കേരളത്തിൽ നിന്നുള്ള ആദ്യ ഹജ്ജ് സംഘം നെടുംബാശ്ശേരിയിൽ നിന്നും യാത്രയായി
സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് കീഴിൽ ഈ വർഷത്തെ ഹജജ് കർമ്മത്തിനു പുറപ്പെടുന്ന ആദ്യ സംഘം കൊച്ചിയിലെ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്നും യാത്രയായി. ശനിയാഴ്ച രാവിലെ 08.30 ന് സൗദി എയര്‍ലൈന്‍സിന്റെ എസ് വി 5747 നമ്പര്‍ വിമാനത്തിലാണ് യാത്രയായത്. ഇവർ മദീന വിമാനത്താവളത്തിലാണ് ഇറങ്ങുക. 377 തീര്‍ത്ഥാടകരാണ് ആദ്യ സംഘത്തിലുള്ളത്. ഇതിൽ 181 പുരുഷന്മാരും 196 സ്ത്രീകളുമാണ്. സംസ്ഥാന ഹജ്ജ് കാര്യ വകുപ്പ് മന്ത്രി വി അബ്ദുറഹ്മാൻ ആദ്യ വിമാനത്തിന്റെ ഫ്ളാഗ് ഓഫ് നിർവ്വഹിച്ചു.
കേരളത്തില്‍ നിന്ന് 2056 പുരുഷന്മാരും 3702 സ്ത്രീകളുമടക്കം 5758 തീര്‍ഥാടകരാണ് ഇത്തവണ കേന്ദ്ര ഹജ്ജ് കമ്മിറ്റി മുഖേന ഹജ്ജ് കര്‍മത്തിന് പോകുന്നത്. ഇവര്‍ക്ക് പുറമേ തമിഴ്നാട്, ലക്ഷദ്വീപ്, ആന്തമാന്‍, പോണ്ടിച്ചേരി എന്നിവിടങ്ങളില്‍ നിന്നുള്ള 1989 തീര്‍ഥാടകരും കൊച്ചി എംബാര്‍ക്കേഷന്‍ പോയിന്റ് വഴിയാണ് യാത്ര ചെയ്യുന്നത്.
യാത്രയയപ്പ് പ്രാർത്ഥന സംഗമത്തിനു ശേഷം ഹാജിമാരെ പ്രത്യേക വാഹനത്തിൽ എയർപോർട്ടിൽ എത്തിച്ചു. എയർപോർട്ടിൽ ഹാജിമാരെ സിയാൽ അധികൃതർ, സി ഐ എസ് എഫ്, സഊദി എയർലൈൻസ് ഉദ്യോഗസ്ഥർ തുടങ്ങിയവർ ചേർന്നു സ്വീകരിച്ചു. ഫ്ലാഗ് ഓഫ് ചടങ്ങിൽ തുറമുഖ വകുപ്പ് മന്ത്രി അഹ്മദ് ദേവർകോവിൽ, കേന്ദ്ര ഹജ്ജ് കമ്മിറ്റി ചെയർമാൻ എ പി അബ്ദുള്ളക്കുട്ടി. സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയർമാൻ സി മുഹമ്മദ് ഫൈസി, അൻവർ സാദത്ത് എം എൽ എ, ജില്ലാ കലക്ടർ ജാഫർ മാലിക് ഐ എ എസ്, കേന്ദ്ര ഹജ്ജ് കമ്മിറ്റി വൈസ് ചെയർമാൻ മഫൂജ കാതൂൻ, ഹജ്ജ് കമ്മിറ്റി അംഗങ്ങളായ അഡ്വ. മൊയ്തീൻ കുട്ടി, കടക്കൽ അബ്ദുൽ അസീസ് മൗലവി, ഡോ. ഐ പി അബ്ദു സലാം, മുഹമ്മദ് ഖാസിം കോയ, സഫർ കയാൽ, മുഹമ്മദ് റാഫി. പി പി, അക്ബർ പി ടി, സിയാൽ സീനിയർ ഓപ്പറേഷൻ മാനേജർ ദിനേശ് കൂമാർ സി, എം എസ് അനസ് ഹാജി, അസി. സെക്രട്ടറി മുഹമ്മദലി എൻ, ഹജ്ജ് സെൽ ഓഫീസർ എസ് നജീബ്, സ്പെഷൽ ഓഫീസർ യു അബ്ദുൽ കരീം, മുത്തുകോയ, കോർഡിനേറ്റർ മുഹമ്മദ് അഷ്റഫ്, എയർലൈൻസ് അധികൃതർ തുടങ്ങിയവർ പങ്കെടുത്തു.
സയ്യിദ് ഇബ്റാഹീം ഖലീൽ ബുഖാരി തങ്ങൾ പ്രാർത്ഥനക്ക് നേതൃത്വം നൽകി. സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്മാന് സി മുഹമ്മദ് ഫൈസി ഉദ്ബോധനം നടത്തി. ഹജ്ജ് സെല്‍ ഓഫീസര്‍ എസ് നജീബ് യാത്രാ സംബന്ധമായ നിര്‍ദ്ദേശം നല്കി. ഹജ്ജ് കമ്മിറ്റി അംഗം അഡ്വ.മൊയ്തീൻ കുട്ടി, മുഹമ്മദ് റാഫി. പി പി, തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവി, യു അബ്ദുൽ കരീം തുടങ്ങി നിരവധി നേതാക്കൾ സംബന്ധിച്ചു.
ജൂണ്‍ നാല് മുതല്‍ 16 വരെ സഊദി അറേബ്യന്‍ എയര്‍ലൈന്‍സിന്റെ ചാര്‍ട്ട് ചെയ്ത 20 വിമാനങ്ങളിലാണ് തീര്‍ത്ഥാടകരുടെ യാത്ര.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക