കേരളത്തിൽ അഞ്ച് ദിവസം കനത്ത മഴ; 5 ജില്ലകളിൽ റെഡ് അലേർട്ട്, കൺട്രോൾ റൂമുകൾ തുറന്നു

തിരുവനന്തപുരം: അറബിക്കടലിൽ പടിഞ്ഞാറൻ കാറ്റ് ശക്തി പ്രാപിക്കുന്നതിനാൽ സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസങ്ങളിൽ കനത്ത മഴ ലഭിക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മുന്നറിയിപ്പിനെ തുടർന്ന് 5 ജില്ലകളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചു. എറണാകുളം, ഇടുക്കി, തൃശൂർ, കോഴിക്കോട്, മലപ്പുറം ജില്ലകളിലാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചത്.

ഇന്നും, നാളെയും ഒറ്റപ്പെട്ട ശക്തമായതോ അതി ശക്തമായതോ ആയ മഴയ്ക്ക് സാധ്യതയെന്നും അറിയിപ്പിൽ പറയുന്നു. തെക്കൻ ആൻഡമാൻ കടലിലും നിക്കോബർ ദ്വീപ് സമൂഹങ്ങളിലും തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിലും ഇന്ന് കാലവർഷം എത്തിച്ചേരാൻ സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

അതേസമയം, മഴക്കെടുതി നേരിടാൻ സംസ്ഥാനം സജ്ജമാണെന്ന് മന്ത്രി കെ രാജന്‍ അറിയിച്ചു. ഇത് സംബന്ധിച്ച് ജില്ലാ ഭരണകൂടങ്ങളോട് നിർദേശം നൽകിയിട്ടുണ്ട്. മലയോര മേഖലകളിൽ രാത്രിയാത്രക്ക് നിരോധനമേർപ്പെടുത്തുന്നത് അതാത് ജില്ലാ കളക്ടർമാർ തീരുമാനിക്കും. മണ്ണിടിച്ചിലിന് സാധ്യതയുള്ളതിനാല്‍ അപകട സാധ്യതാ മേഖലകളില്‍ നിന്നും ആളുകളെ മാറ്റിപ്പാർപ്പിക്കാൻ നിർദ്ദേശം നൽകിയതായും കെ രാജന്‍ തൃശ്ശൂരില്‍ മാധ്യമങ്ങളോട് പറഞ്ഞു.

എറണാകുളം ജില്ലയില്‍ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറി. എറണാകുളം കെഎസ്ആര്‍ടിസി സ്റ്റാന്‍ഡ്, സൗത്ത് റെയില്‍വേ സ്റ്റേഷനു മുന്‍വശം, എംജി റോഡ്, മരട് ഭാഗങ്ങളില്‍ വെള്ളം കയറി. മരം വീണ് വൈപ്പിന്‍– മുനമ്പം സംസ്ഥാന പാതയിലെ ഗതാഗതം തടസ്സപ്പെട്ടു. കൊട്ടാരക്കര പുലമണ്‍ തോട് കരകവിഞ്ഞു. കൃഷിയിടങ്ങളിലേക്ക് വെള്ളംകയറി.

തിരുവനന്തപുരത്ത് അരുവിക്കര ഡാമിന്‍റെ രണ്ടാമത്തെയും മൂന്നാമത്തെയും ഷട്ടറുകള്‍ ഉയര്‍ത്തി. കരമന, കിള്ളിയാറുകളുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പുണ്ട്. നാളെ വരെ കേരള‍തീരത്തും ലക്ഷദ്വീപിലും മത്സ്യബന്ധനം നിരോധിച്ചു. മിന്ന‍ലോടുകൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണം. ഉച്ചയ്ക്ക് 2 മുതൽ രാത്രി 10 വരെ മിന്ന‍ൽ സാധ്യത കൂടുതലാണ്. മലയോര മേഖലയിലേക്കുള്ള രാത്രി സഞ്ചാരം ഒഴിവാക്കണം.

അടുത്ത 3 മണിക്കൂറിൽ സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിയോടുകൂടിയ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. മഴ മുന്നറിയിപ്പിനെ തുടർന്ന് വെളളപ്പൊക്ക സാധ്യതയുളള സ്ഥലങ്ങളിൽ നിന്ന് ആളുകളെ മാറ്റാൻ നിർദേശം നൽകിയിട്ടുണ്ട്. മണിക്കൂറിൽ 40 കീ.മി വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. അടുത്ത അഞ്ച് ദിവസങ്ങളിലും മഴ കനക്കുമെന്ന മുന്നറിയിപ്പുളളതിനാൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമുകൾ തുറന്നു.

ജില്ലാ- താലൂക്ക് തലങ്ങളില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമുകള്‍ പ്രവര്‍ത്തിക്കും. 1077 എന്ന ട്രോള്‍ ഫ്രീ നമ്പറില്‍ കണ്‍ട്രോള്‍ റൂമില്‍ ബന്ധപ്പെടാവുന്നതാണ്. വൈദ്യുതി സംബന്ധിച്ച പ്രശ്‌നങ്ങള്‍ 1912 എന്ന നമ്പറില്‍ അറിയിക്കാം. നഗരത്തിലെ വെളളക്കെട്ട് നിരീക്ഷിക്കുന്നതിനായി എറണാകുളത്ത് പ്രത്യേക കണ്‍ട്രോള്‍ റൂം തുറന്നിട്ടുണ്ട്. തദ്ദേശ സ്വയംഭരണ വകുപ്പിന്‍റെ നേതൃത്വത്തിലും പ്രത്യേക കണ്ട്രോൾ റൂം സജ്ജമാക്കും.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share
error: Content is protected !!