മോഷണ ശ്രമത്തിനിടെ കള്ളൻ കിണറ്റിൽ വീണു. നാട്ടുകാരും അഗ്നി രക്ഷാസേനയും ചേർന്ന് വലയിട്ട് പിടിച്ചു

കണ്ണൂരിലെ ആളില്ലാത്ത വീട്ടില്‍ മോഷ്ടിക്കാന്‍ കയറിയ കള്ളന്‍ അബദ്ധത്തിൽ കിണറ്റില്‍വീണു. ഏറെ നേരത്തെ നിലവിളിയും ബഹളവും കേട്ട് ഓടികൂടിയ നാട്ടുകാർ ആ കാഴ്ച കണ്ട് ഞെട്ടി. ഏറ നാളായി പിടികൂടാനായി നാട്ടുകാർ വല വിരിച്ചിട്ടും രക്ഷപ്പെട്ട് പോകാറുള്ള സ്ഥിരം കള്ളൻ ഒടുവിൽ കിണറ്റിൽ വീണത് നാട്ടുകാർക്ക് ആശ്വാസമായി. വിവരമറിഞ്ഞെത്തിയ അഗ്നിരക്ഷാസേനയും നാട്ടുകാരും  ചേർന്ന് കള്ളനെ കരക്കെത്തിച്ചു. ശേഷം പോലീസിന് കൈമാറി.

കണ്ണൂര്‍ എരമം-കുറ്റൂര്‍ പഞ്ചായത്തിലെ തുമ്പത്തടത്ത് കഴിഞ്ഞദിവസം രാത്രിയായിരുന്നു സംഭവം. നിരവധി മോഷണക്കേസുകളില്‍ പ്രതിയായ തളിപ്പറമ്പ് മുയ്യം അമ്പിലോട്ട് പുതിയപുരയില്‍ ഷെമീറാ (35) ണ് മോഷണശ്രമത്തിനിടെ കിണറ്റില്‍ വീണത്.

തുമ്പത്തടത്തെ കേളോത്ത് പവിത്രന്‍ മാസ്റ്ററുടെ വീട്ടിലാണ് രാത്രി പത്തുമണിയോടെ ഷമീര്‍ മോഷണത്തിനെത്തിയത്. പവിത്രന്‍ മാസ്റ്ററും ഭാര്യയും കഴിഞ്ഞദിവസം ഉച്ചയോടെ വീട് പൂട്ടി തിരുവനന്തപുരത്തെ ബന്ധുവീട്ടിലേക്ക് പോയിരുന്നു. വീട്ടില്‍ ആളില്ലെന്ന് ഉറപ്പുവരുത്തിയാണ് ഷെമീര്‍ ഇവിടേക്ക് വന്നത്. സ്‌കൂട്ടറില്‍ സ്ഥലത്തെത്തിയ പ്രതി സമീപത്തെ കുറ്റിക്കാട്ടില്‍ സ്‌കൂട്ടര്‍ ഒളിപ്പിച്ചശേഷം വീട്ടുവളപ്പിലേക്ക് കടന്നു. തുടര്‍ന്ന് കിണറിന്റെ ആള്‍മറയില്‍ ചവിട്ടി പാരപ്പറ്റിലേക്ക് വലിഞ്ഞുകയറാന്‍ ശ്രമിക്കുന്നതിനിടെയാണ് കിണറ്റില്‍ വീണത്.

പാരപ്പറ്റിലെ ഇഷ്ടിക അടര്‍ന്ന് പിടിവിട്ട് കിണറ്റിലേക്ക് പതിക്കുകയായിരുന്നു. ഇതോടെ കിണറ്റില്‍നിന്ന് നിലവിളി ഉയര്‍ന്നു. ബഹളം കേട്ടെത്തിയ അയല്‍ക്കാരാണ് കിണറ്റില്‍ കള്ളനെ കണ്ടത്. തുടര്‍ന്ന് അഗ്നിരക്ഷാസേനയെ വിവരമറിയിച്ച് ഇയാളെ കരയ്ക്ക് കയറ്റുകയായിരുന്നു.

30 അടിയോളം താഴ്ചയുള്ള കിണറ്റില്‍ നാലടിയോളം വെള്ളമുണ്ടായിരുന്നു. പെരിങ്ങോം അഗ്നിരക്ഷാസേനയിലെ സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ ബാബു ആയോടന്റെ നേതൃത്വത്തിലെത്തിയ സംഘമാണ് വല ഉപയോഗിച്ച് കള്ളനെ കരയ്ക്ക് കയറ്റിയത്. തുടര്‍ന്ന് പോലീസിന് കൈമാറുകയായിരുന്നു.

ജില്ലയിലെ വിവിധ സ്റ്റേഷന്‍ അതിര്‍ത്തികളില്‍ നടന്ന നിരവധി മോഷണക്കേസുകളില്‍ പ്രതിയായ ഷെമീര്‍ ജയില്‍ശിക്ഷയും അനുഭവിച്ചിട്ടുണ്ട്. പ്രതിയെ ചൊവ്വാഴ്ച കോടതിയില്‍ ഹാജരാക്കും.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share
error: Content is protected !!