ദുബായിൽ വീണ്ടും മലയാളിക്ക് നറുക്കെടുപ്പിൽ സമ്മാനം. ലഭിച്ചത് ഏഴരക്കോടി രൂപ

ദുബായ് ഡ്യൂട്ടി ഫ്രീ മില്ലേനിയം മില്യനയർ നറുക്കെടുപ്പിൽ വീണ്ടും മലയാളിയെ ഭാഗ്യം തുണച്ചു. അബുദാബിയിൽ ജോലി ചെയ്യുന്ന തിരുവനന്തപുരം വഴുതക്കാട് സ്വദേശി  റിയാസ് കമാലുദ്ദീൻ (50) എടുത്ത ടിക്കറ്റിന് ഏഴരക്കോടിയിലേറെ രൂപ (10 ലക്ഷം ഡോളർ) സമ്മാനം ലഭിച്ചു. സുഹൃത്തുക്കളും ബന്ധുക്കളുമുൾപ്പെടെ ഒൻപത്പേർ ചേർന്നായിരുന്നു ടിക്കറ്റെടുത്തിരുന്നത്. മേയ് 27ന് ഓൺലൈനിൽ വാങ്ങിയ 4330 നമ്പർ ടിക്കറ്റിനാണ് സമ്മാനം ലഭിച്ചത്. സമ്മാനത്തുക തുല്യമായി പങ്കിടും. 1999-ൽ മില്ലേനിയം മില്യനയർ പ്രമോഷൻ ആരംഭിച്ചതിന് ശേഷം 10 ലക്ഷം ഡോളർ നേടിയ 191-ാമത്തെ ഇന്ത്യക്കാരനാണ് റിയാസ്.

നേരത്തെ തനിച്ചായിരുന്നു ടിക്കറ്റെടുത്തിരുന്നത്. എന്നാൽ കഴിഞ്ഞ നാലു വർഷമായി സുഹൃത്തുക്കളെയും ബന്ധുക്കളെയും ചേർത്താണ് ടിക്കറ്റെടുക്കാറ്. ദുബായ് ഡ്യൂട്ടി ഫ്രീ, അബുദാബി ബിഗ് ടിക്കറ്റ് എന്നിവയാണ് ഇവർ ഒന്നിച്ചെടുത്തിരുന്നത്. എന്നാൽ ഇതാദ്യമായാണ് സമ്മാനം ലഭിക്കുന്നത്.

30 വർഷമായി യുഎഇയിലുള്ള റിയാസ് കഴിഞ്ഞ 13 വർഷമായി അബുദാബിയിലെ ഏവിയേഷൻ കമ്പനിയിൽ ജോലി ചെയ്ത് വരികയാണ്. അബുദാബിയിൽ എൻ‍ജിനീയറായ ജിപ് സീനയാണ് റിയാസിന്റെ ഭാര്യ. മൂത്തമകൾ അഫ്റ റിയാസ് ജോർജിയയിൽ മെഡിക്കൽ വിദ്യാർഥിനിയാണ്. രണ്ടാമത്തെ മകൾ ഫർഹ റിയാസ് അബുദാബി സൺറൈസ് ഇംഗ്ലീഷ് സ്കൂളിൽ പ്ലസ് ടു വിദ്യാർഥിനിയുമാണ്.

ദുബായ് ഡ്യൂട്ടി ഫ്രീയുടെ എക്‌സിക്യൂട്ടീവ് വൈസ് ചെയർമാനും സിഇഒയുമായ കോം മക്‌ലോഗ്ലിൻ ആണ് നറുക്കെടുത്തത്. ഇതോടനുബന്ധിച്ച് ഇന്നു നടന്ന മറ്റു നറുക്കെടുപ്പുകളിൽ ദുബായിൽ താമസിക്കുന്ന അൾജീരിയൻ പൗരനായ മുഹമ്മദ് അസ്‌കൗരിക്ക് ബെന്റ്‌ലി ഫ്ലൈയിങ് സ്പർ വി8 കാർ നേടി. പാകിസ്ഥാൻകാരനായ എഹ്‌സാൻ നസീറിന് ബിഎംഡബ്ല്യു എഫ് 900 എക്‌സ്ആർ മോട്ടോർബൈക്കും ദുബായ് ആസ്ഥാനമായുള്ള പലസ്തീൻ പൗരനായ മഹ്മൂദ് അൽ ഖെദ്രയ്ക്ക് ബിഎംഡബ്ല്യു എഫ് 850 ജിഎസ് മോട്ടോർബൈക്കും സമ്മാനം ലഭിച്ചു.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

 

 

Share
error: Content is protected !!