നേപ്പാളില്‍ തകർന്നുവീണ യാത്ര വിമാനവും മൃതദേഹങ്ങളും കണ്ടെത്തി – ചിത്രങ്ങൾ

നേപ്പാളില്‍ തകർന്നുവീണ യാത്രാവിമാനത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തി. ഇന്ത്യക്കാരായ നാലംഗ കുടുംബം ഉൾപ്പെടെ  22 പേരുമായി പോയ വിമാനം യാത്രാമധ്യേ തകരുകയായിരുന്നു. തകർന്നുവീണ വിമാനത്തിലെ മുഴുവന്‍ യാത്രാക്കാരും മരിച്ചതായി സ്ഥിരീകരിച്ചു. അപകടത്തിൽ ആരും രക്ഷപ്പെട്ടിട്ടില്ലെന്നും യാത്രാക്കാരുടെ മൃതദേഹങ്ങൾ കണ്ടെത്തി‍യതായും നേപ്പാളിലെ മാധ്യമമായ മൈ റിപബ്ലിക്ക റിപ്പോർട്ട് ചെയ്തു. മൃതദേഹങ്ങൾ മിക്കതും തിരിച്ചറിയാനാകാത്ത അവസ്ഥയിലാണ്.

മുസ്തങ്ങ് ജില്ലയിലെ കോവാങ്ങില്‍ നിന്നാണ് വിമാനത്തിന്റെ അവശിഷ്ടങ്ങൾ സൈന്യം കണ്ടെത്തിയതെന്ന് നേപ്പാൾ സൈനിക വക്താവിനെ ഉദ്ധരിച്ച് എഎൻഐ റിപ്പോർട്ട് ചെയ്യുന്നു. ഇതിന്റെ ദൃശ്യങ്ങളും പുറത്തുവിട്ടു.

നേപ്പാളിലെ പർവത മേഖലയിലാണ് വിമാനം തകർന്ന നിലയിൽ കണ്ടെത്തിയിട്ടുള്ളത്. ഹെലികോപ്റ്ററുകൾ ഉൾപ്പെടെയുള്ള സംവിധാനങ്ങൾ ഉപയോഗിച്ചായിരുന്നു തിരച്ചിൽ.

വിമാനം തകർന്നുവീണ പ്രദേശം ഞായറാഴ്ച തിരിച്ചറിഞ്ഞിരുന്നുവെങ്കിലും ശക്തമായ മഞ്ഞുവീഴ്ചയുടെ പശ്ചാത്തലത്തിൽ രാത്രിയോടെ തിരച്ചിൽ അവസാനിപ്പിക്കുകയായിരുന്നു. തിങ്കളാഴ്ച രാവിലെ തിരച്ചിൽ പുനരാരംഭിച്ചപ്പോഴാണ് വിമാനാവശിഷ്ടങ്ങൾ കണ്ടെത്തിയത്.
പൈലറ്റിന്റെ മൊബൈൽ ഫോണാണ് വിമാനം തകർന്നുവീണ സ്ഥലം മനസ്സിലാക്കാൻ സഹായകമായത്. പൈലറ്റ് ക്യാപ്റ്റൻ പ്രഭാകർ ഗിമിറെയുടെ മൊബൈൽ ഫോൺ ബെല്ലടിക്കുന്നുണ്ടെന്നു മനസ്സിലാക്കിയ കരസേന ടെലികോം വകുപ്പിന്റെ സഹായം തേടുകയായിരുന്നു. ഗ്ലോബൽ പൊസിഷനിങ് സിസ്റ്റം (ജിപിഎസ്) സംവിധാനം വഴി പിന്നീട് ഫോൺ കൃത്യമായി ട്രാക്ക് ചെയ്യുകയും വിമാനം കണ്ടെത്തുകയുമായിരുന്നു.

കാഠ്മണ്ഡു ആസ്ഥാനമായ താരാ എയറിന്റെ ചെറുവിമാനമാണ് അപകടത്തില്‍പ്പെട്ടത്. 43 വര്‍ഷം പഴക്കമുള്ള 9 എന്‍-എഇടി ഇരട്ട എന്‍ജിന്‍ വിമാനമാണിത്. നേപ്പാളിലെ പൊഖാറയില്‍നിന്നും ജോംസമിലേക്ക് രാവിലെ 9.55ഓടെയാണ് വിമാനം യാത്ര പുറപ്പെട്ടത്. 15 മിനിറ്റുകള്‍ക്കകം എയര്‍ ട്രാഫിക് കണ്‍ട്രോളുമായുള്ള വിമാനത്തിന്റെ ബന്ധം നഷ്ടമാവുകയായിരുന്നു. നാല് ഇന്ത്യക്കാരെക്കൂടാതെ രണ്ട് ജര്‍മന്‍ പൗരന്‍മാരും 13 നേപ്പാളി യാത്രക്കാരും മൂന്ന് ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്.

മുംബൈയിലെ താനെ സ്വദേശികളായ അശോക് കുമാർ ത്രിപാഠി, അദ്ദേഹത്തിന്റെ ഭാര്യ വൈഭവി ബണ്ഡേകർ, മക്കൾ ധനുഷ്, ഋതിക എന്നിവരാണു കാണാതായ ഇന്ത്യൻ യാത്രികർ പൊഖാറ-ജോംസോം വ്യോമപാതയിൽ ഘോറെപാനിക്കു മുകളിൽവച്ചാണു വിമാനത്തിന് കൺട്രോൾ റൂമുമായുള്ള ബന്ധം നഷ്ടപ്പെട്ടതെന്ന് വ്യോമയാന വൃത്തങ്ങൾ അറിയിച്ചു. ജോംസോമിലെ ഘാസയിൽ വലിയ ശബ്ദം കേട്ടതായി നാട്ടുകാർ പറയുന്നു. 2016ൽ ഇതേ വ്യോമ പാതയിൽ പറന്ന താര എയർലൈനിന്റെ വിമാനം തകർന്ന് 23 പേർ കൊല്ലപ്പെട്ടിരുന്നു. നേപ്പാൾ പർവതമേഖലയിലെ വ്യോമഗതാഗതത്തിന് 2009ൽ ആരംഭിച്ചതാണ് താര എയർലൈൻസ്.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share
error: Content is protected !!