2021 ൽ സൗദിയിലെത്തിയത് 60 മില്യണിലധികം വിനോദ സഞ്ചാരികൾ. മദ്യ നിരോധന നിയമം മാറ്റമില്ലാതെ തുടരും

സൗദി അറേബ്യയിലെത്തുന്ന സന്ദർശകരുടെ എണ്ണത്തിൽ വൻ വർധനവുണ്ടായതായി ടൂറിസം സഹമന്ത്രി  ഹൈഫ ബിൻത് മുഹമ്മദ് അൽ സൗദ് രാജകുമാരി പറഞ്ഞു. 2021ൽ 60 ദശലക്ഷത്തിലധികം സന്ദർശകർ സൌദിയിലെത്തി. മുൻ കാലങ്ങളിൽ മതപരമായ തീർത്ഥാടനത്തിനെത്തിയിരുന്ന സന്ദർശകരേക്കാൾ കൂടുതലായാണ് ടൂറിസം മേഖലയിൽ സന്ദർശകരുടെ എണ്ണം വർധിച്ചതെന്നും ഹൈഫ വിശദീകരിച്ചു. 40 ദശലക്ഷം സന്ദർശകരാണ് രാജ്യം ദേശീയ ടൂറിസം പദ്ധതി ആരംഭിച്ചപ്പോൾ ഉണ്ടായിരുന്നത്.  ദാവോസിലെ വേൾഡ് ഇക്കണോമിക് ഫോറത്തിൽ പങ്കെടുത്ത് സംസാരിക്കവെയാണ് ഇക്കാര്യം വിശദീകരിച്ചത്.

വിനോദസഞ്ചാര മേഖലയിലെ ഏറ്റവും മികച്ച രാജ്യമാണ് സൗദി. സാമ്പത്തിക ഫോറത്തിന്റെ ടൂറിസം സൂചിക പ്രകാരം രാജ്യം ആഗോളതലത്തിൽ 33-ാം സ്ഥാനത്തേക്ക് ഉയർന്നിട്ടുണ്ട്.

ടൂറിസം മേഖലയിലെ മികച്ച 10 രാജ്യങ്ങളിൽ ഒന്നായി മാറുന്നതുവരെ, ടൂറിസം, കരാർ, ബിസിനസ്  എന്നീ മേഖലകളിൽ രാജ്യം മികച്ച പ്രകടനം കാഴ്ചവച്ചിട്ടുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.

തൊഴിൽ മേഖലയിലെ സ്ത്രീകളുടെ പങ്കാളിത്തം 2030-ൽ പ്രതീക്ഷിച്ച നിരക്കുകൾ കവിഞ്ഞിട്ടുണ്ട്. രാജ്യത്തെ ഇടത്തരം ചെറുകിട കമ്പനികളിൽ 42% സ്ത്രീകളുടെ ഉടമസ്ഥതയിലുള്ളതാണ്. 

പുരുഷന്മാർക്കും സ്ത്രീകൾക്കും തുല്യവേതനമാണ്. അവർക്കിടയിലെ തൊഴിലവസരങ്ങളും തുല്യമാണെന്നും സർവകലാശാലകളിൽ നിന്ന് ബിരുദം നേടുന്ന സ്ത്രീകളുടെ എണ്ണം പുരുഷന്മാരേക്കാൾ കൂടുതലാണെന്നും അവർ വിശദീകരിച്ചു.

ടൂറിസം മേഖലയിൽ മികച്ച നേട്ടം  കൈവരിക്കുമ്പോഴും, രാജ്യം അതിന്റെ വ്യവസ്ഥകളും നിയമങ്ങളും കൃത്യമായി പാലിച്ച് മുന്നോട്ട് പോകും. രാജ്യത്ത് മദ്യം നിരോധിച്ചതുമായി ബന്ധപ്പെട്ട നിലവിലെ നിയമങ്ങൾ മാറ്റമില്ലാതെ തുടരും. മദ്യനിരോധനവുമായി ബന്ധപ്പെട്ട നിയമം കർശനമായി പാലിക്കുമ്പോഴും ആഗോള തലത്തിൽ വിനോദസഞ്ചാരികൾക്ക് ഇഷ്ടപ്പെട്ട രാജ്യമായി സൌദി അറേബ്യമാറിയെന്നും, ടൂറിസം മേഖലയിൽ മികച്ച പ്രകടനം കാഴ്ചവെക്കാൻ സാധിച്ചുവെന്നും അവർ പറഞ്ഞു.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share
error: Content is protected !!