വേർപ്പെടുത്തൽ ശസ്ത്രക്രിയക്ക് ശേഷം യെമനിലെ സയാമീസ് ഇരട്ടകളിൽ ഒരു കുട്ടി മരിച്ചു
റിയാദ്: കഴിഞ്ഞ ദിവസം വിദഗ്ധ ശസ്ത്രക്രിയയിലൂടെ വേർപ്പെടുത്തിയ യെമൻ സയാമീസ് ഇരട്ടകളിലെ ഒരു കുട്ടി മരിച്ചതായി നാഷണൽ ഗാർഡിൻ്റെ കിംഗ് അബ്ദുൽ അസീസ് മെഡിക്കൽ സിറ്റി അറിയിച്ചു. തലകൾ ഒട്ടിച്ചേർന്ന നിലയിൽ ജനിച്ച യെമൻ സയാമീസ് ഇരട്ടകളായ “യൂസഫിനേയും യാസിനേയും” കഴിഞ്ഞ ദിവസമാണ് 15 മണിക്കൂർ നീണ്ട് നിന്ന ശസ്ത്രക്രിയയിലൂടെ വിജയകരമായി വേർപ്പെടുത്തിയത്. എന്നാൽ ശസ്ത്രക്രിയയുടെ രണ്ടാം ദിവസത്തിൽ (തിങ്കളാഴ്ച) കുട്ടികളിൽ ഒരാൾ മരിക്കുകയായിരുന്നു.
രക്തചംക്രമണം കുത്തനെ ഇടിഞ്ഞതും ഹൃദയസ്തംഭനവുമാണ് മരണകാരണമെന്ന് മെഡിക്കൽ സംഘം വിശദീകരിച്ചു. ചികിത്സിക്കുന്ന മെഡിക്കൽ സംഘം കുട്ടിക്ക് ആവശ്യമായ എല്ലാ വൈദ്യസഹായവും നൽകിയിരുന്നു.
യെമനിൽ തലകൾ ഒട്ടിച്ചേർന്ന നിലയിൽ കുട്ടികൾ ജനിച്ചത് മുതൽ അന്താരാഷ്ട്ര മാധ്യമങ്ങളിൽ നിറഞ്ഞ് നിൽക്കുകയായിരുന്നു കുട്ടികളെ കുറിച്ചുള്ള വാർത്തകൾ. ഇതിനിടെ സൌദി ഭരണാധികാരി സൽമാൻ രാജാവിൻ്റെ നിർദ്ദേശപ്രകാരം വേർപ്പെടുത്തൽ ശസ്ത്രക്രിയക്കായി സൌദിയിലേക്ക് കൊണ്ട് വരികയായിരുന്നു. കഴിഞ്ഞ ദിവസം വേർപ്പെടുത്തൽ ശസ്ത്രക്രിയയുടെ വാർത്തകളും മാധ്യമങ്ങളിൽ നിറഞ്ഞ് നിന്നു. യൂസുഫിൻ്റേയും യാസീൻ്റേയും പൂർണ ആരോഗ്യത്തിനായി ലോകം മുഴുവനും പ്രാർത്ഥിക്കുകയായിരുന്നു. വേർപ്പെടുത്തലിന് ശേഷം ഇരുവരുടേയും ആരോഗ്യ നില തൃപ്തികരമായി തുടരന്നുതിനിടെയാണ് ലോകത്തെ മുഴുവൻ ദുഃഖത്തിലാഴ്ത്തി കുട്ടികളിൽ ഒരാളുടെ മരണവിവവരമെത്തുന്നത്.
റിയാദിലെ നാഷണൽ ഗാർഡിന് കീഴിലെ കിംഗ് അബ്ദുൽ അസീസ് മെഡിക്കൽ സിറ്റിയിൽ വെച്ചാണ് ഇവരുടെ ശസ്ത്രക്രിയ നടത്തിയത്.
വേർപ്പിരിക്കൽ ശസ്ത്രക്രിയയുടെ സാധ്യതകളെ കുറിച്ച് മനസ്സിലാക്കാനും മെഡിക്കൽ പരിശോധനകൾക്കുമായി “യൂസഫിനെയും യാസിനേയും” യെമനിൽ നിന്ന് റിയാദിലെ നാഷണൽ ഗാർഡ് കിംഗ് അബ്ദുൽ അസീസ് മെഡിക്കൽ സിറ്റിയിലേക്ക് കൊണ്ടുവരാൻ കഴിഞ്ഞ വർഷം സൌദി ഭരണാധികാരി സൽമാൻ രാജാവ് നിർദ്ദേശം നൽകിയതായിരുന്നു.
തുടർന്ന് ഇക്കഴിഞ്ഞ ആറാം തിയതിയാണ് കുട്ടികളെ സൌദിയിലെക്ക് കൊണ്ടുവന്നത്. റിയാദ് എയർപോർട്ടിലെത്തിയ ഉടൻ കുട്ടികളെ വേർപ്പെടുത്തൽ ശസ്ത്രക്രിയക്കുള്ള സാധ്യത പഠിക്കുന്നതിന് നാഷണൽ ഗാർഡിന് കീഴിലെ കിംഗ് അബ്ദുല്ല ചിൽഡ്രൻസ് സ്‌പെഷ്യലിസ്റ്റ് ആശുപത്രിയിലേക്ക് കൊണ്ടുപോയിരുന്നു.
തുടർന്ന് കഴിഞ്ഞ ദിവസം കുട്ടികളുടെ ശസ്ത്രക്രിയ പൂർത്തിയാക്കി. റോയൽ കോർട്ട് ഉപദേഷ്ടാവും കിംഗ് സൽമാൻ ഹ്യുമാനിറ്റേറിയൻ എയിഡ് ആന്റ് റിലീഫ് സെന്റർ സൂപ്പർവൈസർ ജനറലുമായ ഡോ. അബ്ദുല്ല അൽറബീഅയുടെ നേതൃത്വത്തിലുള്ള മെഡിക്കൽ സംഘമാണ് കുട്ടികൾക്ക് അതിസങ്കീർണമായ വേർപ്പെടുത്തൽ ശസ്ത്രക്രിയ നടത്തിയത്.
ഇതിന് മുമ്പ് 21 രാജ്യങ്ങളിൽ നിന്നുള്ള 116 സയാമീസ് ഇരട്ടകളെ വേർപെടുത്തൽ ശസ്ത്രക്രിയകൾക്കായി ഇതുവരെ സൗദിയിൽ എത്തിച്ചിട്ടുണ്ട്.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Pingback: വേർപ്പെടുത്തൽ ശസ്ത്രക്രിയക്ക് ശേഷം യെമനിലെ സയാമീസ് ഇരട്ടകളിലെ യുസുഫിൻ്റെ ആരോഗ്യ നിലയിൽ പോരോ