വീണ്ടും കോവിഡ് വ്യാപനം: വിമാനയാത്രക്കാർക്ക് പുതിയ മാർഗനിർദേശങ്ങൾ പുറത്തിറക്കി

ഇന്ത്യയിൽ വീണ്ടും കോവിഡ് വ്യാപിക്കുന്ന സാഹചര്യത്തിൽ വിമാനയാത്രക്കാർക്ക് പുതിയ മാർഗനിർദേശങ്ങൾ പുറത്തിറക്കി. ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ(ഡിജിസിഎ) യാണ് പുതിയ നിർദ്ദേശങ്ങൾ പുറത്തിറക്കിയത്. മാസ്ക് ധരിക്കാതെയും കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെയും വിമാനത്താവളത്തിൽ പ്രവേശിക്കുന്നവർക്കെതിരെ ശക്തമായ നടപടി കൈക്കൊള്ളുമെന്ന് ഡിജിസിഎ അറിയിച്ചു.

മാസ്ക് ധരിക്കാതെ വിമാനത്താവളത്തിൽ എത്തുന്നവരെ അച്ചടക്കമില്ലാത്ത യാത്രക്കാരായി കണക്കാക്കും. അത്തരം യാത്രക്കാരെ വിമാനം പുറപ്പെടുന്നതിനു മുൻപ് പുറത്താക്കുമെന്നും ഡിജിസിഎ മുന്നറിയിപ്പ് നൽകി. യാത്രക്കാർ മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കുന്നുണ്ടോ എന്നു നിരീക്ഷിക്കണമെന്ന് വിമാനത്താവള ജീവനക്കാർക്കും ഡിജിസിഎ നിർദേശം നൽകി. മാസ്ക് ധരിക്കാൻ വിസമ്മതിക്കുന്ന യാത്രക്കാരിൽനിന്ന് പിഴ ഈടാക്കാം. അല്ലെങ്കിൽ സെക്യൂരിറ്റി ഉദ്യോഗസ്ഥർക്ക് ഇവരെ കൈമാറാമെന്നും നിർദേശത്തിൽ പറയുന്നു.

കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാത്ത യാത്രക്കാർക്കതിരെ ശക്തമായ നടപടി കൈക്കൊള്ളണമെന്ന ഡൽഹി ഹൈക്കോടതിയുടെ ഉത്തരവിനു പിന്നാലെയാണ് ഡിജിസിഎ പുതിയ മാർഗനിർദേശങ്ങൾ പുറത്തിറക്കിയത്. കോവിഡ് പൂർണമായും ഒഴിവായിട്ടില്ലെന്നും രോഗം പടരാൻ ഇനിയും സാധ്യതയുണ്ടെന്നും ഡൽഹി ഹൈക്കോടതി നിരീക്ഷിച്ചിരുന്നു.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share
error: Content is protected !!