വിദ്യാർഥിനികളുടെ പീഡന പരാതി; അധ്യാപകനായ സിപിഐഎം നേതാവ് ശശികുമാർ പൊലീസ് കസ്റ്റഡിയിൽ

മലപ്പുറം: 30 വർഷത്തോളം വിദ്യാർഥിനികളെ പീഡപ്പിച്ചെന്ന പരാതിയിൽ  സിപിഐഎം പ്രാദേശിക നേതാവും നഗരസഭാംഗവുമായ മുൻ അധ്യാപകൻ കെ വി ശശികുമാറിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. ശശി കുമാറിനെതിരെ അൻപതിലധികം പീഡന പരാതികളാണ് വിദ്യാർത്ഥികൾ ഉന്നയിച്ചത്. എവിടെ നിന്നുമാണ് ഇയാൾ കസ്റ്റഡിയിലായതെന്ന വിവരം പൊലീസ് പുറത്തുവിട്ടിട്ടില്ല. ശശികുമാറിനെ പൊലീസ് ചോദ്യം ചെയ്തു വരികയാണ്. ഇയാളെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് വിവിധ സംഘടനകൾ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു.  സ്കൂളിലെ പൂര്‍വ വിദ്യാര്‍ഥിനികള്‍ പരാതി നല്‍കിയതോടെ ശശികുമാര്‍ ഒളിവില്‍ പോവുകയായിരുന്നു.

മലപ്പുറം നഗരസഭയിലെ സി.പി.എം കൗൺസിലറായിരുന്നു ശശികുമാര്‍. സാമൂഹ മാധ്യമങ്ങളിലൂടെ മീ ടൂ പരാതി ഉയര്‍ന്നതോടെ കൗൺസിലര്‍ സ്ഥാനം രാജിവെച്ചു. പീഡന പരാതിയെ തുടര്‍ന്ന് സി.പി.എം പ്രാഥമിക അംഗത്വത്തില്‍ നിന്ന് നീക്കി. മലപ്പുറം സെൻ്റ് ജമാസ് സ്കൂളിലെ അധ്യാപകനായിരുന്ന കെ വി ശശികുമാർ കഴിഞ്ഞ മാർച്ചിലാണ് വിരമിച്ചത്. ഇതിന്റെ ഭാഗമായി സമൂഹമാധ്യമത്തിൽ ശശികുമാർ പങ്കുവെച്ച പോസ്റ്റിന്റെ തുടർച്ചയായാണ് സ്‌കൂളിലെ പൂർവ്വ വിദ്യാർത്ഥിനി മീ ടു ആരോപണം ഉന്നയിച്ചത്. തുടർന്ന് മൂന്നു പതിറ്റാണ്ടിനിടെ ഒട്ടേറെ വിദ്യാർഥികളെ അധ്യാപകൻ കെ വി ശശി കുമാർ പീഡനത്തിന് ഇരയാക്കിയെന്ന പരാതികളുമായി വിദ്യാർഥികൾ രംഗത്ത് എത്തി. മലപ്പുറം വനിതാ പൊലീസ് സ്റ്റേഷനിലെത്തിയാണ് വിദ്യാർത്ഥിനികൾ പരാതി നൽകിയത്. പതിറ്റാണ്ടുകളായി പരാതി അറിയിച്ചിട്ടും മാനേജ്മെൻ്റ് ഒന്നും ചെയ്തില്ലെന്ന ആക്ഷേപവുമായി പൂർവ വിദ്യാർഥി കൂട്ടായ്മയും രംഗത്തെത്തിയിരുന്നു.  പൊലീസ് കേസെടുത്തതോടെ ശശികുമാർ ഒളിവിൽ പോയി. പല തവണ പരാതി നൽകിയിട്ടും സ്കൂള്‍ അധികൃതര്‍ നടപടിയെടുത്തില്ലെന്ന് പൂർവ വിദ്യാർഥി കൂട്ടായ്മ ആരോപിച്ചു.

സംഭവത്തിൽ സ്കൂൾ മാനേജ്മെന്റ് വീഴ്ച വരുത്തിയിട്ടുണ്ടോ എന്ന കാര്യം അന്വേഷിക്കാൻ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പൊതുവിദ്യാഭ്യാസ ഡയറക്ടർ ജീവൻ ബാബു കെ ഐ.എ.എസിനെ ചുമതലപ്പെടുത്തി. എത്രയും പെട്ടെന്ന് അന്വേഷണം നടത്തി റിപ്പോർട്ട് നൽകാനാണ് നിർദേശം.

തുടർച്ചയായി മൂന്ന് തവണ സിപിഐഎം അംഗമായി മലപ്പുറം നഗരസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ശശികുമാർ 11ാം വാർഡ് മൂന്നാംപടിയിൽ നിന്നുളള നഗരസഭാംഗമായിരുന്നു. പീഡന പരാതികൾ ഉയർന്നതോടെ പാർട്ടി നിർദേശ പ്രകാരം നഗരസഭാഗത്വം രാജിവച്ചു. സിപിഐഎമ്മിന്റെ ബ്രാഞ്ച് കമ്മിറ്റിയിൽ നിന്ന് ശശികുമാറിനെ സസ്പെൻഡ് ചെയ്തു.

 

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share
error: Content is protected !!