വിദ്വേഷ പ്രസംഗക്കേസിൽ പി.സി. ജോർജ് അറസ്റ്റിൽ; തിരുവനന്തപുരം കേസിലും അറസ്റ്റ് രേഖപ്പെടുത്തി
വെണ്ണല മതവിദ്വേഷ പ്രസംഗക്കേസിൽ മുൻ എം.എൽ.എ പി.സി. ജോർജിനെ പൊലീസ് അറസ്റ്റ് ചെയ്തു. ചോദ്യം ചെയ്യലിനായി ബുധനാഴ്ച ഉച്ചക്ക് മൂന്നരയോടെ പാലാരിവട്ടം സ്റ്റേഷനിൽ ഹാജരായ അദ്ദേഹത്തെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.
അനന്തപുരി ഹിന്ദു മഹാസമ്മേളനത്തില്‍ പങ്കെടുത്ത് വിദ്വേഷ പ്രസംഗം നടത്തിയ കേസില്‍ മെയ് ഒന്നിനാണ് പി സി ജോര്‍ജ്ജിന് കോടതി ജാമ്യം നല്‍കിയത്. ജാമ്യം ലഭിച്ച് പുറത്തിറങ്ങിയ പിസി ജോര്‍ജ്ജ് വിദ്വേഷ പ്രസംഗത്തില്‍ പരാമര്‍ശങ്ങളില്‍ ഉറച്ച് നില്‍ക്കുന്നതായി മാധ്യമങ്ങളോട് പറഞ്ഞു. പിന്നാലെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രോസിക്യൂഷന്‍ കോടതിയെ സമീപിച്ചു. ഇതില്‍ വിശദമായ വാദം കേട്ട കോടതി പി സി ജോര്‍ജ്ജ് ജാമ്യ വ്യവസ്ഥ ലംഘിച്ചതായി കണ്ടെത്തി.
കോടതി നല്‍കിയ ആനുകൂല്യം പ്രതി ദുരുപയോഗം ചെയ്തുവെന്നും കോടതി ചൂണ്ടിക്കാട്ടി. ഇതോടെയാണ് തിരുവനന്തപുരം കേസിലും ജോര്‍ജിന്റെ അറസ്റ്റിന് വഴിയൊരുങ്ങിയത്. ജോർജ് എത്തുമെന്നറിഞ്ഞ് പാലാരിവട്ടം പൊലീസ് സ്റ്റേഷന് മുന്നിൽ പ്രതിഷേധവുമായി പി.ഡി.പി പ്രവർത്തകരും ജോർജിനെ അനുകൂലിച്ച് ബി.ജെ.പി പ്രവർത്തകരും എത്തിയിരുന്നു.
പൊലീസ് നോട്ടീസ് നൽകിയതിനെ തുടർന്നാണ് ജോർജ് പാലാരിവട്ടം സ്റ്റേഷനിൽ ഹാജരായത്. മകൻ ഷോൺ ജോർജിനൊപ്പമാണ് പി.സി. ജോർജ് സ്റ്റേഷനിലെത്തിയത്. നിയമത്തിന് വഴങ്ങുന്നു എന്നായിരുന്നു മാധ്യമപ്രവർത്തകരോട് ജോർജിന്റെ പ്രതികരണം.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക