ടൂറിസം മേഖലയിൽ ഒരു ലക്ഷത്തോളം സ്വദേശികൾക്ക് സൗദി പ്രത്യേക തൊഴിൽ പദ്ധതി പ്രഖ്യാപിച്ചു

ഒരു ലക്ഷത്തോളം സൌദികളായ യുവതി യുവാക്കൾക്ക് ടൂറിസം മേഖലയിൽ ജോലി നൽകുവാൻ മന്ത്രാലയം പ്രത്യേക പദ്ധതി പ്രഖ്യാപിച്ചു. പദ്ധതി നടപ്പിലാക്കുന്നതിനായി 100 മില്യൺ ഡോളർ നിക്ഷേപമിറക്കും. ടൂറിസം മേഖലയിൽ സഊദി യുവാക്കളെ പ്രധാന ഹോസ്പിറ്റാലിറ്റി വൈദഗ്ധ്യം കൊണ്ട് സജ്ജരാക്കുന്നതാണ് പദ്ധതി. പദ്ധതി വഴി ഈ വർഷം ഒരു ലക്ഷത്തോളം യുവതീ യുവാക്കൾക്ക് പരിശീലനം നൽകും.

ജിദ്ദയിൽ കഴിഞ്ഞ ദിവസം ആരംഭിച്ച വേൾഡ് ടൂറിസം ഓർഗനൈസേഷന്റെ എക്‌സിക്യൂട്ടീവ് കൗൺസിലിന്റെ 116-ാമത് സെഷനിലാണ് ഇത് സംബന്ധമായ പ്രഖ്യാപനമുണ്ടായത്.  രാജ്യത്തുടനീളമുള്ള സീസണൽ, പാർട്ട് ടൈം അല്ലെങ്കിൽ ഫുൾ ടൈം ജോലികൾ ഉൾപ്പെടെയുള്ള മേഖലകളിൽ ജോലി ഉറപ്പാക്കാൻ ഈ പ്രോഗ്രാം ട്രെയിനികളെ സഹായിക്കും. ടൂറിസം മന്ത്രി അഹമ്മദ് അൽ ഖത്തീബ് ആരംഭിച്ച “ടൂറിസം ട്രയൽബ്ലേസർസ്” പദ്ധതിയുടെ ഭാഗമായാണിത്. 2030-ഓടെ ടൂറിസം മേഖലയിൽ ഒരു ദശലക്ഷം പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നത് ഉൾപ്പെടെയുള്ള ദേശീയ ടൂറിസം പദ്ധതിയും, സഊദി വിഷൻ 2030ൻ്റെ ലക്ഷ്യങ്ങളും കൈവരിക്കുന്നതിനാണ് ഇത്തരം പദ്ധതികളിലൂടെലക്ഷ്യമിടുന്നതെന്ന് മന്ത്രി പറഞ്ഞു.

സൌദി പൌരന്മാരിൽ ഭൂരിഭാഗം പേരും ടൂറിസം മേഖലയെ മികച്ച തൊഴിൽ സാധ്യത മേഖലയായി  കണക്കാക്കുന്നുവെന്ന്  ഹ്യൂമൻ ക്യാപിറ്റൽ ഡെപ്യൂട്ടി മന്ത്രി മുഹമ്മദ് ബുഷ്‌നാഗ് പറഞ്ഞു. ഇവർ ടൂറിസം ട്രയൽബ്ലേസറുകളുടെ പദ്ധതികളെ പിന്തുണയ്ക്കുന്നുണ്ട്. ഇവർക്ക് മികച്ച ആഗോള സ്ഥാപനങ്ങളിൽ തുടർ വിദ്യാഭ്യാസം പ്രാപ്തമാക്കും. ടൂറിസം മേഖലയിലെ ആഗോള റോൾമോഡലായി ഞങ്ങൾ ഉയർന്നുവരുന്നത് അത്യന്താപേക്ഷിതമാണെന്നും ബുഷ്നാഗ് പറഞ്ഞു.

ഫ്രാൻസ്, സ്‌പെയിൻ, സ്വിറ്റ്‌സർലൻഡ്, യുകെ, ഓസ്‌ട്രേലിയ, ഇറ്റലി തുടങ്ങിയ രാജ്യങ്ങളിൽ പ്രവർക്കിക്കുന്ന ലോക പ്രശസ്ത സ്ഥാപനങ്ങളിലെ പരിശീലന സ്‌കോളർഷിപ്പിൽ നിന്ന് പ്രോഗ്രാമിൽ പങ്കെടുക്കുന്നവർക്ക് പ്രയോജനം ലഭിക്കും. പുതിയ ബിരുദധാരികളിൽ നിന്ന് മാത്രമല്ല, വ്യവസായത്തിൽ ഇതിനകം പ്രവർത്തിക്കുന്ന സഊദികളിൽ നിന്നും ടൂറിസം, ഹോസ്പിറ്റാലിറ്റി, പാചക, സേവനം, വിൽപ്പന മേഖലകളിൽ ജോലി ആരംഭിക്കാൻ ആഗ്രഹിക്കുന്നവരിൽ നിന്നും ഇതിനായി അപേക്ഷകൾ സ്വീകരിക്കുമെന്നും വേൾഡ് ടൂറിസം ഓർഗനൈസേഷന്റെ എക്‌സിക്യൂട്ടീവ് കൗൺസിലിൽ സൌദി അറിയിച്ചു.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share
error: Content is protected !!