പ്രവാസിയുടെ പാസ്പോർട്ട് തടഞ്ഞുവെച്ചു: ഡിവൈ.എസ്.പിക്കെതിരെ വകുപ്പുതല നടപടി

മലപ്പുറം സ്വദേശിയായ പ്രവാസിയുടെ പാസ്പോർട്ട് നിയമ വിരുധമായി തടഞ്ഞുവെച്ചതിന് ഡിവൈ.എസ്.പിക്കെതിരെ നടപടി സ്വീകരിച്ചു. അധികാരം ദുർവിനിയോഗം ചെയ്ത കുറ്റത്തിന് ഡിവൈ.എസ്.പി P.B പ്രശോഭിനെതിരെയാണ് നടപടി സ്വീകരിച്ചത്. പാസ്പോർട്ട് തടഞ്ഞുവെച്ചതുമായി ബന്ധപ്പെട്ട് ഡിവൈ.എസ്.പിക്കെതിരെ ആരോപിക്കപ്പെട്ട എല്ലാ കുറ്റങ്ങളെല്ലാം തെളിഞ്ഞതിനാൽ പ്രശോഭിന്റെ രണ്ട് വാർഷിക വേതന വർധനവ് മരവിപ്പിച്ചു. മലപ്പുറം സ്വദേശി ഉമ്മർ എടുപൊടിയെൻ എന്ന പ്രവാസിയുടെ പാസ്പോർട്ട് അധികാരം ദുരുപയോഗിച്ച് 2013 ആഗസ്റ്റ് 26ന് പിടിച്ചെടുത്തുവെന്ന പരാതിയിലാണ് നടപടി.

2013 ആഗസ്റ്റ് 26നാണ് കേസിനാസ്പദമായ സംഭവം നടന്നത്. കേസന്വോഷണത്തിൻ്റെ ഭാഗമായി, സൗദി അറേബ്യയിൽ നിന്നും അവധിക്ക് നാട്ടിലെത്തിയ മലപ്പുറം സ്വദേശിയായ ഉമ്മർ എടുപൊടിയെൻ എന്ന പ്രവാസിയുടെ പാസ്പോർട്ട് ഡി.വൈ.എസ്.പി യായ പി.ബി പ്രശോഭ് പിടിച്ചെടുത്തു. ശേഷം അത് പ്രശോഭ് തന്നെ കൈവശം വെക്കുകയായിരുന്നു. പാസ്പോർട്ട് പിടിച്ചെടുത്താൽ കോടതിയിൽ സമർപ്പിക്കണമെന്നാണ് നിയമം. ഇതിന് വിരുദ്ധമായി ഡി.വൈ.എസ്.പി തന്നെ കൈവശം വെക്കുകയായിരുന്നു.

ഒക്ടോബർ 10ന് സൗദി അറേബ്യയിലേക്ക് മടങ്ങിപ്പോകേണ്ട ഉമ്മർ തടഞ്ഞുവെച്ച പാസ്പോർട്ട് തിരികെ ലഭിക്കാനായി ഹൈകോടതിയിൽ ഹരജി നൽകി. പാസ്പോർട്ട് പിടിച്ചെടുത്ത നടപടിയിൽ ഒക്ടോബർ 22ന് ഹൈകോടതി അതൃപ്തി രേഖപ്പെടുത്തി. തുടർന്ന് ഇക്കാര്യം കത്തിലൂടെ എ.ഡി.ജി.പിയെ അറിയിക്കുകയും ചെയ്തു. സംഭവം അന്വേഷിക്കാൻ എ.ഡി.ജി.പി, കുറ്റക്കാരനായ ഡി.വൈ.എസ്.പി പ്രശോഭിനെ ഫോണിൽ ബന്ധപ്പെട്ടപ്പോൾ മോശമായ രീതിയിൽ ധിക്കാരത്തോടെയാണ് മറുപടി നൽകിയത്. തുടർന്ന് ആരോപണം സംബന്ധിച്ച് അന്വേഷണം നടത്താൻ മലപ്പുറം പൊലീസ് മേധാവിയെ ചുമതലപ്പെടുത്തി.

അന്വേഷണ റിപ്പോർട്ടുകളെല്ലാം ഡി.വൈ.എസ്.പിക്ക് എതിരായിരുന്നു. ഉമ്മർ എടുപൊടിയന്റെ പാസ്പോർട്ട് ഡിവൈ.എസ്.പിക്ക് നിയമപരമായി പിടിച്ചെടുക്കാൻ കഴിയില്ലെന്ന് അഡ്വക്കേറ്റ് ജനറൽ ഓഫിസ് റിപ്പോർട്ട് നൽകി. പാസ്പോർട്ട് പിടിച്ചെടുത്ത നടപടി നിയമവിരുധമാണെന്നും ചൂണ്ടിക്കാട്ടി. ഇതോടെ അധികാര ദുർവിനിയോഗം നടത്തിയാണ് പാസ്പോർട്ട് തടഞ്ഞുവെച്ചതെന്ന് വ്യക്തമായി.

എസ്.ഐ റാങ്കിന് മുകളിലുള്ള പൊലീസ് ഉദ്യോഗസ്ഥന് വസ്തുനിഷ്ഠമായ സംശയത്തിന്റെ അടിസ്ഥാനത്തിൽ ഒരാളിന്റെ പാസ്പോർട്ട് പിടിച്ചെടുക്കാം. പക്ഷേ അത് കോടതിയിൽ സമർപ്പിക്കണമെന്നാണ് നിയമം. എന്നാൽ ഉമ്മറിന്‍റെ കേസിൽ ഡിവൈ.എസ്.പി നിയമപരമായി നടപടി സ്വീകരിക്കാതെ പാസ്പോർട്ട് സ്വന്തം കസ്റ്റഡിയിലാണ് വെച്ചിരുന്നത്. ഇത് പാസ്പോർട്ട് ആക്ടിന്റെ വ്യക്തമായ ലംഘനമാണ്. പാസ്പോർട്ട് പിടിച്ചെടുക്കാനുള്ള അധികാരം പാസ്പോർട്ട് അധികാരിക്കാണുള്ളത്. പാസ്പോർട്ട് ആക്ടിലെ വകുപ്പ് 14(1) തെറ്റായി വ്യാഖ്യാനിച്ച് പാസ്പോർട്ട് ഡിവൈ.എസ്.പി പിടിച്ചെടുത്തത് നിയമവിരുധമാണെന്ന് അന്വേഷണത്തിൽ വ്യക്തമായതോടെയാണ് വകുപ്പുതല നടപടി സ്വീകരിച്ചത്.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share
error: Content is protected !!