പ്രവാസിയെ മർദിച്ച് കൊന്ന സംഭവം: മുഖ്യസൂത്രധാരൻ യഹിയ പിടിയിലായി
പെരിന്തല്‍മണ്ണ: പ്രവാസിയായ അഗളി സ്വദേശി അബ്ദുൽ ജലീലിനെ തട്ടിക്കൊണ്ടുപോയി കെട്ടിയിട്ട് ക്രൂരമായി ആക്രമിച്ചും മുറിവേല്പിച്ചും കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി യഹിയ പൊലീസ് പിടിയിലായി. പെരിന്തൽമണ്ണ ആക്കപ്പറമ്പിൽ നിന്ന് ഇന്നലെ അർധരാത്രിയോടെയാണ് യഹിയയെ പിടികൂടിയത്. പാണ്ടിക്കാട് ഒരു വീടിന്റെ ശുചിമുറിയിൽ ഒളിവിൽ കഴിയുകയായിരുന്നു. രഹസ്യ വിവരത്തെ തുടർന്നാണ് പൊലീസ് ഇയാളെ വലയിലാക്കിയത്. ഇതോടെ കേസിലെ മുഴുവൻ പ്രതികളും പിടിയിലായി. അബ്ദുൽ ജലീലിനെ മർദിച്ച് അവശനാക്കിയ നിലയില്‍ ആശുപത്രിയിലെത്തിച്ച ശേഷം യഹിയ മുങ്ങുകയായിരുന്നു.
യഹിയക്ക് മൊബൈല്‍ഫോണും സിം കാര്‍ഡും എടുത്തുകൊടുത്ത് രഹസ്യകേന്ദ്രത്തില്‍ താമസസൗകര്യം ഒരുക്കിക്കൊടുത്തതിന് കരുവാരകുണ്ട് കുട്ടത്തിയിലെ പുത്തന്‍പീടികയില്‍ നബീല്‍ (34), പാണ്ടിക്കാട് വളരാട് സ്വദേശി പാലപ്ര മരക്കാര്‍ (40), അങ്ങാടിപ്പുറം പിലാക്കല്‍ അജ്മല്‍ എന്ന റോഷന് (23) എന്നിവരെ മലപ്പുറം ജില്ല പൊലീസ് മേധാവി എസ്. സുജിത്ത് ദാസിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘം ഞായറാഴ്ച അറസ്റ്റ് ചെയ്തിരുന്നു.
കൃത്യത്തില്‍ നേരിട്ട് പങ്കെടുത്ത മൂന്നുപേരെയടക്കം അഞ്ചുപേർ നേരത്തെ തന്നെ പൊലീസ് പിടയിലായിട്ടുണ്ട്. പെരിന്തൽമണ്ണ ആക്കപ്പറമ്പ് കോഴിക്കാട്ടിൽ വീട്ടിൽ അൽത്താഫ് (31), ആക്കപ്പറമ്പ് കല്ലിടുമ്പ് ചോലക്കൽ വീട്ടിൽ റഫീഖ് മുഹമ്മദ് മുസ്തഫ (മുത്തു-34), എടത്തനാട്ടുകര പാറക്കോട്ടുവീട്ടിൽ അനസ് ബാബു (മണി-40), പൂന്താനം സ്വദേശി കോണികുഴിയിൽ വീട്ടിൽ മുഹമ്മദ് അബ്ദുൽ അലി (അലിമോൻ-40), പൂന്താനം കൊണ്ടിപറമ്പ് പുത്തൻ പരിയാരത്ത് വീട്ടിൽ മണികണ്ഠൻ (ഉണ്ണി-38) എന്നിവരാണ് പൊലീസ് പിടിയിലുള്ളത്.
യഹിയയെ കൂടാതെ, അലിമോൻ, അൽതാഫ്, റഫീഖ് മുഹമ്മദ് മുസ്തഫ എന്നിവരാണ് കൃത്യത്തിൽ നേരിട്ട് പങ്കെടുത്തത്. മണികണ്ഠനും അനസ് ബാബുവും ഉൾപ്പെടെ അഞ്ചുപേർ സംഘത്തെ സഹായിച്ചവരാണ്.
അബ്ദുൽ ജലീൽ നാലു ദിവസം മാരകായുധങ്ങൾ കൊണ്ട് ക്രൂര പീഡനങ്ങൾക്ക് ഇരയായെന്നും ശരീരമാസകലം മുറിവും പരിക്കുമേറ്റാണ് മരണമെന്നും പൊലീസ് പറയുന്നു. ആക്കപ്പറമ്പിലെ മൈതാനം, പെരിന്തൽമണ്ണ ജൂബിലിയിലെ ഫ്ലാറ്റ്, പൂപ്പലത്തെ ഒരു വീട് എന്നിവിടങ്ങളിൽ എത്തിച്ചാണ് ക്രൂരമായി മർദിച്ചത്.
സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട തര്‍ക്കമാണ് ജലീലിന്റെ കൊലപാതകത്തില്‍ എത്തിയതെന്ന് ഇതുവരെ പിടിയിലായ പ്രതികള്‍ മൊഴി നല്കി. എന്നാല്‍ യഹിയ ഇതിനു മുന്‍പ് സ്വര്‍ണക്കടത്ത് കേസുകളില്‍ പ്രതിയായിട്ടില്ല. ഇതിന് മുന്‍പ് ഇയാള്‍ സ്വര്‍ണക്കടത്ത് സംഘത്തിലുണ്ടായിരുന്നോ, ജലീല്‍ സ്വര്‍ണം കടത്തിയോ എന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പൊലീസ് അന്വേഷിക്കുന്നുണ്ട്.
മേയ് 15ന് നെടുമ്പാശേരിയിൽ വിമാനമിറങ്ങിയ അബ്ദുൽ ജലീൽ ഭാര്യയെ വിളിച്ചെങ്കിലും പിന്നീട് വീട്ടിലെത്താതായതോടെ മേയ് 16ന് ഭാര്യയും കുടുംബവും അഗളി പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. ഇടക്ക് ഭാര്യയുമായി ഫോണിൽ ബന്ധപ്പെട്ടതിനാൽ പൊലീസ് കാര്യമായി അന്വേഷിച്ചിരുന്നില്ല.
ഇയാളെ മർദിച്ച് അവശനാക്കി ആശുപത്രിയിലെത്തിച്ചതിന് പിന്നാലെയാണ് കാര്യമായ അന്വേഷണം തുടങ്ങിയത്. കേസിലെ പ്രതികൾ സ്വർണക്കടത്തുമായി ബന്ധമുള്ളവരാണ്.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
സ്വർണകടത്ത് സംഘം പ്രവാസി ജലീലിനെ കൊന്നത് എന്തിന്. പോലീസ് വിശദീകരണം