മക്കളെക്കൊന്ന് യുവതി ജീവനൊടുക്കിയ സംഭവം: ഭര്‍ത്താവായ പോലീസ് ഓഫീസര്‍ അറസ്റ്റില്‍

ആലപ്പുഴയിൽ എ.ആര്‍. ക്യാമ്പിനടുത്തുള്ള ക്വാര്‍ട്ടേഴ്‌സില്‍ യുവതിയേയും രണ്ടുമക്കളെയും മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഭര്‍ത്താവായ പോലീസ് ഓഫീസര്‍ അറസ്റ്റില്‍. ആലപ്പുഴ മെഡിക്കല്‍ കോളേജ് പോലീസ് എയ്ഡ് പോസ്റ്റില്‍ ജോലിചെയ്യുന്ന, അമ്പലപ്പുഴ സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ റെനീസാണ് അറസ്റ്റിലായത്‌. ആത്മഹത്യാ പ്രേരണാകുറ്റവും സ്ത്രീധനപീഡന വകുപ്പും ചേര്‍ത്താണ് കേസെടുത്തിരിക്കുന്നത്.

കഴിഞ്ഞ ദിവസമാണ് റെനീസിന്‍റെ ഭാര്യ നെജ്‍ല (27) മക്കളായ ടിപ്പു സുൽത്താൻ (5), മലാല (ഒന്നര) എന്നിവരെ മരിച്ചനിലയില്‍ കണ്ടെത്തിയത്. ബുധനാഴ്ച വൈകിട്ട് പോസ്റ്റുമോർട്ടത്തിനു ശേഷം ഇവരുടെ മൃതദേഹം കബറടക്കി.

ആദ്യം അസ്വാഭാവിക മരണത്തിനായിരുന്നു പോലീസ് കേസെടുത്തിരുന്നത്. എന്നാൽ മരണപ്പെട്ട നെജ്‌ലയുടെ കുടുംബം നൽകിയ പരാതിയുടെയും മൊഴിയുടെയും അടിസ്ഥാനത്തിൽ റെനീസിനെതിരെ ആത്മഹത്യാ പ്രേരണാകുറ്റവും സ്ത്രീപീഡന കുറ്റവും ചുമത്തി കേസെടുത്തു. ഇതിനെ തുർന്നാണ് അറസ്റ്റ്.  റെനീസ് നെജ്‍ലയെ ശാരീരികമായി ഉപദ്രവിക്കാറുണ്ടായിരുന്നെന്നാണ് അയൽക്കാരും ബന്ധുക്കളും പറയുന്നു. ഇതുമായി ബന്ധപ്പെട്ട് പൊലീസിൽ നേരത്തെ കേസ് കൊടുത്തിരുന്നുവെങ്കിലും പിന്നീട് ഒത്തുതീർപ്പാക്കി. റെനീസിന് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടെന്നും ആരോപണമുണ്ട്.

തൂങ്ങിയ നിലയിലായിരുന്നു നെജ്‌ലയുടെ മൃതദേഹം കണ്ടെത്തിയത്. ടിപ്പുവിനെ കഴുത്തിൽ ഷാൾ മുറുക്കിയും മലാലയെ ബക്കറ്റിൽ മുക്കിയും കൊലപ്പെടുത്തിയെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ജോലിയിലായിരുന്ന റെനീസ് രാവിലെ വീട്ടിലേക്കു വിളിച്ചപ്പോൾ പ്രതികരണമുണ്ടായില്ല. അയൽവീട്ടിൽ അറിയിച്ചെങ്കിലും അവർ വിളിച്ചിട്ടും പ്രതികരണമില്ലായിരുന്നു. തുടർന്ന് റെനീസ് വീട്ടിലെത്തിയ ശേഷം അഗ്നിരക്ഷാസേന വാതിൽ പൊളിച്ച് അകത്ത് കയറിയപ്പോഴാണു മൂവരെയും മരിച്ചനിലയിൽ കണ്ടെത്തിയത്.

8 വർഷം മുൻപായിരുന്നു ഇവരുടെ വിവാഹം. 4 വർഷമായി പൊലീസ് ക്വാർ‍ട്ടേഴ്സിലാണ് താമസം. റെനീസും നജ്‌ലയും തമ്മിൽ പലപ്പോഴും വഴക്കുണ്ടായിരുന്നതായി അയൽക്കാർ പറഞ്ഞു. നെജ്‌ലയെ റെനീസ് പതിവായി ഉപദ്രവിച്ചിരുന്നെന്നും മരിക്കുന്നതിൻ്റെ തലേ ദിവസവും ഇവർ തമ്മിൽ വഴക്കുണ്ടായതായി അയൽക്കാർ തന്നോട് പറഞ്ഞെന്നും നെജ്‌ലയുടെ സഹോദരി നെഫ്‌ല പറഞ്ഞു.

‘വഴക്ക് പതിവായിരുന്നു. പലതവണ ബന്ധം ഉപേക്ഷിച്ച് വരാൻ പറഞ്ഞെങ്കിലും വിസമ്മതിച്ചു. ബന്ധം ഉപേക്ഷിച്ചാൽ അമ്മയെയും സഹോദരിയെയും ഉപദ്രവിക്കുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നു. 8 വർഷം മുൻപായിരുന്നു വിവാഹം. വിവാഹത്തിനു കുറച്ചു നാളുകൾക്കു ശേഷം സാമ്പത്തിക പ്രശ്നങ്ങൾ പറഞ്ഞ് വഴക്ക് തുടങ്ങി. രണ്ടാം തവണ നെജ്‌ല ഗർഭിണിയായപ്പോഴാണ് റെനീസിന് മറ്റൊരു ബന്ധമുണ്ടെന്ന് അറിയുന്നത്.

രണ്ടാം കുഞ്ഞ് ജനിച്ചു ദിവസങ്ങൾക്കു ശേഷം ശാരീരികമായി ഉപദ്രവിച്ചു. അന്നു കേസ് കൊടുത്തെങ്കിലും ഒത്തുതീർപ്പാക്കി. എന്നാൽ, പിന്നീടും ഉപദ്രവം തുടർന്നു. ഫോൺ വിളിക്കാൻ അനുവദിക്കില്ലായിരുന്നു. റെനീസ് ഉണ്ടെങ്കിൽ ഫോൺ വിളിച്ചാലും എടുക്കില്ല. ഇത്തരത്തിൽ മാനസികമായി പീഡിപ്പിച്ചിരുന്നു. ഇന്നലെ ഇവരുടെ ഫ്ലാറ്റിൽ ഒരു സ്ത്രീ വന്നിരുന്നെന്നു അടുത്ത ബ്ലോക്കിൽ താമസിക്കുന്നവർ പറഞ്ഞു. നിയമപരമായി മുന്നോട്ട് പോകും’– സഹോദരി പറഞ്ഞു.

കൊല്ലം കേരളപുരം നെഫ്‌ല മൻസിലിൽ പരേതനായ ഷാജഹാന്റെയും ലൈല ബീവിയുടെയും മകളാണ് നെജ്‌ല.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share
error: Content is protected !!