സൗദിയിലെ മുൻ മലയാളി നഴ്‌സ് ഹൃദയാഘാതം മൂലം മരിച്ചു
ജിദ്ദ: സൌദി അറേബ്യയിൽ നേരത്തെ ജോലി ചെയ്തിരുന്ന മലയാളി നഴ്‌സ് ഹൃദയാഘാതം മൂലം നാട്ടിൽ മരിച്ചു. മൂവാറ്റുപ്പുഴ കീച്ചേരിപ്പടി സ്വദേശി ജെസ്‌നയാണ് മരിച്ചത്. 34 വയസ്സായിരുന്നു. അഞ്ച് ദിവസം മുമ്പ് പരിശോധനയിൽ ഇവർക്ക് ലുക്കീമിയ അസുഖം കണ്ടെത്തിയിരുന്നു. തിരുവനന്തപുരം ആർ.സി.സിയിൽ ചികിത്സ നടന്ന് വരികയായിരുന്നു. ഇതിനിടെ ഇന്നലെ (തിങ്കളാഴ്ച) വൈകുന്നേരം ഹൃദയാഘാതം മൂലം മരിക്കുകയായിരുന്നു. മൃതദേഹം ഇന്ന് രാവിലെ 9 മണിക്ക് ഖബറടക്കി.
മക്കയിലെ കിങ് ഫൈസൽ ആശുപത്രിയിലെ സ്റ്റാഫ് നേഴ്‌സായി ആറ് വർഷത്തോളം ജോലി ചെയ്തിരുന്നു. രണ്ട് വർഷം മുമ്പ് ഇവിടെത്തെ ജോലി അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങിയിരുന്നു. മക്കയിലെ മറ്റൊരു ആശുപത്രിയിലേക്ക് നഴ്സായി ജോലി ചെയ്യുന്നതിനുള്ള ഇൻ്റർവ്യൂ ഏതാനും ദിവസങ്ങൾക്ക് മുമ്പ് പൂർത്തിയാക്കിയിരുന്നതാണ്. വീണ്ടും മക്കയിലേക്ക് ജോലിക്ക് വരാനുള്ള ഒരുക്കങ്ങൾ നടന്ന് വരുന്നതിനിടെയാണ് ലുക്കീമിയ സ്ഥിരീകരിച്ചത്.
രോഗം സ്ഥിരീകരിച്ച ഉടനെ തന്നെ ചില പ്രാദേശിക ആശുപത്രികളിൽ ചികിത്സ തേടിയെങ്കിലും, രോഗം മൂർഛിച്ചിരുന്നതിനാൽ തിരുവനന്തപുരത്തെ ആർ.സി.സി യിലേക്ക് മാറ്റുകയായിരുന്നു. ആർ.സി.സിയിൽ ചികിത്സ നടന്ന് വരുന്നതിനിടെയാണ് ഹൃദയാഘാതം മൂലം മരിക്കുന്നത്.
നേരത്തെ സൌദിയിലേക്ക് ജോലിക്ക് പോകുന്നതിന് മുമ്പ് എറണാകുളം അമൃത ആശുപത്രിയിലും നഴ്‌സായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. മൂന്നുമാസം പ്രായമുള്ള കുട്ടിയടക്കം മൂന്ന് മക്കളുണ്ട്. മാഹിൻ ആണ് ഭർത്താവ്. ജെസ്‌നയുടെ നിര്യാണത്തിൽ യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ (യു.എൻ.എ) അനുശോചനം രേഖപ്പെടുത്തി.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക