സൗദിയിലെ ജയിലുകളിൽ കഴിഞ്ഞിരുന്ന 35ഓളം പേർ നാട്ടിലെത്തി; തുണയായത് സാമൂഹിക പ്രവർത്തകരുടെ ഇടപെടൽ
സൗദിയിലെ ജയിലുകളിൽ കഴിഞ്ഞിരുന്ന 35ഓളം പേർ കഴിഞ്ഞ ദിവസം നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തി. അനധികൃതമായി ജോലി ചെയ്ത കുറ്റത്തിന് സൌദി ജയിലുകളിലായിരുന്നു അന്തർ സംസ്ഥാനക്കാരാണ് നെടുംബാശ്ശേരിയിലെത്തിയത്. സാമുഹ്യ പ്രവർത്തകരായ ബിജു കെ. നായർ, ഗഫൂർ പയ്യാനക്കൽ എന്നിവരുടെ നേതൃത്വത്തിലുള്ള ഇടപെടലിനെ തുടർന്നാണ് ഇവരുടെ മോചനം സാധ്യമായത്.
യു.പിയിൽനിന്നുള്ള 10 പേർ, രാജസ്ഥാൻ, ബിഹാർ, ബംഗാൾ എന്നിവിടങ്ങളിൽനിന്നുള്ള മൂന്നുപേർ വീതവും തമിഴ്നാട് 13, ത്രിപുര, ജമ്മു, മഹാരാഷ്ട്ര എന്നിവിടങ്ങളിൽനിന്നും ഓരോരുത്തർ വീതവുമാണെത്തിയത്.
സൗദി അധികൃതരും സന്നദ്ധ സംഘടനകളും നൽകിയ സഹായമാണ് ഇവർക്ക് നാട്ടിലെത്താൻ തുണയായത്.
പലരെയും വൻ തുക ഈടാക്കി തൊഴിൽവിസ തരപ്പെടുത്തി നൽകാമെന്നു പറഞ്ഞാണ് ഏജൻ്റുമാർ സൗദിയിലെത്തിച്ചത്. കടവും ലോണുമെടുത്ത് സൗദിയിലെത്തി ദിവസങ്ങൾക്കുള്ളിൽ ജയിലിലായവരും ഇവരിലുണ്ട്.
നെടുമ്പാശ്ശേരിയിൽനിന്ന് അവരവരുടെ നാടുകളിലേക്ക് മടങ്ങാൻ റെയിൽവേ ടിക്കറ്റിനുൾപ്പെടെ സഹായം നൽകിയത് ആലുവ സ്വദേശി ജോസ് അക്കരക്കാരൻ, കോഴിക്കോട് സ്വദേശി ജസീർ തെക്കേക്കര എന്നിവരുടെ നേതൃത്വത്തിലാണ്. മറ്റൊരു സംഘം ഇന്ത്യക്കാർകൂടി ജയിൽ മോചിതരായിട്ടുണ്ട്. ഇവർ അടുത്ത മാസം എത്തിച്ചേരും.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക