പുണ്യനഗരങ്ങളിൽ ഇന്ത്യൻ ഹജ്ജ് തീർത്ഥാടകർക്കുള്ള ഒരുക്കങ്ങൾ അന്തിമഘട്ടത്തിൽ – എ.പി അബ്ദുല്ലകുട്ടി
ഇന്ത്യയിൽ നിന്നും ഈ വർഷം ഹജ്ജിനെത്തുന്ന തീർഥാടകർക്ക് ആവശ്യായ ഒരുക്കങ്ങൾ മക്കയിലും മദീനയിലും പൂർത്തിയായി വരുന്നതായി കേന്ദ്ര ഹജ്ജ് കമ്മിറ്റി ചെയർമാൻ എ.പി അബ്ദുല്ലകുട്ടി പറഞ്ഞു. നാല് ദിവസത്തെ സന്ദർശനത്തിലായി സൌദിയിലെത്തിയ എ.പി അബ്ദുല്ല കുട്ടി ജിദ്ദയിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു. ഇന്ത്യൻ തീർഥാടകരുടെ സൌകര്യങ്ങളും ക്രമീകരണങ്ങളും വിലയിരുത്തുന്നതിന് വേണ്ടിയാണ് അദ്ദേഹം സൌദിയിലെത്തിയത്. മക്ക, മദീന എന്നിവിടങ്ങളിലെ സന്ദർശനം പൂർത്തിയാക്കിയ ശേഷം കോണ്സുലേറ്റ് അധികൃതതരുമായും ചർച്ച നടത്തി. അതിന് ശേഷമാണ് മാധ്യമ പ്രവർത്തകരെ കണ്ടത്.
ഇത്തവണ സൌദിയിൽ നിന്നും ഹജ്ജ് ക്വാട്ട അനുവദിച്ച് കിട്ടാൻ വൈകിയതിനാൽ, തീർഥാടകർക്കുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കുവാൻ വളരെ കുറഞ്ഞ സമയം മാത്രമേ ലഭിച്ചിരുന്നുള്ളൂ. എന്നിരുന്നാലും ഇന്ത്യൻ ഹജ്ജ് കമ്മിറ്റിയുടേയും സൗദിയിലെ ഇന്ത്യൻ നയതന്ത്ര കാര്യാലയ ഉദ്യോഗസ്ഥരുടേയും കഠിന പ്രയത്നത്തിലൂടെ ഒരുക്കങ്ങളും ക്രമീകരണങ്ങളും പൂർത്തിയാക്കികൊണ്ടിരിക്കുകയാണെന്നും അബ്ദുല്ല കുട്ടി പറഞ്ഞു.
മദീനയിൽ മസ്ജിദുന്നബവിയുടെ തൊട്ടരികിലാണ് ഇത്തവണ ഇന്ത്യൻ തീർഥാടകരുടെ താമസം സൌകര്യം ഒരുക്കിയിട്ടുള്ളത്. എന്നാൽ മക്കയിൽ അസീസിയയ്യിലാണ് താമസ സൌകര്യം ഒരുക്കിയിട്ടുള്ളത്. തീർഥാടകർക്ക് സ്വന്തമായി ഭക്ഷണം പാകം ചെയ്തു കഴിക്കാനുള്ള സൗകര്യം കൂടി പരിഗണിച്ചാണിത്. അസീസിയയിൽ നിന്നും ഹറമിലേക്ക് കുറഞ്ഞ നിരക്കിൽ ബസ് സർവീസ് നടത്തുന്നതിനുള്ള ടെൻഡർ നടപടികൾ നടന്നുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. മക്കയിലെ ഹോട്ടലുകൾ ഇത് വരെ ഏറ്റെടുത്തിട്ടില്ല. കെട്ടിടങ്ങളിലെ അറ്റകുറ്റ പണികൾ ഉടമകൾ പൂർത്തിയാക്കുന്ന മുറക്ക് മക്കയിലും ഹോട്ടലുകൾ ഏറ്റെടുക്കും.
ഇന്ത്യക്ക് ആകെ അനുവദിച്ചിട്ടുള്ള ഹജ്ജ് ക്വാട്ടയുടെ 70 ശതമാനം കേന്ദ്ര ഹജ്ജ് കമ്മറ്റി മുഖേനയും, സ്വകാര്യ കമ്പനികൾ വഴി 30 ശതമാനവുമാണ് ഇത്തവണ തീർഥാടകരെത്തുക. 79,362 പേർക്ക് ഇത് വഴി ഇത്തവണ ഹജ്ജ് ചെയ്യാം. ഇന്ത്യയിൽ നിന്നും ഹാജിമാരെ സൗദിയിലെത്തിക്കുവാൻ ഡൽഹി, മുംബൈ, കൊൽക്കത്ത, അഹമ്മദാബാദ്, ഹൈദരാബാദ്, ബംഗലൂരു, ലക്നൗ, കൊച്ചി, ഗുവാഹത്തി, ശ്രീനഗർ എന്നിങ്ങനെ 10 എംബാർക്കേഷൻ പോയിന്റുകൾ പ്രഖ്യാപിച്ചിട്ടുണ്ട്.
നേരത്തെ 21 ഹജ്ജ് എംബാർക്കേഷൻ പോയിന്റുകൾ അനുവദിച്ചിരുന്നു. ഇത്തവണ ഇത് 10 ആക്കി ചുരുക്കിയതുകൊണ്ടാണ് കോഴിക്കോട് വിമാനത്താവളം ഹജ്ജ് എംബാർക്കേഷൻ പോയിന്റായി പരിഗണിക്കാതിരുന്നത്. എന്നാൽ മലബാറിന്റെ തലസ്ഥാനമാണ് കോഴിക്കോടെന്നും കോഴിക്കോട് വിമാനത്താവളം അടുത്ത പ്രാവശ്യം ഹജ്ജ് എംബാർക്കേഷൻ പോയിന്റായി നിലനിർത്താനും വിമാനത്താവളത്തെ എല്ലാവിധത്തിലും സംരക്ഷിക്കാനും താൻ എല്ലാ ശ്രമങ്ങളും നടത്തുമെന്നും എ.പി അബ്ദുല്ലകുട്ടി പറഞ്ഞു.
കൊച്ചിയിൽ നിന്നാണ് ഏറ്റവും കൂടുതൽ തീർത്ഥാടകർ. സൗദിയ, ഫ്ലൈ നാസ്, സ്പൈസ് ജെറ്റ് എന്നീ വിമാനങ്ങളാണ് ഹജ്ജ് സർവിസ് നടത്തുക. 2019 ൽ നിശ്ചയിച്ച വിമാന ടിക്കറ്റ് നിരക്കിൽ ഇപ്രാവശ്യം കാര്യമായ വർദ്ധനവ് ഉണ്ടായിട്ടില്ല. ഏകദേശം 1,25,000 രൂപയുമായി ഗുവാഹത്തിയിൽ നിന്നാണ് ഏറ്റവും കൂടുതൽ ടിക്കറ്റ് നിരക്ക്. ഏറ്റവും കുറവ് ടിക്കറ്റ് നിരക്ക് 65,000 രൂപ മുംബൈയിൽ നിന്നാണ്. കൊച്ചിയിൽ നിന്ന് ഏകദേശം 71,000 രൂപ ടിക്കറ്റ് നിരക്ക് വരും. കേന്ദ്ര ഹജ്ജ് കമ്മിറ്റിക്ക് കീഴിലുള്ള തീർത്ഥാടകർക്ക് ഏകദേശം മൂന്നര ലക്ഷം രൂപയായിരിക്കും ഹജ്ജിന് ചിലവ് വരിക എന്നാണ് പ്രതീക്ഷ. മെയ് 31 നായിരിക്കും ഇന്ത്യയിൽ നിന്നുള്ള ആദ്യ ഹജ്ജ് വിമാനം. എന്നാൽ ആദ്യ വിമാനം എവിടെ നിന്നാണെന്ന് തീരുമാനമായിട്ടില്ലെന്നും എ.പി അബ്ദുല്ല കുട്ടി പറഞ്ഞു.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക