സൗദിയിൽ ആഴ്ചയിൽ രണ്ട് ദിവസം അവധി: മന്ത്രാലയം നടപടികൾ ആരംഭിച്ചു

സൌദിയിൽ സ്വകാര്യ മേഖലയിൽ ആഴ്ചതോറുമുള്ള അവധി രണ്ട് ദിവസമാക്കി ഉയർത്തുന്നതിന്  മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം നടപടികളാരംഭിച്ചു. സ്വകാര്യമേഖലയിലെ എല്ലാ തൊഴിലാളികൾക്കും രണ്ട് ദിവസം അവധി ലഭിക്കുംവിധം തൊഴിൽ നിയമത്തിൽ തന്നെ മാറ്റം വരുത്തും. സ്വകാര്യ മേഖലയിലേക്ക് സ്വദേശികളെ കൂടുതൽ ആകർഷിക്കുകയാണ് ഇതിലൂടെ ലക്ഷ്യം  വെക്കുന്നത്.

നിലവിൽ സ്വകാര്യ മേഖലയിലെ ചില ഉയർന്ന നിലവാരത്തിലുള്ള സ്ഥാപനങ്ങൾ തൊഴിലാളികൾക്ക് ആഴ്ചയിൽ രണ്ട് ദിവസം അവധി നൽകുന്നുണ്ട്. എന്നാൽ ഇത് നിർബന്ധമുള്ള കാര്യമല്ല. ഭൂരിഭാഗം സ്ഥാപനങ്ങളിലും ആഴ്ചയിൽ ആറ് ദിവസവും ജോലി ചെയ്യൽ നിർബന്ധമാണ്.

ഈ സാഹചര്യത്തിലാണ് തൊഴിൽ നിയമത്തിൽ തന്നെ മാറ്റം വരുത്തിക്കൊണ്ട് എല്ലാവർക്കും രണ്ട് ദിവസം നിർബന്ധമായും ഒഴിവ് നൽകുവാൻ നീക്കമാരംഭിച്ചത്. നിരവധി പഠനങ്ങൾക്കും ചർച്ചകൾക്കും ശേഷമാണ് തീരുമാനം നടപ്പിലാക്കാനൊരുങ്ങുന്നത്.

പുതിയ മാറ്റമനുസരിച്ച് എട്ട് മണിക്കൂർ വീതം ആഴ്ചയിൽ അഞ്ച് ദിവസം (ആഴ്ചയിൽ 40 മണിക്കൂർ) ജോലി ചെയ്താൽ മതിയാകും. നിലവിൽ ആഴ്ചയിൽ 48 മണിക്കൂറാണ് സ്വകാര്യ മേഖലയിൽ ഭൂരിഭാഗം പേരും ജോലി ചെയ്യുന്നത്. പുതിയ തീരുമാനം പ്രാബല്യത്തിലാകുന്നതോടെ സ്വകാര്യമേഖലയിലേക്ക് കൂടുതലായി സ്വദേശികളെ ആകർഷിക്കാനാകും.

വിഷൻ 2030ന്റെ അടിസ്ഥാനത്തിൽ രാജ്യത്തെ തൊഴിൽ അന്തരീക്ഷം മെച്ചപ്പെടുത്തുകയാണ് ലക്ഷ്യം. ഷിഫ്റ്റടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളിൽ ജോലി സമയം കഴിഞ്ഞും ജീവനക്കാർ ജോലി ചെയ്യേണ്ടി വന്നാൽ നിർബന്ധിത അധിക വേതനം നൽകേണ്ടി വരും. ഇക്കാര്യത്തിൽ വീഴ്ച വരുത്തുന്ന സ്ഥാപനങ്ങൾക്കെതിരിൽ കർശന നടപടി സ്വീകരിക്കും.

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share
error: Content is protected !!