മഥുര ഈദ്ഗാഹ് മസ്ജിദിലും മുസ്‍ലിംകളെ തടയണമെന്നും, പള്ളി അടച്ച് സീൽ വെക്കണമെന്നും ആവശ്യപ്പെട്ട് കോടതിയിൽ ഹരജി

വാ​രാ​ണ​സി ഗ്യാ​ൻ​വാ​പി മ​സ്ജി​ദിന് പിന്നാലെ മഥുരയിലെ ഷാഹി ഈദ്ഗാഹ് മസ്ജിദിലും അവകാശവാദമുന്നയിച്ച് ഹിന്ദുത്വ അഭിഭാഷകർ കോടതിയിൽ ഹരജി നൽകി. ഈദ്ഗാഹ് മസ്ജിദിൽ മുസ്‍ലിംകൾ പ്രവേശിക്കുന്നതും നിസ്കരിക്കുന്നതും സ്ഥിരമായി തടയണമെന്നും പള്ളി അടച്ചൂപൂട്ടി സീൽ ചെയ്യണമെന്നും ആവശ്യപ്പെട്ട്  രണ്ട് ഹരജികളാണ് സമർപ്പിച്ചത്. ഒരുസംഘം അഭിഭാഷകരും നിയമ വിദ്യാർഥികളുമാണ് കോടതിയെ സമീപിച്ചത്. നേരത്തേ വിവിധ ഹിന്ദു സംഘടനകൾ നൽകിയ ഒമ്പത് ഹരജികൾ നിലനിൽക്കെയാണ് പുതിയ ഹരജികൾ.

ഈദ്ഗാഹ് മസ്ജിദ് നിലനിൽക്കുന്ന സ്ഥലത്താണ് ശ്രീകൃഷ്ണൻ ജനിച്ചതെന്നാണ് ഭൂരിഭാഗം ഹിന്ദുക്കളും വിശ്വസിക്കുന്നതെന്നും അതിനാൽ മുസ്‍ലിംകൾ ഈ പള്ളിയിൽ പ്രവേശിക്കുന്നത് തടയണമെന്നുമാണ് ആവശ്യം. നേരത്തേ ക്ഷേത്രം നിലനിന്ന സ്ഥലത്താണ് പള്ളി നിർമിച്ചതെന്ന് ഹരജിക്കാരിൽ ഒരാളായ അഡ്വ. ശൈലേന്ദ്ര സിങ് അവകാശപ്പെട്ടു. അതുകൊണ്ടുതന്നെ ഇതിനെ പള്ളിയായി കണക്കാക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. കേസ് ഈ മാസം 25ന് കോടതി പരിഗണിക്കും.

ചൊവ്വാഴ്ചയാണ് മഥുരയിലെ കോടതിയിൽ രണ്ട് വ്യത്യസ്ത ഹർജികൾ സമർപ്പിച്ചത്. മഥുരയിലെ ശ്രീകൃഷ്ണ ക്ഷേത്രത്തിന്റെ ഒരു ഭാഗം പള്ളി പണിയുന്നതിനായി പൊളിച്ചുവെന്നാണ് ഇവരുടെ ആ​രോപണം. നിലവിൽ, ഈ വിഷയത്തിൽ മഥുരയിലെ കീഴ്‌ക്കോടതികളിൽ ഒമ്പത് ഹർജികൾ തീർപ്പാക്കാതെ കിടക്കുന്നുണ്ട്.

ഷാഹി ഈദ്ഗാഹിൽ മുസ്‍ലിംകൾ പ്രാർത്ഥന നടത്തുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് ലഖ്‌നോ ആസ്ഥാനമായുള്ള അഭിഭാഷകനായ ശൈലേന്ദ്ര സിങ്ങാണ് മഥുര ജില്ല കോടതിയിൽ ഹർജിനൽകിയത്. മസ്ജിദ് വളപ്പിൽ മാറ്റങ്ങളൊന്നും വരുത്തുന്നില്ലെന്ന് ഉറപ്പുവരുത്താൻ സുരക്ഷ ഉദ്യോഗസ്ഥരെ നിയമിക്കണമെന്നും രണ്ടാമത്തെ ഹരജിയിൽ ആവശ്യപ്പെട്ടു.

ഗ്യാൻവാപി പള്ളി പോലെ ഷാഹി ഈദ്ഗാഹ് മസ്ജിദിനുള്ളിലും ഹിന്ദുമത അടയാളങ്ങൾ ഉണ്ടെന്ന് തെളിയിക്കാൻ കഴിയുമെന്ന് ഹരജിക്കാരനായ താക്കൂർ കേശവ് ദേവ് മഹാരാജിന്റെ അഭിഭാഷകൻ മഹേന്ദ്ര പ്രതാപ് സിങ് പറഞ്ഞു. ഷാഹി ഈദ്ഗാഹ് പള്ളി സീൽ ചെയ്യാനും അപേക്ഷയിൽ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് മഹേന്ദ്ര സിങ് പറഞ്ഞു.

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share
error: Content is protected !!