ദിലീപിന് ഭരണമുന്നണിയുമായി ഗൂഢബന്ധം; കേസ് അട്ടിമറിക്കാൻ സർക്കാർ ശ്രമിക്കുന്നു. ആക്രമിക്കപ്പെട്ട നടി ഹൈക്കോടതിയിൽ
നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണവുമായി ബന്ധപ്പെട്ട്, ആക്രമിക്കപ്പെട്ട നടിതന്നെ സർക്കാരിനെതിരെ രംഗത്ത് വന്നു. സര്‍ക്കാരിനെതിരേയും വിചാരണ കോടതി ജഡ്ജിക്കെതിരേയും അതിജീവിത ഹൈക്കോടതിയിൽ ഹരജി നൽകി.
ഭരണമുന്നണിയും ദിലീപും തമ്മില്‍ അവിശുദ്ധ ബന്ധമുണ്ട്. ദൃശ്യങ്ങള്‍ ചോര്‍ന്നതും അഭിഭാഷകരുടെ ഇടപെടലും അന്വേഷിക്കുന്നില്ലെന്നും ഇതിനാവശ്യമായ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്. നടി ആക്രമിക്കപ്പെട്ട കേസിന്റെ തുടക്കത്തില്‍ അതിജീവിതയ്ക്കൊപ്പം നിന്നുവെന്ന് മേനിനടിച്ച സര്‍ക്കാര്‍ പിന്നോട്ടുപൊയെന്ന ഗുരുതര ആരോപണവുമായാണ് നടിയുടെ ഹര്‍ജി.
കേസ് അട്ടിമറിക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ സര്‍ക്കാര്‍ നടത്തുന്നത്. ഭരണകക്ഷിക്കും മുന്നണിക്കും കേസിലെ പ്രതിയായ ദിലീപുമായി അവിശുദ്ധ ബന്ധമുണ്ട്. തെളിവുകള്‍ നശിപ്പിക്കാനും, കേസന്വേഷണം അപൂര്‍ണമായി അവസാനിപ്പിക്കാനും ദിലീപ് ഭരണകക്ഷി നേതാക്കളെ സമീപിച്ചു. ഉന്നത സ്വാധീനശേഷിയുള്ള ദിലീപിന്റെ ഇടപെടല്‍മൂലം അന്വേഷണം അവസാനിപ്പിക്കാന്‍ ഉദ്യോഗസ്ഥര്‍ക്കുമേല്‍ സമ്മര്‍ദമുണ്ട്. തെളിവുകള്‍ നശിപ്പിക്കാനും, സാക്ഷികളെ സ്വാധീനിക്കാനും ദിലീപും അഭിഭാഷകരും ശ്രമിച്ചിട്ടുണ്ട്.
ഇതിന്റെ തെളിവുകള്‍ അന്വേഷണ സംഘത്തിന് ലഭിച്ചിരുന്നു. പക്ഷേ അഭിഭാഷകരിലേക്ക് അന്വേഷണം എത്തുന്നില്ല. ഇതുവരെ ക്രൈംബ്രാഞ്ച് ആസ്ഥാനത്തുനിന്ന് അഭിഭാഷകരെ ചോദ്യംചെയ്യാനുള്ള അനുമതി ലഭിച്ചിട്ടില്ല. ക്രൈംബ്രാഞ്ച് മേധാവി മാറിയതോടെ അന്വേഷണം മരവിച്ചിരിക്കുകയാണ്. കേസ് അട്ടിമറിക്കാമെന്ന് ചില രാഷ്ട്രീയ കേന്ദ്രങ്ങളില്‍നിന്ന് അഭിഭാഷകര്‍ക്ക് ഉറപ്പ് ലഭിച്ചതായി വിവരമുണ്ടെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നു.
ആക്രമിക്കപ്പെട്ട ദൃശ്യങ്ങള്‍ വിചാരണക്കോടതിയില്‍നിന്നാണ് ചോര്‍ന്നതെന്ന ഗുരതര ആരോപണവുമുണ്ട്. കോടതിയുടെ കൈവശമിരുന്ന ദൃശ്യങ്ങളില്‍ കൃത്രിമം നടന്നിട്ടുണ്ടെന്ന് ഫോറന്‍സിക് റിപ്പോര്‍ട്ടുണ്ട്. മെമ്മറി കാര്‍ഡ് സൂക്ഷിക്കേണ്ട ഉത്തരവാദിത്തം കോടതിക്കുണ്ട്. ദൃശ്യങ്ങള്‍ ചോര്‍ന്നത് തനിക്ക് അപമാനകരവും, വ്യക്തിസ്വാതന്ത്ര്യത്തിലുള്ള കടന്നുകയറ്റവുമാണ്. എന്നാല്‍ ഇക്കാര്യത്തില്‍ അന്വേഷണം നടത്താനോ തുടര്‍നടപടിക്കോ വിചാരണക്കോടതി അനുവദിക്കാത്തത് ദുരൂഹമെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നു.
പ്രതികളെ വഴിവിട്ട് സഹായിക്കാനാണ് കോടതി ശ്രമിക്കുന്നതെന്നും ആരോപിച്ച അതിജീവിത വിചാരണക്കോടതി മാറ്റണമെന്ന മുന്‍നിലപാടില്‍ ഉറച്ചുനില്‍ക്കുന്നതായും ഹര്‍ജിയില്‍ പറയുന്നു. അന്വേഷണത്തിന്റെ കൃത്യമായ ഇടവേളയില്‍ ഹൈക്കോടതിയുടെ മേല്‍നോട്ടം വേണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു. തുടരന്വേഷണത്തിന് ഹൈക്കോടതി അനുവദിച്ച സമയം ഈ മാസം മുപ്പതിന് തീരാനിരിക്കെയാണ് അതിജീവിത ഹര്‍ജി നല്‍കിയിരിക്കുന്നത്.
മുഴുവന്‍ തെളിവുകളിലേക്കും അന്വേഷണം നടത്താതെ കുറ്റപത്രം സമര്‍പ്പിക്കാന്‍ ക്രൈംബ്രാഞ്ചിന് മേല്‍ സമ്മര്‍ദമുണ്ട്. ആരോപണവിധേയരായ ദിലീപിന്റെ അഭിഭാഷകര്‍ക്ക് സര്‍ക്കാരുമായി അടുത്തബന്ധമാണുള്ളത്. പാതിവെന്ത കുറ്റപത്രം നല്‍കുന്നതിനെതിരേ കോടതിയുടെ അടിയന്തര ഇടപെടലുണ്ടാകണം. മറ്റൊരു വഴിയും ഇല്ലാത്തതിനാലാണ് കോടതിയെ സമീപിക്കുന്നത്. സത്യസന്ധമായ അന്വേഷണത്തില്‍നിന്ന് സര്‍ക്കാര്‍ പിന്നോട്ട് പോയത് വേദനാജനകമാണെന്നും ഹര്‍ജിയില്‍ പറയുന്നു.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക