സോഷ്യൽ മീഡിയ വഴി പരസ്യങ്ങൾ പ്രചരിപ്പിക്കുന്നതിന് വിദേശികൾക്ക് വിലക്കേർപ്പെടുത്തി

സൌദിയിൽ സോഷ്യൽ മീഡിയ വഴി പരസ്യങ്ങൾ പ്രസിദ്ധീകരിക്കുന്നതിൽ വിദേശികൾക്ക് വിലക്കേർപ്പെടുത്തി. ഓഡിയോവിഷ്വൽ മീഡിയ ജനറൽ കമ്മീഷൻ പുറത്തിറക്കിയ സർക്കുലറിലാണ് ഇക്കാര്യം വിശദീകരിക്കുന്നത്. പ്രമോഷൻ ഓഫറുകൾ ഉൾപ്പെടെയുള്ള പരസ്യങ്ങൾ പ്രസിദ്ധീകരിക്കുന്നതിന് വിദേശികളെ വിലക്കികൊണ്ടാണ് സർക്കുലർ പുറത്തിറക്കിയത്. അംഗീകൃത ലൈസൻസ് ഇല്ലാത്തവർ സമൂഹ മാധ്യമങ്ങൾ വഴി പരസ്യങ്ങൾ പ്രചരിപ്പിക്കുന്നത് തൊഴിൽ നിയമങ്ങളുടേയും പ്രവാസികളുമായി ഇടപഴകുന്നതിനുമുള്ള നിയമങ്ങളുടേയും ലംഘനമായി കണക്കാക്കുന്നതാണെന്ന് സർക്കുലർ വിശദീകരിക്കുന്നു.

എന്നാൽ ലൈസൻസോടു കൂടി പ്രവർത്തിക്കുന്ന വാണിജ്യ സ്ഥാപനത്തിന് കീഴിൽ പ്രവർത്തിക്കുന്നവർക്കും സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ വാണിജ്യ പരസ്യം ചെയ്യാനുള്ള പ്രത്യേക ലൈസൻസും നിയമപരമായ രേഖകളും ഉള്ളവർക്കും പരസ്യങ്ങൾ പ്രചരിപ്പിക്കുന്നതിന് തടസ്സങ്ങളിലെന്നും, അവർക്ക് മാത്രമേ പരസ്യങ്ങൾ നൽകുവാനുള്ള അവകാശമുള്ളുവെന്നും കമ്മീഷൻ വ്യക്തമാക്കി.

സമൂഹ മാധ്യമങ്ങളിലൂടെ വിദേശികൾ അനധികൃതമായി പരസ്യങ്ങൾ പ്രചരിപ്പിക്കുന്നതായി ശ്രദ്ധയിൽ പെട്ടതോടെയാണ് പുതിയ നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചത്. വാണിജ്യ രജിസ്ട്രേഷനോ നിയമപരമായ ലൈസൻസുകളോ വിദേശ നിക്ഷേപ ലൈസൻസുകളോ നേടാതെയാണ് ഇത്തരം പരസ്യങ്ങൾ പ്രചരിപ്പിക്കുന്നതെന്നും കമ്മീഷൻ പരിശോധനയിൽ കണ്ടെത്തി.

പരസ്യദാതാക്കളുമായും താമസക്കാരുമായും സന്ദർശകരുമായും ഇത്തരത്തിൽ ഇടപാട് നടത്തുന്നതും, മാർക്കറ്റിംഗ് ഉൽപ്പന്നങ്ങൾ, സേവനങ്ങൾ, ചരക്കുകൾ എന്നിവ ഇത്തരക്കാരിലൂടെ പരസ്യം ചെയ്യുന്നതും, ഇവരെ പരിപാടികൾക്ക് ക്ഷണിക്കുന്നതും കമ്മീഷൻ വിലക്കിയിട്ടുണ്ട്. ഇത് സംബന്ധിച്ച് വാണിജ്യ മന്ത്രാലയവുമായി ഏകോപിപ്പിച്ച് വാണിജ്യ സ്ഥാപനങ്ങൾക്ക് സർക്കുലർ പുറപ്പെടുവിക്കുമെന്നും കമ്മീഷൻ വ്യക്തമാക്കി.

നിയമവിരുദ്ധമായി നടത്തുന്ന ഇത്തരം പ്രവർത്തനങ്ങൾക്ക് 5 വർഷം വരെ തടവ് ശിക്ഷയും 5 ദശലക്ഷം റിയാൽ വരെ പിഴയും ലഭിക്കുമെന്ന് അധികൃതർ ഓർമ്മിപ്പിച്ചു.

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share
error: Content is protected !!