എ.പി അബ്ദുല്ലക്കുട്ടിക്ക് വേണ്ടി വിളിച്ച യോഗം ജിദ്ദയിലെ സംഘടനകൾ ബഹിഷ്കരിച്ചു

കേന്ദ്ര ഹജ്ജ് കമ്മറ്റി ചെയർമാൻ എ.പി അബ്ദുല്ലക്കുട്ടി സൌദിയിലെ ജിദ്ദയിൽ വിവിധ സംഘടനാ പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്താൻ നടത്തിയ ശ്രമം പാഴായി. ജിദ്ദയിലെ പ്രമുഖ സംഘടനകളെയെല്ലാം യോഗത്തിലേക്ക് വിളിച്ചെങ്കിലും എല്ലാ സംഘടനകളും യോഗം ബഹിഷ്കരിച്ചു. അബ്ദുല്ലക്കുട്ടിക്ക് വേണ്ടി ജിദ്ദയിലെ ബി.ജെ.പി പോഷക സംഘടനയായ ഇന്ത്യൻ ഓവർസീസ് ഫോറം (ഐ.ഒ.എഫ്) ആണ് സംഘനകൾക്ക് ക്ഷണക്കത്ത് അയച്ചത്.

കേന്ദ്ര ഹജ്ജ് കമ്മിറ്റി ചെയർമാൻ എ.പി അബ്ദുല്ലക്കുട്ടിക്ക് സ്വീകരണം നൽകാനും ഈ വർഷത്തെ ഹജ്ജിനായി ഇന്ത്യൻ ഹാജിമാരുടെ ഒരുക്കങ്ങൾ വിശകലനം ചെയ്യുന്നതിനും ജിദ്ദയിലുള്ള സംഘടനാ ഭാരവാഹികളുമായി അദ്ദേഹം ചർച്ച നടത്താൻ ആഗ്രഹിക്കുന്നുവെന്നായിരുന്നു ഐ.ഒ.എഫ് സംഘനകൾക്ക് അയച്ച ക്ഷണക്കത്തിലുണ്ടായിരുന്നത്. കെ.എം.സി.സി, നവോദയ, ഒ.ഐ.സി.സി, ഹജ്ജ് വെൽഫെയർ ഫോറം തുടങ്ങിയ സംഘടനകൾക്കെല്ലാം യോഗത്തിലേക്ക് ക്ഷണം ഉണ്ടായിരുന്നു. കൂടാതെ മാധ്യമ പ്രവർത്തകർക്കും ക്ഷണമുണ്ടായിരുന്നു. എന്നാൽ മാധ്യമ പ്രവർത്തകരൊഴികെ ആരും യോഗത്തിൽ പങ്കെടുത്തില്ല. ചൊവ്വാഴ്ചയായിരുന്നു കൂടിക്കാഴ്ച നിശ്ചയിച്ചിരുന്നത്.

എന്നാൽ ഇന്ത്യൻ കോൺസുലേറ്റോ കേന്ദ്ര ഹജ്ജ് കമ്മറ്റി ചെയർമാൻ എന്ന നിലക്ക് എ.പി അബ്ദുല്ലക്കുട്ടിയോ നേരിട്ട് വിളിക്കാതെ ഔദ്യോഗിക യോഗത്തിന് ഐ.ഒ.എഫ് എന്ന സംഘടന ക്ഷണിച്ചാൽ പങ്കെടുക്കേണ്ടതില്ലെന്ന നിലപാടാണ് ജിദ്ദയിലെ സംഘടനകൾ സ്വീകരിച്ചത്. ഈ രീതി പതിവിന് വിരുദ്ധമാണെന്നും സംഘടനകൾ കുറ്റപ്പെടുത്തി. സാധാരണയായി ഇന്ത്യൻ കോണ്സുലേറ്റാണ് ഇത്തരം യോഗം വിളിക്കാറുള്ളതെന്നും, വിവിധ സംഘടനകൾ വ്യക്തമാക്കി.

നേരത്തെ ഹജ്ജ് സംബന്ധമായി കോഴിക്കോട് നടത്തിയ തന്റെ പ്രസംഗത്തിൽ ദുബായ് ഭരണാധികാരി ഇന്ത്യക്ക് ഹജ്ജ് ക്വാട്ട വർധിപ്പിച്ചു നൽകി എന്ന് പറഞ്ഞത് നാക്ക് പിഴയായി സംഭവിച്ചതാണെന്ന് അബ്ദുല്ലകുട്ടി മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായി പറഞ്ഞു. ആ പ്രസംഗം മുഴുവൻ കേട്ടാൽ തന്നെ ആരും ട്രോളുമായിരുന്നില്ലെന്നും, അത് എഡിറ്റ് ചെയ്ത് വന്നപ്പോഴാണ് വലിയ അബദ്ധമായി തോന്നിയതെന്നും പറഞ്ഞ അബ്ദുല്ല കുട്ടി, എരിവും പുളിയും കൂട്ടുന്ന നാവല്ലേ ഒരു നാക്ക് പിഴ പറ്റിയതാണെന്ന് പറഞ്ഞ് മാധ്യമ പ്രവർത്തകരോട് ക്ഷമ ചോദിച്ചു

സൗദിയിലെ പുതിയ ഇന്ത്യൻ അംബാസഡർ ആയി താങ്കളുടെ പേരും ഉയർന്നു കേൾക്കുന്നുണ്ടല്ലോ എന്ന ചോദ്യത്തിന് താൻ സജീവ രാഷ്ട്രീയം ഉപേക്ഷിക്കണമെന്നാണോ നിങ്ങൾ ആഗ്രഹിക്കുന്നതെന്നും സൗദിയിലെ ഇന്ത്യൻ അംബാസഡർ ആയി ഏറ്റവും അർഹനായ ആൾ തന്നെ ഉടനെ ചുമതലയേൽക്കുമെന്നും അദ്ദേഹം പറഞ്ഞു.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

 

Share
error: Content is protected !!