ഗ്യാൻവാപി മസ്ജിദിൽ ശിവലിംഗം കണ്ടെത്തിയത് എവിടെയെന്ന് സുപ്രീംകോടതി. വിശ്വാസികളുടെ എണ്ണം 20 ആക്കി കുറച്ച നടപടി സ്റ്റേ ചെയ്തു
ന്യൂഡൽഹി: ഗ്യാൻവാപി മസ്ജിദിൽ ശിവലിംഗം കണ്ടെത്തിയത് എവിടെയാണെന്ന് സുപ്രീംകോടതി ചോദിച്ചു. ശിവലിംഗം കണ്ടെത്തിയെന്ന് ഹിന്ദു സേന അവകാശപ്പെടുന്ന സ്ഥലം സീൽ ചെയ്ത് സുരക്ഷയൊരുക്കാനും കോടതി നിർദേശം നൽകി. ജില്ലാ മജിസ്ട്രേറ്റിനാണ് സംരക്ഷണ ചുമതല. എന്നാൽ ഇത് പള്ളിയിലെത്തുന്ന വിശ്വാസികളുടെ ആരാധനാ സ്വാതന്ത്ര്യത്തിന് തടസ്സമാകരുതെന്നും കോടതി വ്യക്തമാക്കി.
അതേസമയം, പള്ളിയിലെത്തുന്ന വിശ്വാസികളുടെ എണ്ണം 20 ആക്കി കുറച്ച നടപടി സുപ്രീം കോടതി സ്റ്റേ ചെയ്തു. ശിവലിംഗം കണ്ടെത്തിയെന്നത് ഹിന്ദു സേനയുടെ വാദം മാത്രമാണ് ഹരജിക്കാർ വ്യക്തമാക്കി. ഹിന്ദു സേനക്ക് നോട്ടീസ് അയക്കാനും കോടതി നിർദേശിച്ചു. ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡാണ് ഹരജി പരിഗണിച്ചത്.
ഗ്യാൻവാപി പള്ളിയിൽ സർവേ നടത്തുന്നതിനെതിരെ പള്ളി പരിപാലിക്കുന്ന അന്‍ജുമാന്‍ ഇന്തെസാമിയ മസ്ജിദ് കമ്മിറ്റിയാണ് സുപ്രീം കോടതിയിൽ ഹരജി നൽകിയത്.
കാശി വിശ്വനാഥ ക്ഷേത്രത്തിന് സമീപം സ്ഥിതി ചെയ്യുന്ന ഗ്യാൻവാപി മസ്ജിദ് സമുച്ചയത്തിൽ നടത്തിയ വിഡിയോ സർവേക്കിടെ ശിവലിംഗം കണ്ടെത്തിയെന്ന അവകാശവാദത്തെ തുടർന്ന് പള്ളിയുടെ ഒരുഭാഗം അടച്ചിടാൻ ജില്ല സിവിൽ കോടതി കഴിഞ്ഞ ദിവസം ഉത്തരവിട്ടിരുന്നു. മസ്ജിദ് സമുച്ചയത്തിൽ ദിവസവും വിഗ്രഹാരാധന നടത്താൻ അനുമതി നൽകണമെന്ന് ചൂണ്ടിക്കാട്ടി അഞ്ച് സ്ത്രീകൾ നൽകിയ ഹരജിയെ തുടർന്നാണ് പള്ളിയിൽ വിഡിയോ സർവേ നടത്താൻ കോടതി നിർദേശിച്ചത്.