ഭീകരവാദ കുറ്റത്തിന് സൌദിയില്‍ 3 പേരെ വധശിക്ഷയ്ക്ക് വിധേയരാക്കി
റിയാദ് – തീവ്രവാദ കുറ്റത്തിന് കുറ്റക്കാരാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് സൗദിയില്‍ രണ്ട് സൗദി പൌരന്മാരെയും ഒരു യമന്‍ പൌരനെയും വധിച്ചതായി ആഭ്യന്തര മന്ത്രാലയത്തെ ഉദ്ധരിച്ച് കൊണ്ട് സൗദി പ്രസ് ഏജൻസി റിപ്പോർട്ട് ചെയ്തു.
മുഹമ്മദ് ബിൻ ഖിദിർ ബിൻ ഹാഷിം അൽ അവാമിയാണ് വധശിക്ഷയ്ക്ക് വിധേയനായ ഒരു സൌദി പൌരന്‍. “ഭീകര സെല്ലിൽ” ചേരുക, സുരക്ഷയെ തടസ്സപ്പെടുത്തുക, അരാജകത്വം പടർത്തുക, സുരക്ഷാ സേനയെ ആക്രമിക്കുക, പൊതു സ്വത്ത് നശിപ്പിക്കുക തുടങ്ങിയവയാണ് ഇയാള്‍ക്കെതിരെയുള്ള കേസുകള്‍.
അൽ-അവാമി തന്റെ വീട്ടിൽ ആയുധങ്ങളും സ്‌ഫോടക വസ്തുക്കളും സൂക്ഷിച്ചിരുന്നതായും ആർപിജികളും മൊളോടോവ് കോക്‌ടെയിലുകളും സ്‌ഫോടകവസ്തുക്കൾ നിർമ്മിക്കാനുള്ള ഉപകരണങ്ങളും കൈവശം വച്ചിരുന്നതായും റിപ്പോർട്ടുണ്ട്.
സൗദി പൗരനായ ഹുസൈൻ ബിൻ അലി അൽ ബു-അബ്ദുള്ളയാണ് വധിക്കപ്പെട്ട മറ്റൊരാള്‍. തീവ്രവാദികളോടൊപ്പം പ്രവർത്തിച്ചതിനും സുരക്ഷാ സേനയിലെ ഒരു അംഗത്തെ വെടിവച്ചു കൊന്നതിനും, രാജ്യത്തിലെ സുരക്ഷ തകർക്കാൻ ആയുധങ്ങളും വെടിക്കോപ്പുകളും സ്വീകരിച്ച് തീവ്രവാദ പ്രവർത്തനങ്ങൾക്ക് ധനസഹായം നൽകിയതിനുമാണ് ഇയാള്‍ക്കെതിരെ ശിക്ഷ നടപ്പിലാക്കിയത്.
യെമൻ പൗരനായ മുഹമ്മദ് അബ്ദുൾബസെത് അൽ മുഅല്ലമിയാണ് വധശിക്ഷയ്ക്ക് വിധേയനായ മൂന്നാമന്‍. ഇറാൻ പിന്തുണയുള്ള ഹൂത്തി മിലിഷ്യയിൽ ചെറുകയും ഭീകരപ്രവർത്തനം നടത്താൻ രാജ്യത്തേക്ക് അനധികൃതമായി പ്രവേശിക്കുകയും ചെയ്തതാണ് ഇയാള്‍ക്കെതിരെയുള്ള കുറ്റം.
ഹൂതികൾക്ക് വേണ്ടി ചാരവൃത്തി നടത്തിയതിനും അൽ മുഅല്ലമി കുറ്റക്കാരനാണെന്ന് കണ്ടെത്തിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു,
ക്രിമിനൽ കോടതി മൂന്ന് പേർക്കും വധശിക്ഷ വിധിക്കുകയും അപ്പീൽ കോടതിയും സുപ്രീം കോടതിയും ഈ വിധി അംഗീകരിക്കുകയും ചെയ്തിരുന്നു.