തേഞ്ഞിപ്പലത്ത് വീണ്ടും വാഹനപകടം; പാണമ്പ്രയിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ് പത്തോളം പേർക്ക് പരിക്ക്
തേഞ്ഞിപ്പലം: വാഹനപകടങ്ങൾ തുടർകഥ പോലെ നടക്കാറുള്ള ദേശീയപാതിയിലെ ചേളാരി പാണമ്പ്രയിൽ വീണ്ടും അപകടം. ടൂറിസ്റ്റ് ബസ് ഡിവൈഡറിൽ കയറി നിയന്ത്രണം വിട്ടു മറിഞ്ഞാണ് ഇന്ന് അപകടമുണ്ടായത്. അപകടത്തിൽ പത്തോളം പേർക്ക് പരുക്കേറ്റു.
കിളിമാനൂർ എൻജിനീയറിങ് കോളേജിൽ നിന്നും വയനാട്ടിലേക്ക് വിനോദയാത്ര പോവുന്ന സംഘം സഞ്ചരിച്ച ബസ് ആണ് അപകടത്തിൽ പെട്ട് മറിഞ്ഞത്. ശനിയാഴ്ച പുലർച്ചെ നാല് മണിയോടെയാണ് അപകടം.പരിക്കേറ്റവരെ ചേളാരിയിലെ സ്വകാര്യ ആശുപത്രിയിലും ചിലരെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിയും ചികിൽസ തേടി. ആരുടേയും പരുക്ക് ഗുരുതരമല്ലെന്നാണ് റിപ്പോർട്ട്.
സ്ഥിരം അപകമുണ്ടാകുന്ന മേഖലയാണിത്. 1990 ൽ കല്യാണ പാർട്ടി സഞ്ചരിച്ചിരുന്ന ബസ് ഇവിടെ കൊക്കയിലേക്ക് മറിഞ്ഞ് നിരവധി പേർക്ക് പരുക്കേൽക്കുകയും മരിക്കുകയും ചെയ്തിരുന്നു. അതിന് ശേഷം ഇവിടെയുള്ള അപകടകരമായ വളവ് നിവർത്തി അപകട സാധ്യത കുറച്ചിരുന്നു. എന്നാൽ അതിന് ശേഷവും ഒരു ശാപം പോലെ അപകടങ്ങൾ തുടർകഥയാകുകയാണ് ഇവിടെ.
അപകടകരമായ പാണമ്പ്ര വളവിൻ്റെ പുനരുദ്ധാരണത്തിന് ശേഷം കൂടുതൽ അപകടങ്ങളും സംഭവിക്കുന്നത് വാഹനങ്ങൾ റോഡിലെ ഡിവൈഡറിൽ കയറിയാണെന്ന് നാട്ടുകാർ പറയുന്നു. സിനിമ നടൻ ജഗതി ശ്രീകുമാർ വർഷങ്ങൾക്ക് മുന്നെ അപകടത്തിൽ പെട്ടതും ഇതേ സ്ഥലത്ത് കാർ ഡിവൈഡറിൽ കയറിയാണ്.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക