാർഡുകളിലും, ആശുപത്രികൾ കേന്ദ്രീകരിച്ചും പ്രത്യേക പരിശീലനം നേടിയ കെ.എം.സി.സി വളണ്ടിയർമാർ സേവനം ചെയ്യും. എല്ലാ വർഷവും ഇന്ത്യൻ ഹജ്ജ് മിഷനുമായി സഹകരിച്ചാണ് കെ.എം.സി.സി ഹജ്ജ് വളണ്ടിയർമാർ സേവനം നടത്താറുള്ളത്.
സംസ്ഥാന ഹജ്ജ് കമ്മറ്റി മുഖനേ എത്തുന്ന തീർഥാടകർ കൊച്ചിയിൽ നിന്ന് നേരെ മദീനയിലേക്കാണ് വരുന്നത്. ഇതുവരെ എത്തിയ തീർഥാടകർ ഇപ്പോൾ മദീനയിലാണുള്ളത്. ഇവർ മദീന സന്ദർശനം പൂർത്തിയാക്കിയ ശേഷം മക്കിയിലേക്ക് വരും.